വിജയ് അല്ല ജോസഫ് വിജയ്, ചാണകം അല്ല തലച്ചോറ് ; പരിഹാസവുമായി സംവിധായകന്‍ ആഷിക് അബു

ashique abu

കൊച്ചി : മെര്‍സല്‍ വിവാദത്തില്‍ വര്‍ഗീയത കലര്‍ത്തുന്ന ബി.ജെ.പി. നേതാക്കളുടെ ആക്രമണത്തെ പരിഹസിച്ച് സംവിധായകന്‍ ആഷിക് അബു.

നായകന്‍ വിജയ് യുടെ മതം സൂചിപ്പിച്ചുകൊണ്ടുള്ള ബി.ജെ.പി.യുടെ വിമര്‍ശനത്തിനെതിരെയാണ് ആഷിക് രംഗത്തുവന്നത്.

ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

‘കമല്‍, അല്ല കമാലുദ്ധീന്‍
വിജയ്, അല്ല ജോസഫ് വിജയ്
ചാണകം, അല്ല തലച്ചോറ്’

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

ജോസഫ് വിജയ് എന്ന പേര് ഉപയോഗിച്ചാണ് ബി.ജെ.പി. ദേശീയ സെക്രട്ടറിയും തമിഴ്‌നാട് സ്വദേശിയുമായ എച്ച്.രാജ ട്വീറ്റ് ചെയ്തത്.

മോദി സര്‍ക്കാരിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതിനു പിന്നില്‍ വിജയുടെ മതവിശ്വാസത്തിനും പങ്കുണ്ടെന്ന് രാജ പ്രതികരിച്ചു.

ക്ഷേത്രങ്ങള്‍ക്കു പകരം ആശുപത്രികള്‍ നിര്‍മിക്കണമെന്ന സിനിമയിലെ സംഭാഷണം പള്ളികളെ കുറിച്ച് അദ്ദേഹം പറയുമോ എന്നും രാജ ചോദിച്ചു. ചിത്രത്തിന്റെ നിര്‍മാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരികയാന്നെന്നും രാജ ട്വീറ്റില്‍ പറഞ്ഞു.

ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് തമിഴ്‌നാട് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

Top