ഒവൈസിയെ ചൊല്ലി മുസ്ലീം ലീഗിനുള്ളിൽ കലാപക്കൊടി, അണികളും രോഷത്തിൽ

നാല് എം.പിമാരുണ്ടായിട്ടും അസദുദ്ദീന്‍ ഒവൈസിയുടെ നാലയലത്ത് പോലും എത്തുന്നില്ലെന്ന് ലീഗ് എം.പിമാര്‍ക്കെതിരെ പാര്‍ട്ടിയില്‍ തന്നെ കലാപക്കൊടി ഉയരുന്നു. സി.പി.എമ്മിനു സമമായി ലോക്‌സഭയില്‍ മൂന്ന് എം.പിമാരാണ് മുസ്‌ലീം ലീഗിനുമുള്ളത്. രാജ്യസഭയിലാകട്ടെ ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍വഹാബിന്റെ സാന്നിദ്ധ്യവും ഉണ്ട്. 1971ന് ശേഷം ഏറ്റവും കൂടുതല്‍ എം.പിമാര്‍ ലീഗിന് പാര്‍ലമെന്റിലുണ്ടായതിപ്പോഴാണ്.

71ല്‍ മഞ്ചേരിയില്‍ മുഹമ്മദ് ഇസ്മയില്‍ സാഹിബും കോഴിക്കോട്ട് ഇബ്രാഹിം സുലൈമാന്‍സേട്ടും തമിഴ്‌നാട്ടിലെ പെരിയകുളത്ത് എസ്.എം മുഹമ്മദ് ശെരീഫും ബംഹാളിലെ മുര്‍ഷിദാബാദില്‍ അബുതാലിഹ് ചൗധരിയുമായിരുന്നു ലീഗ് എം.പിമാരായി പാര്‍ലമെന്റിലുണ്ടായിരുന്നത്. അതിനു ശേഷം ഇപ്പോഴാണ് നാല് എം.പിമാരെ പാര്‍ലമെന്റിലേക്കയക്കാന്‍ ലീഗിന് കഴിഞ്ഞിരിക്കുന്നത്. എന്നാല്‍ എം.പിമാര്‍ നാലുണ്ടായിട്ടും ഹൈദരബാദില്‍ നിന്നുള്ള ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ പ്രസിഡന്റും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ നാലയലത്ത് എത്തുന്നില്ലെന്നതാണ് കേരളത്തിലെ ലീഗ് നേതാക്കളുടെയും അണികളുടെയും പൊതുവികാരം.

കേരളത്തില്‍ നിന്നും മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി, പി.കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ്, തമിഴ്‌നാട്ടിലെ രാമനാഥപുരത്തു നിന്നും നവാസ് ഖനി എന്നിവരാണ് പാര്‍ലമെന്റിലുള്ളത്. മുത്തലാഖ് ബില്‍, കാശ്മീര്‍ വിഷയം, ആസാമിലെ പൗരത്വബില്‍ തുടങ്ങി ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഒവൈസി മോദിക്കും അമിത്ഷക്കുമെതിരെ പാര്‍ലമെന്റില്‍ തീപ്പൊരിയായപ്പോള്‍ ലീഗ് എം.പിമാര്‍ നനഞ്ഞ പടക്കമായി മാറുകയാണുണ്ടായിരുന്നത്.

പുല്‍വാമയില്‍ ഭീകരര്‍ 40 സൈനികരെ കൊലപ്പെടുത്തുമ്പോള്‍ കാവല്‍ക്കാരനായ നരേന്ദ്രമോദി ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നുവോ എന്നാണ് ഒവൈസി ചോദിച്ചിരുന്നത്. ധൈര്യമുണ്ടെങ്കില്‍ ഹൈദരാബാദില്‍ തനിക്കെതിരെ മത്സരിക്കാന്‍ അമിത്ഷായെ ഒവൈസി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

മോദിക്കും അമിത്ഷാക്കുമെതിരായ പ്രതിപക്ഷ പോരാട്ടത്തില്‍ മുന്‍നിരയിലാണ് പാര്‍ലമെന്റില്‍ ഒവൈസിയുടെ പ്രകടനം. അതേസമയം ലീഗ് എം.പിമാരില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ മാത്രമാണ് ഇത്തരം വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നത്. രാജ്യസഭാ എം.പി പി.വി അബ്ദുല്‍വഹാബിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പ്രകടനം അതിദയനീയമായിരുന്നു.

മുത്തലാഖ് വിഷയത്തില്‍ പ്രസംഗിക്കാന്‍ അവസരമുണ്ടായിട്ടും രാജ്യസഭാ എം.പി പി.വി അബ്ദുല്‍വഹാബ് സഭയിലെത്താതിരുന്നതില്‍ കടുത്ത വിമര്‍ശനങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നത്. വഹാബിനെ പരസ്യമായി വിമര്‍ശിച്ച് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ മൊയീന്‍ അലി തങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു.

പാര്‍ലമെന്റില്‍ പോകാന്‍ പ്രയാസമുണ്ടെങ്കില്‍ വഹാബ് മാറിനില്‍ക്കണമെന്ന കടുത്ത വിമര്‍ശനമാണ് തങ്ങള്‍ കുടുംബത്തില്‍ നിന്നും ഉയര്‍ന്നിരുന്നത്. രാജ്യസഭയില്‍ വഹാബിന്റെ ഹാജര്‍ നില വളരെ കുറവാണെന്നും ഇത്തരം വിഷയങ്ങളില്‍ ലീഗില്‍ നിന്നും കൂടുതല്‍ ഇടപെടലുകള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു തങ്ങള്‍ തുറന്നടിച്ചിരുന്നത്.

മുത്തലാഖ് ബില്‍ അവതരണവേളയില്‍ പ്രസംഗിക്കാന്‍ സമയം അനുവദിച്ചിട്ടും രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യനായിഡു പേരുവിളിച്ചിട്ടും സഭയില്‍ വഹാബ് ഹാജരുണ്ടായിരുന്നില്ല. മുത്തലാഖ് ബില്ലില്‍ രാജ്യസഭയിലെ അഞ്ചു മണിക്കൂര്‍ ചര്‍ച്ച അവസാനിച്ച് നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മറുപടി പ്രസംഗം അവസാനിക്കുന്ന ഘട്ടത്തില്‍ വോട്ടിനിടും മുമ്പാണ് വഹാബ് സഭയിലെത്തിയിരുന്നത്.

വഹാബിന്റെ നടപടിയില്‍ ലീഗിലും യൂത്ത്‌ലീഗിലും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. തുടര്‍ന്ന് ലീഗ് നേതൃത്വം വഹാബിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് സഭയില്‍ ചര്‍ച്ചക്കെത്താന്‍ കഴിയാതിരുന്നതെന്നാണ് വഹാബ് ലീഗ് അധ്യക്ഷന്‍ ഹൈദരലി തങ്ങളെ നേരില്‍ കണ്ടറിയിച്ചിരുന്നത്. ഇതോടെ സംഘടനാ നടപടി അവിടെവെച്ച് അവസാനിപ്പിക്കുകയായിരുന്നു.

ലോക്‌സഭയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെയും രാജ്യസഭയില്‍ വഹാബിന്റെയും ഹാജര്‍നിലയും വളരെ കുറവാണ്.ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ച നടക്കുമ്പോള്‍ പി.കെ കുഞ്ഞാലിക്കുട്ടി സഭയില്‍ പോകാതെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയതും വിവാദമായിരുന്നു. അതേസമയം ലോക്‌സഭയില്‍ അമിത്ഷാക്കും മോദിക്കുമെതിരെ നിശിതമായ വിമര്‍ശനവുമായി ലീഗണികളുടെ പോലും കൈയ്യടി നേടി തിളങ്ങിയത് ഹൈദരാബാദ് എം.പി ഒവൈസിയാണ്.

കഴിഞ്ഞ ദിവസം നടന്ന ലീഗ് നേതൃയോഗത്തില്‍ ഒവൈസി തനിച്ച് നടത്തുന്ന ഇടപെടല്‍ ചൂണ്ടിക്കാട്ടി കെ.എം. ഷാജി എം.എല്‍.എ ശക്തമായി രംഗത്ത് വന്നിരുന്നു. പാര്‍ലമെന്റില്‍ ലീഗ് എം.പിമാരുടെ പ്രകടനം പരിഹസിച്ചായിരുന്നു അദ്ദേഹം നേതൃത്വത്തിനെതിരെ തുറന്നിടിച്ചിരുന്നത്.

പാര്‍ലമെന്റില്‍ ലീഗ് എം.പിമാരുടെ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനും കടുത്ത അതൃപ്തിയുണ്ട്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വൈകിയെത്തിയ പി.വി അബ്ദുല്‍വഹാബിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും വോട്ടു ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇവര്‍ ബി.ജെ.പിയെ സഹായിക്കാന്‍ വൈകിയെത്തി നാടകം കളിച്ചുവെന്ന ആക്ഷേപം പോലും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. അതേസമയം,ലീഗ് എം.പിമാര്‍ക്കെതിരെ പാര്‍ട്ടിയില്‍ ഉയരുന്ന കലാപം ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്.

തലമുറമാറ്റം അടക്കമുള്ള ആവശ്യങ്ങള്‍ യൂത്ത് ലീഗും മുന്നോട്ടുവെച്ചിട്ടുണ്ട്. മുന്‍ കാലങ്ങളിലേത് പോലെ ഇനി യുവ നേതാക്കളെ കണ്ണുരുട്ടി പേടിപ്പിച്ച് നിര്‍ത്താന്‍ പറ്റില്ലെന്ന സന്ദേശം പാണക്കാട്ട് നിന്ന് തന്നെ എം.പിമാര്‍ക്ക് നല്‍കി കഴിഞ്ഞതായാണ് സൂചന.


Political Reporter

Top