ആഷസ്; മാഞ്ചസ്റ്റർ ടെസ്റ്റ് അവസാന ദിവസത്തിലേക്ക്; ഇംഗ്ലണ്ടിനും ജയത്തിനുമിടയില്‍ വില്ലനായി മഴ

മാഞ്ചസ്റ്റര്‍: ആഷസ് പരമ്പരയിലെ മാഞ്ചസ്റ്റർ ടെസ്റ്റിൽ സമനിലക്കായി ഓസ്ട്രേലിയ പൊരുതുന്നു. ആദ്യ ഇന്നിംഗ്സിൽ 275 റൺസ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റിന് 214 റൺസ് എന്ന നിലയിലാണ് നാലാം ദിനം ക്രീസ് വിട്ടത്. അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ഇപ്പോഴും 61 റൺസ് പിന്നിലാണ് ഓസീസ്. 31 റണ്‍സോടെ മിച്ചല്‍ മാര്‍ഷും മൂന്ന് റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രീസിലുള്ളത്. അലക്സ് ക്യാരി മാത്രമാണ് അംഗീകൃത ബാറ്ററായി ഇനി ഓസീസ് നിരയില്‍ ഇറങ്ങാനുള്ളത്.

അവസാന ദിനസം സമനില നേടിയാല്‍ നിലവിലെ ജേതാക്കളെന്ന നിലയില്‍ ഓസ്ട്രേലിയക്ക് ആഷസ് കിരീടം നിലനിര്‍ത്താം. എന്നാല്‍ വിജയത്തിനായി പന്തെറിയുന്ന ഇംഗ്ലണ്ടിന് മുന്നില്‍ മഴയാണ് വില്ലനാവുന്നത്. മഴ പലവട്ടം തടസപ്പെടുത്തിയ നാലാം ദിനം 30 ഓവർ മാത്രമാണ് കളി നടന്നത്. നാല് വിക്കറ്റിന് 113 റൺസ് എന്ന നിലയിലാണ് ഓസീസ് ബാറ്റിംഗ് പുനരാരംഭിച്ചത്.

അഞ്ചാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷും മാര്‍നസ് ലാബുഷെയ്നും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഓസീസിന് പിടിച്ചു നില്‍ക്കാമെന്ന പ്രതീക്ഷയായി. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ലാബുഷെയ്ന്‍ ജോ റൂട്ടിന് മുന്നില്‍ വീണതോടെയാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്. 111 റൺസെടുത്താണ് ലാബുഷെയ്ന്‍ പുറത്തായത്.

പേസര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും ഫലം കാണാതായതോടെയാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ജോ റൂട്ടിനെ പന്തേല്‍പ്പിച്ചത്. ലാബുഷെയ്നിനെ മടക്കി റൂട്ട് ക്യാപ്റ്റന്‍റെ വിശ്വാസം കാത്തു. മാഞ്ചസ്റ്ററില്‍ അവസാന ദിവസമായ ഇന്നും മഴ പെയ്യുമെന്നാണ് പ്രവചനം. മഴയിലാണ് ഓസ്ട്രേലിയയും പ്രതീക്ഷ വെക്കുന്നത്. ഇന്ന് 60 ഓവറെങ്കിലും കളി നടന്നാല്‍ മാത്രമെ ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷയുള്ളു.

ഓസ്ട്രേലിയയെ എത്രയും വേഗം പുറത്താക്കി ലക്ഷ്യം നേടാനാവും അവസാന ദിനം ഇംഗ്ലണ്ട് ശ്രമിക്കുക. പക്ഷെ അതിന് മഴ ദൈവങ്ങള്‍ കനിയണമെന്ന് മാത്രം. ഇന്ന് ജയിച്ചാല്‍ മാഞ്ചസ്റ്ററില്‍ ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തശേഷം ടെസ്റ്റ് ജയിക്കുന്ന ആദ്യ നായകനാവാനും സ്റ്റോക്സിനാവും.

Top