ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്ത് റിയാദില്‍ ചേര്‍ന്ന ആസിയാന്‍;ജിസിസി ഉച്ചകോടി

റിയാദ്: ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്ത് റിയാദില്‍ ചേര്‍ന്ന ആസിയാന്‍-ജിസിസി ഉച്ചകോടി. ഗാസയിലേക്ക് സഹായങ്ങളും ദുരിതാശ്വാസ സേവനങ്ങളും എത്തിക്കുന്നതിന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. യുദ്ധ മേഖലയിലെ സാധാരണക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ പാലിക്കണം. സ്ത്രീകളും കുട്ടികളും രോഗികളും പ്രായമായവരും ഉള്‍പ്പെടുന്ന ബന്ദികളെ നിരുപാധികം മോചിപ്പിക്കണം. സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണാന്‍ എല്ലാ കക്ഷികളോടും ഉച്ചക്കോടിയില്‍ പങ്കെടുത്ത നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം, വിവിധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാനും ആസിയാന്‍-ജിസിസി രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. ഇതുപ്രകാരം സാമ്പത്തികം, പ്രതിരോധം, സുരക്ഷ, നിക്ഷേപം, സാംസ്‌കാരിക വിനിമയം തുടങ്ങിയ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കും.

പലസ്തീന്‍ പ്രശ്നത്തിന് നീതിയുക്തമായ പരിഹാരം കാണാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഗാസയില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് സല്‍മാന്‍ രാജാവ് കൂട്ടിച്ചേര്‍ത്തു.

 

 

Top