ചങ്കിനകത്ത് ‘മിഷന്‍ ശക്തി’, നെഞ്ചുവിരിച്ച് ‘എഡിടിസി റഡാര്‍’;പരേഡില്‍ മീശപിരിച്ച് ഇന്ത്യ

രാജ്പഥില്‍ ഇന്ത്യ 71ാം റിപബ്ലിക് ദിനാഘോഷങ്ങള്‍ നടക്കുമ്പോള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് രണ്ട് സുപ്രധാന പ്രതിരോധ നേട്ടങ്ങള്‍. മിഷന്‍ ശക്തിയില്‍ നിന്നും ആന്റിസാറ്റലൈറ്റ് മിസൈലും, എയര്‍ ഡിഫന്‍സ് ടാക്ടിക്കല്‍ കണ്‍ട്രോള്‍ റഡാറും (എഡിടിസിആര്‍) പ്രദര്‍ശിപ്പിക്കുമെന്ന് രാജ്യത്തെ ഡിഫന്‍സ് റിസേര്‍ച്ച് & ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ആകാശത്ത് സഞ്ചരിക്കുന്ന സാറ്റലൈറ്റിനെ വെടിവെച്ച് തകര്‍ത്ത് ഇന്ത്യ സുപ്രധാന പ്രതിരോധ ശക്തി വിജയകരമായി പ്രദര്‍ശിപ്പിച്ചത്.

ഭൗമോപരിതലത്തില്‍ 300 കിലോമീറ്റര്‍ അകലെയുള്ള ഓര്‍ബിറ്റില്‍ സഞ്ചരിച്ച ഇന്ത്യയുടെ ഡീക്കമ്മീഷന്‍ ചെയ്ത സാറ്റലൈറ്റാണ് ആന്റി സാറ്റലൈറ്റ് മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത് ഇന്ത്യ പരീക്ഷണം വിജയിപ്പിച്ച് ലോകത്തെ ഞെട്ടിച്ചത്. 10 സെന്റിമീറ്റര്‍ കൃത്യതയില്‍ ‘ഹിറ്റ് ടു കില്‍’ മോഡിലാണ് സാറ്റലൈറ്റ് തകര്‍ത്തത്. സാറ്റലൈറ്റും, മിസൈലും സെക്കന്‍ഡില്‍ 11 കിലോമീറ്റര്‍ വേഗതയിലാണ് കൂട്ടിമുട്ടിയത്.

ഇന്ത്യ ആദ്യമായി വികസിപ്പിച്ച ഹിറ്റ് ടു കില്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകള്‍ കൃത്യതയോടെ തകര്‍ക്കാനുള്ള വഴിയാണ് ഒരുങ്ങിയത്. ഈ ശക്തി പ്രകടിപ്പിച്ച ലോകത്തിലെ മൂന്നേമൂന്ന് രാഷ്ട്രങ്ങളായ അമേരിക്ക, റഷ്യ, ചൈന എന്നിവരേക്കാള്‍ മികച്ച സാങ്കേതിക മികവും, കൃത്യതയും ഇന്ത്യയുടെ ആന്റി സാറ്റലൈറ്റ് മിസൈലിന് ഉണ്ടെന്നതാണ് സവിശേഷത. ഡിആര്‍ഡിഒ സ്വന്തമായി തയ്യാര്‍ ചെയ്ത കണ്‍സപ്റ്റും, ഡിസൈനും കൂട്ടിച്ചേര്‍ത്താണ് വെറും രണ്ട് വര്‍ഷം കൊണ്ട് സിസ്റ്റം വിജയകരമായി പരീക്ഷിച്ചത്.

എഡിടിസിആറാണ് ഡിആര്‍ഡിഒ പരേഡില്‍ അണിനിരത്തുന്ന മറ്റൊരു സുപ്രധാന നേട്ടം. ആകാശമാര്‍ഗ്ഗമുള്ള നിരീക്ഷണങ്ങള്‍ക്കും, കണ്ടെത്തലുകള്‍ക്കും, മിത്രം/ശത്രു എന്ന് ലക്ഷ്യകേന്ദ്രങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കാനും, ലക്ഷ്യങ്ങളെ ഉറപ്പിക്കാനും, പോസ്റ്റുകള്‍ക്കും, ആയുധ സിസ്റ്റങ്ങള്‍ക്കും വിവരങ്ങള്‍ നല്‍കാനും ഈ റഡാര്‍ സിസ്റ്റം ഫലം ചെയ്യും. തീരെ ചെറുതും, പറക്കുന്നതുമായ ലക്ഷ്യങ്ങളും ഈ റഡാറിന് കണ്ടെത്താന്‍ സാധിക്കും. നൂതനമായ ഡിജിറ്റല്‍ ബീം ഫോര്‍മാറ്റിംഗ് ഉപയോഗിച്ചുള്ള ആക്ടീവ് ഫേസ്ഡ് അറേ ടെക്‌നോളജിയാണ് ഇതിലുള്ളത്.

Top