ഹേമന്ത് സോറന് അഭിനന്ദനം; ഇപ്പോഴാണ് ബിജെപിയുടെ ടയര്‍ പഞ്ചറായത്: ഒവൈസി

ഹൈദരാബാദ്: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാക്കളായ ഷിബു സോറന്‍, ഹേമന്ത് സോറന്‍ എന്നിവരെ എംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി അഭിനന്ദിച്ചു. ജാര്‍ഖണ്ഡിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ ഹേമന്ത് സോറന്‍ നിറവേറ്റുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി വോട്ട് ചെയ്ത ജാര്‍ഖണ്ഡിലെ ജനങ്ങളോട് ഒവൈസി നന്ദി പറഞ്ഞു. ”ഞങ്ങള്‍ക്ക് അവിടെ വിജയിക്കാന്‍ കഴിഞ്ഞില്ല, പക്ഷേ ജനങ്ങളുടെ വിശ്വാസം നേടാന്‍ സാധിച്ചു, ഞങ്ങളുടെ ബലഹീനതകള്‍ നീക്കംചെയ്യാനും അടുത്ത തവണ ജയിക്കാനും ഞങ്ങള്‍ കഠിനമായി പരിശ്രമിക്കും’. – അദ്ദേഹം പറഞ്ഞു.

അതേസമയം എന്‍ആര്‍സി സംബന്ധിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിലപാടിലെ മാറ്റത്തെ കുറിച്ച് ഒവൈസിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ”അദ്ദേഹം എന്റെ സുഹൃത്താണ്, അദ്ദേഹം ഒരു സംസ്ഥാനം ഭരിക്കുന്നു, മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് നിരവധി തടസ്സങ്ങള്‍ നേരിടേണ്ടിവരുന്നു, ആ പദവി കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. തെലുങ്കുദേശം സര്‍ക്കാര്‍ ആ സംസ്ഥാനത്തെ ദരിദ്രരാക്കിയെങ്കിലും എന്‍ആര്‍സി നടപ്പാക്കേണ്ടെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി തീരുമാനമെടുത്തതില്‍ നന്ദിയുണ്ട്.’

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ വിദ്യാഭ്യാസമില്ലാത്ത പഞ്ചര്‍ കടയുടമകളാണെന്ന ബി.ജെ.പി. എം.പി. തേജസ്വി സൂര്യയുടെ പ്രസ്താവനയേയും ഒവൈസി വിമര്‍ശിച്ചു. ജാര്‍ഖണ്ഡ് ഫലം വന്നപ്പോള്‍ തന്നെ ബിജെപിയുടെ ടയര്‍ പഞ്ചറായെന്നും ഒവൈസി കുറ്റപ്പെടുത്തി.

Top