ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ആവേശകരമായ സമനില

ലോഡ്‌സ്: ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ആവേശകരമായ സമനില. രണ്ടാം ഇന്നിംഗ്‌സില്‍ 267 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 47.3 ഓവറില്‍ ആറിന് 154 എന്ന നിലയില്‍ അവസാനിച്ചു. സ്‌കോര്‍: ഇംഗ്ലണ്ട് 258, അഞ്ചിന് 258 ഡിക്ലയേര്‍ഡ്. ഓസ്‌ട്രേലിയ 250, ആറിന് 154. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സാണ് കളിയിലെ താരം.

ഓസ്‌ട്രേലിയയ്‌ക്കെതിരേ എട്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഇംഗ്ലണ്ട് അഞ്ചിന് 258 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തകര്‍പ്പന്‍ സെഞ്ചുറിയോടെ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ നയിച്ചത്. സ്റ്റോക്‌സ് പുറത്താകാതെ 115 റണ്‍സ് നേടി. ജോസ് ബട്ലര്‍ (31) എന്നിവരുടെ മികവില്‍ ഇംഗ്ലണ്ട് പിടിച്ചുകയറി. ബട്ലര്‍ക്കു പിന്നാലെയെത്തിയ ജോണി ബെയര്‍‌സ്റ്റോയും (പുറത്താകാതെ 30 ) സ്റ്റോക്‌സിനു പിന്തുണയേകി.

രണ്ടാം ഇന്നിംഗ്‌സില്‍ ക്രീസിലെത്തിയ ഓസീസിന് തുടക്കം തന്നെ തകര്‍ച്ച നേരിട്ടു. ഡേവിഡ് വാര്‍ണര്‍ (5), ഉസ്മാന്‍ ഖവാജ (2) എന്നിവരെ ജോഫ്ര ആര്‍ച്ചര്‍ മടക്കി. ഓസ്‌ട്രേലിയയ്ക്ക് 14 ഓവറില്‍ 47 റണ്‍സ് നേടിയപ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീടു മാര്‍ന്നസ് ലബുഷെയ്ന്‍ (59), ട്രാവിസ് ഹെഡ് (42 നോട്ടൗട്ട്) എന്നിവരുടെ കൂട്ടുകെട്ടാണ് ഓസീസിനെ പിടിച്ചുനിര്‍ത്തിയത്.

എന്നാല്‍ ലബുഷെയ്ന്‍, മാത്യു വെയ്ഡ് (1), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (4) എന്നിവര്‍ കൂടി മടങ്ങിയതോടെ 41 ഓവറില്‍ ആറിന് 149 റണ്‍സെന്ന നിലയിലെത്തി ഓസീസ്. ഇതോടെ ഇംഗ്ലണ്ട് ആവേശത്തിലായി. എന്നാല്‍ തുടര്‍ന്നുള്ള ഓവറുകള്‍ പ്രതിരോധിച്ച് ഓസീസ് മത്സരം സമനിലയിലാക്കി. ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീഷ് എന്നിവര്‍ ഇംഗ്ലണ്ടിനായി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

Top