സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം വൈറസ് ഇന്ന് തിയറ്ററുകളിലേയ്ക്ക്

കാത്തിരിപ്പിനൊടുവില്‍ നിപ വൈറസ് കാലത്തിന്റെ അതിജീവന കഥ പറയുന്ന ആഷിഖ് അബു ചിത്രം വൈറസ് ഇന്ന് തിയറ്റുകളിലേയ്ക്ക്. കേരളത്തില്‍ മാത്രം 158 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. യുഎഇയിലും ജിസിസിയിലും വ്യാപകമായ റിലീസുണ്ട് ചിത്രത്തിന്.യുഎഇയില്‍ 43 സ്‌ക്രീനുകളിലും ജിസിസിയില്‍ 30 സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസിങ് മാറ്റി വെയ്ക്കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. വൈറസ് ഒരു സര്‍വൈവല്‍ ത്രില്ലറാണെന്നും ഒരിക്കല്‍ നമ്മള്‍ അതിജീവിച്ചെന്നും ഇനിയും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്നും ചിത്രം ജൂണ്‍ ഏഴ് മുതല്‍ തീയേറ്ററുകളില്‍ ഉണ്ടാകുമെന്നും ആഷിക് അബു പ്രതികരിച്ചിരുന്നു.

ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് റിമയാണ്. നിപ ബാധ ചികിത്സക്കിടെ മരിച്ച നഴ്സ് ലിനിയായിട്ടാണ് റിമ വേഷമിടുന്നത്. രേവതി, ആസിഫ് അലി, ടൊവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായ വൈറസിന്റെ കഥയൊരുക്കിയിരിക്കുന്നത്് മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷററഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ സംഗീതം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top