ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി യുവാവ് മരിച്ച സംഭവം; ആക്രമണങ്ങള്‍ അവസാനിക്കില്ലെന്ന്…

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും രൂക്ഷ വിമര്‍ശനത്തിനിരയാക്കി അസദുദ്ദീന്‍ ഉവൈസി എം.പി. ആര്‍.എസ്.എസും ബി.ജെ.പിയും മുസ്‌ലിങ്ങള്‍ക്കെതിരായ മനോഭാവം സൃഷ്ടിച്ചിരിക്കുകയാണെന്നും അതിനാല്‍ ആള്‍ക്കൂട്ട മര്‍ദ്ദനങ്ങള്‍ അവസാനിക്കില്ലെന്നും ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ കൂടിയായ ഉവൈസി വ്യക്തമാക്കി.

മുസ്‌ലിംകള്‍ തീവ്രവാദികളും ദേശവിരുദ്ധരും പശുവിനെ കൊല്ലുന്നവരുമാണെന്ന മനോഭാവം സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മോഷ്ടാവെന്ന് ആരോപിച്ചാണ് ഝാര്‍ഖണ്ഡിലെ ഖര്‍സവാന്‍ ജില്ലയില്‍ തബ്‌രിസ് അന്‍സാരിക്ക് (24) ആള്‍ക്കൂട്ടത്തിന്റെ കൊടിയ മര്‍ദനമേറ്റത്. അന്‍സാരിയെ ജനക്കൂട്ടം മര്‍ദിക്കുന്നതിന്റെ വിഡിയോകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വലിയ വടികൊണ്ട് അടിക്കുകയും ജയ് ശ്രീരാം എന്നും ജയ് ഹനുമാന്‍ എന്നും വിളിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു പ്രചരിച്ചത്.

18 മണിക്കൂറിലേറെയാണ് യുവാവിനെ തടഞ്ഞുവെച്ച് മര്‍ദിച്ചത്. തുടര്‍ന്ന് പൊലീസിന് കൈമാറി. ദിവസങ്ങളോളം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന അന്‍സാരിയെ ശനിയാഴ്ച ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി വഷളായി മരിക്കുകയായിരുന്നു.

Top