ഇന്ത്യ-ആസിയാന്‍ ഉച്ചകോടിക്ക്‌ തുടക്കമായി; ചൈനയെ തളയ്ക്കാന്‍ കച്ചകെട്ടി നരേന്ദ്ര മോദി

modi-asean

ന്യൂഡല്‍ഹി: ഇന്ത്യ-ആസിയാന്‍ ദ്വിദിന ഉച്ചകോടിക്ക്‌ ഡല്‍ഹിയില്‍ തുടക്കമായി. ഇന്ത്യയും ദക്ഷിണ-പൂര്‍വേഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്, ‘പങ്കിടുന്ന മൂല്യങ്ങള്‍, പൊതു ഭാഗധേയം’ എന്ന വിഷയത്തിലാണ് ഉച്ചകോടി. റിപ്പബ്ലിക് ദിനത്തിന്റെയും ആസിയാന്‍ ഉച്ചകോടിയുടെയും പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനം കനത്ത സുരക്ഷയിലാണ്.

പത്തു ആസിയാന്‍ രാജ്യത്തലവന്മാരായും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തും. ഏഷ്യാ-പസഫിക് മേഖലയിലെ ചൈനീസ് ഭീഷണിയും ഭീകരവാദവുമാണു ചര്‍ച്ചയില്‍ മുഖ്യവിഷയമാകുക. അതിര്‍ത്തിയില്‍ അനധികൃതമായി ചൈന നടത്തുന്ന റോഡുനിര്‍മാണത്തെക്കുറിച്ചും ഇന്ത്യ ഉന്നയിക്കും. മേഖലയിലെ വ്യാപാരബന്ധം ശക്തമാക്കാനുള്ള നടപടികളും ചര്‍ച്ചയാകും. റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥികളായി ആസിയാന്‍ രാജ്യത്തലവന്മാരെ മോദി നേരിട്ടു ക്ഷണിക്കുകയും ചെയ്യും. വിയറ്റ്‌നാം പ്രധാനമന്ത്രി ന്യൂയന്‍ യുവാന്‍ ഫൂക്, ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യുറ്റെര്‍റ്റ്, മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സലര്‍ ഓങ് സാന്‍ സൂചി തുടങ്ങിയവരുമായി ചര്‍ച്ച പൂര്‍ത്തിയാക്കി.

തായ്‌ലന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഒ ചാ, സിംഗപ്പുര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗ്, ബ്രൂണയ് സുല്‍ത്താന്‍ ഹസ്സനാല്‍ ബോല്‍കിയ മുയ്‌സുദിന്‍ എന്നിവരുമായും ഇന്നു ചര്‍ച്ച നടത്തും. വെള്ളിയാഴ്ച ഇന്തൊനീഷ്യ പ്രസിഡന്റ് ജോക്കോ വിദോദോ, ലാവോസ് പ്രധാനമന്ത്രി തോംഗ്ലൗന്‍ സിസൊലിത്, മലേഷ്യയുടെ പ്രധാനമന്ത്രി നജീബ് റസാഖ് എന്നിവരുമായാണു ചര്‍ച്ച. കംബോഡിയ പ്രധാനമന്ത്രി ഹുന്‍ സെന്നും എത്തിയിട്ടുണ്ട്.

രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാഷ്ട്രനേതാക്കള്‍ക്ക് ഉച്ചവിരുന്നു നല്‍കും. ആസിയാന്‍ രാഷ്ട്രങ്ങളില്‍ ചൈനയുടെ വര്‍ധിക്കുന്ന സ്വാധീനം ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണു 10 രാഷ്ട്രത്തലവന്‍മാരെ ഇന്ത്യ ഒരുമിച്ചു ക്ഷണിച്ചത്. പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം, ഭീകരവാദത്തിനെതിരായ നിലപാട്, സമുദ്രസുരക്ഷ, യാത്രാസൗകര്യം മെച്ചപ്പെടുത്തല്‍ എന്നീ മേഖലകളിലും സഹകരണം ലക്ഷ്യമിടുന്നു.

Top