ashiq abu against sfi

കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന ആക്രമണത്തില്‍ എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് മുന്‍ എസ്എഫ്‌ഐ നേതാവ് രംഗത്ത്. പ്രമുഖ സിനിമ സംവിധായകനും എറണാകുളം മഹാരാജാസ് മുന്‍ചെയര്‍മാനുമായ ആഷിഖ് അബുവാണ് തന്റെ പഴയ സംഘടനക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് സംഘി ആക്രമണമാണെന്ന് ആഷിഖ് കുറ്റപ്പെടുത്തി. എസ്എഫ്‌ഐയുടെ രണ്ട് രൂപാ മെമ്പര്‍ ആണെങ്കില്‍ പോലും അയാളെ ഇനി എസ്എഫ്‌ഐയുടെ കൊടി പിടിപ്പിക്കരുതെന്നും ആഷിഖ് അഭിപ്രായപ്പെട്ടു. താന്‍ ഇരകള്‍ക്കൊപ്പമാണെന്നും ആഷിഖ് പറഞ്ഞു.

ഔട്ട് സൈഡര്‍ ആയി കാംപസില്‍ വരുന്ന മറ്റ് വിദ്യാര്‍ത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാര്‍ഷ്ട്യം നിറഞ്ഞ മുന്‍വിധിയോടെ മുദ്രകുത്തി കൂട്ടംചേര്‍ന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാംപസുകളില്‍ പതിവാണെന്ന് ആഷിഖ് അബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. പൊലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ച് നടപടി എടുക്കണമെന്നും ആഷിഖ് ആവശ്യപ്പെട്ടു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റ് കോളേജില്‍ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ യുവാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നായിരുന്നു ആരോപണം. സംഭവത്തില്‍ 13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ഔട്ട് സൈഡര്‍ ‘ ആയി ക്യാമ്പസില്‍ വരുന്ന മറ്റുവിദ്യാര്‍ത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാര്‍ഷ്ട്യം നിറഞ്ഞ മുന്‍വിധിയോടെ മുദ്രകുത്തി കൂട്ടംചേര്‍ന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളില്‍ പതിവാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് സംഘി ആക്രമണമാണ്. എസ് എഫ് ഐയുടെ രണ്ട് രൂപ മെംബര്‍ ആണെങ്കില്‍പോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്. പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം . ഇരകള്‍ക്കൊപ്പം

Top