ആഷസ്: ഗാബയിൽ ഓസീസിന് തകർപ്പൻ വിജയം

ബ്രിസ്‌ബെയ്ന്‍: ഗാബയില്‍ തങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിച്ച് ഓസ്‌ട്രേലിയ. ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനാണ് ഓസീസ് തകര്‍ത്തുവിട്ടത്. രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണ്‍ ടെസ്റ്റില്‍ ഓസീസിനായി 400 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറെന്ന നേട്ടവും സ്വന്തമാക്കി. ഇതോടെ പരമ്പരയില്‍ ഓസീസ് 1-0 ന് മുന്നിലെത്തി.

സ്‌കോര്‍: ഇംഗ്ലണ്ട് 147, 297, ഓസ്‌ട്രേലിയ: 425, 20/1

രണ്ടാം ഇന്നിങ്‌സില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 20 റണ്‍സ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് മറികടക്കുകയായിരുന്നു. മാര്‍ക്കസ് ഹാരിസ് (9), മാര്‍നസ് ലബുഷെയ്ന്‍ (0) എന്നിവര്‍ പുറത്താകാതെ നിന്നു. അലക്‌സ് കാരിയുടെ(9) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയില്‍ നാലാം ദിനം കളിയാരംഭിച്ച ഇംഗ്ലണ്ടിന് 77 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. മൂന്നാം ദിനം ഓസീസ് ബൗളിങ് ആക്രമണത്തെ പ്രതിരോധിച്ച ഡേവിഡ് മലാന്‍ – ക്യാപ്റ്റന്‍ ജോ റൂട്ട് കൂട്ടുകെട്ട് പൊളിച്ച് നഥാന്‍ ലിയോണാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

195 പന്തുകള്‍ നേരിട്ട് 82 റണ്‍സെടുത്താണ് മലാന്‍ മടങ്ങിയത്. പിന്നാലെ 165 പന്തില്‍ നിന്ന് 89 റണ്‍സെടുത്ത റൂട്ടിനെ കാമറൂണ്‍ ഗ്രീന്‍ മടക്കി. മൂന്നാം വിക്കറ്റില്‍ 162 റണ്‍സ് ചേര്‍ത്ത ഈ സഖ്യത്തിന് മാത്രമാണ് ഓസീസ് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്.

ബെന്‍ സ്റ്റോക്ക്‌സ് (14), ഒലി പോപ്പ് (4), ജോസ് ബട്ട്‌ലര്‍ (23), ക്രിസ് വോക്‌സ് (16) എന്നിവരെല്ലാം തന്നെ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ മടങ്ങി.

റോബിന്‍സണ്‍ (8), മാര്‍ക്ക് വുഡ് (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഒന്നാം ഇന്നിങ്‌സില്‍ വെറും 147 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിനെതിരേ ഓസീസ് 425 റണ്‍സെടുത്ത് 278 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു.

Top