വേറിട്ട വേഷപ്പകര്‍ച്ചയില്‍ ആശ ശരത്ത്; ‘പീസ്’ ക്യാരക്റ്റര്‍ ടീസര്‍

തിരശ്ശീലയില്‍ ആശ ശരത്ത് അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ ഏറെയും ഗൌരവ സ്വഭാവമുള്ളവരാണ്. ദൃശ്യം അടക്കം ഒട്ടേറെ ചിത്രങ്ങളില്‍ പൊലീസ് കഥാപാത്രങ്ങളായും അവര്‍ എത്തി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ അതില്‍ നിന്നൊക്കെ വേറിട്ട ഭാവപ്രകടനത്തോടെയുള്ള ഒരു ആശ ശരത്ത് കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന പീസ് (Peace) എന്ന ചിത്രത്തില്‍ ആശ ശരത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര് ജലജ എന്നാണ്. സ്വന്തം അഭിപ്രായങ്ങളുള്ള, ജീവിതം ആഘോഷിക്കുന്ന കഥാപാത്രമാണിത്. ആശ ശരത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്റ്റര്‍ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.

ജോജു ജോര്‍ജ് നായകനാവുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മലയാളത്തിനു പുറമെ തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലുമായി ഓഗസ്റ്റ് 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് സിനിമ ചിത്രീകരണം പൂർത്തീകരിച്ചത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്.

Top