ലോക് സഭയില്‍ പൗരത്വ ഭേദഗതി ബില്‍ കീറിയെറിഞ്ഞ് അസറുദ്ദീന്‍ ഉവൈസി;തര്‍ക്കം രൂക്ഷം

ന്യൂഡല്‍ഹി : ലോക്സഭയില്‍ പൌരത്വ ഭേദഗതി ബില്ലിനെതിരെ അസദുദ്ദീന്‍ ഉവൈസിയുടെ പ്രതിഷേധം. സഭയില്‍ ഉവൈസി പൌരത്വ ഭേദഗതി ബില്‍ കീറിയെറിഞ്ഞു.

ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്ന് ഒവൈസി ആരോപിച്ചു. ഹൈദരാബാദിൽ നിന്നുള്ള എഐഎംഐഎം നേതാവാണ് അസദുദീന്‍ ഒവൈസി.

”ഞങ്ങൾ മുസ്ലിങ്ങളെ എന്തിനാണ് ഭരണപക്ഷത്തിന് ഇത്ര വെറുപ്പ്? അസമിലെ മന്ത്രിയടക്കമുള്ളവർ ബംഗാളി ഹിന്ദുക്കളെ തിരികെ കൊണ്ടുവരുമെന്ന് പറയുന്നു. മുസ്ലിങ്ങളെ മാത്രമാണ് വേർതിരിക്കുന്നത്. ഇത് വിഭജനമല്ലേ? ഒരു തരത്തിൽ മുസ്ലിങ്ങളെ ഭൂപടത്തിൽ ഇല്ലാത്തവരായി നിർത്താനാണ് ഈ സർക്കാർ ശ്രമിക്കുന്നത്”, ഒവൈസി പറയുന്നു.

”ജനങ്ങളെ വിഭജിക്കുന്ന, നിറത്തിന്‍റെ അടിസ്ഥാനത്തിൽ വിവേചനം നടത്തുന്ന ദക്ഷിണാഫ്രിക്കയിലെ നാഷണൽ റജിസ്റ്റർ വലിച്ച് കീറിയാണ് മഹാത്മാ ഗാന്ധി മഹാത്മാ എന്ന പദത്തിലേക്കെത്തിയത്. ഞാനും ഈ ബില്ല് വലിച്ചു കീറുകയാണ്, മാ‍ഡം”, എന്ന് പറഞ്ഞ് അസദുദ്ദീൻ ഒവൈസി ബില്ല് രണ്ടായി കീറിയെറിയുകയായിരുന്നു.

പ്രതിപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിനെ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തിയാണ് ഏറെ വിവാദമായ പൗരത്വ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. സഭയിലും രാജ്യത്തും പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. അസമില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചു.

Top