Asaduddin Owaisi won’t say ‘Bharat Mata ki Jai’, Shiv Sena tells him ‘Go to Pakistan’

മുംബൈ: ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന് പറഞ്ഞ അസാദുദ്ദീന്‍ ഒവൈസി പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ശിവസേന. എഐഎംഐഎം (ഓള്‍ ഇന്ത്യ മജ്‌ലിസ്ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍) അധ്യക്ഷനും എംപിയുമാണ് അസദുദ്ദീന്‍ ഒവൈസി.

മഹാരാഷ്ട്രയിലെ സേനാ നേതാവും മന്ത്രിയുമായ രാംദാസ് കദമാണ് മഹാരാഷ്ട്ര നിയമസഭയില്‍ ആവശ്യമുന്നയിച്ചത്. ഇന്ത്യയെ ബഹുമാനിക്കാത്ത ഒവൈസിക്ക് രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒവൈസി പാക്കിസ്ഥാനിലേക്ക് പോയില്ലെങ്കില്‍, അയാളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും കദം പറഞ്ഞു. ഇത്തരത്തിലുളള പച്ച വിഷപ്പാമ്പുകളെ വളര്‍ത്തുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒവൈസിയുടെ പ്രസംഗത്തിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

എല്ലാ ഇന്ത്യക്കാരും ‘ഭാരത് മാതാ കീ ജയ്’ വിലിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ഔവൈസി ഇന്നലെ വിവാദ പരാമര്‍ശം നടത്തിയത്. പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് എഐഎംഐഎം എംഎല്‍എ വാരിസ് പത്താന്‍ രംഗത്തെത്തിയിട്ടുണ്ട്.

തങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കാന്‍ ശിവസേനയാരാണെന്നാണ് അദ്ദേഹം ചോദിച്ചത്. ഇന്ത്യയിലെ പൗരന്മാരായ തങ്ങളെ രാജ്യത്തുനിന്ന് പോകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതെങ്ങനെയാണെന്നും എഐഎംഐഎം പറഞ്ഞു. ബിജെപിയും എഐഎംഐഎമ്മും ചെയ്യുന്നത് ശരിയല്ലെന്നാണ് എന്‍സിപിയുടെ നിലപാട്.

Top