കോവിഡ് പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും പരാജയം: ഉവൈസി

ഹൈദരാബാദ്: കോവിഡ് പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര സര്‍ക്കാരും പരാജയമാണെന്ന് എ.ഐ.എം.ഐ.എം ചീഫ് അസദുദ്ദീന്‍ ഉവൈസി.

‘മോദിയുടെ ആസൂത്രണമില്ലാത്ത, ഭരണഘടനാപരമല്ലാത്ത ലോക്ക്ഡൗണ്‍ തീരുമാനത്തിലൂടെ 10 കോടി ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ജനങ്ങളുടെ വരുമാനം കുറയുകയും 150ഓളം അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ മരണപ്പെടുകയും ചെയ്തു. എവിടെയായിരുന്നു നിങ്ങളുടെ സേവനം’ ഉവൈസി ചോദിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ഉവൈസി വിമര്‍ശനമുയര്‍ത്തി. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ‘തോക്ക് ദേങ്കേ’ പോളിസിയാണ് എട്ട് പൊലീസുകാരുടെ മരണത്തിലേക്ക് നയിച്ചത്.

യു.പിയിലെ കാണ്‍പൂരില്‍ കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെ നടത്തിയ ഏറ്റുമുട്ടലില്‍ എട്ട് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ഈ മുഴുവന്‍ കൊലപാതകങ്ങളുടെയും ഉത്തരവാദി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്നും ഉവൈസി പറഞ്ഞു.

‘യോഗി ആദിത്യനാഥ് തന്റെ ‘തോക്ക് ദേങ്കേ’ പോളിസി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്കൊരിക്കലും തോക്ക് കൊണ്ട് ഒരു രാജ്യം നടത്താന്‍ സാധിക്കില്ല. ഭരണഘടനയും നിയമവും അനുസരിച്ചായിരിക്കണം ഒരു രാജ്യവും സംസ്ഥാനവും ഭരണം നടത്തേണ്ടത്’ ഉവൈസി കൂട്ടിച്ചേര്‍ത്തു.

കാണ്‍പൂര്‍ കൊലപാതകങ്ങള്‍ക്ക് കാരണമായ വികാസ് ദുബെയെ ഏറ്റുമുട്ടലിലൂടെ കൊല്ലരുത്. അറസ്റ്റ് ചെയ്യണം. സംസ്ഥാനം വികാസിനെ അറസ്റ്റ് ചെയ്യുന്നതിന് പകരം കൊലപ്പെടുത്തുകയാണെങ്കില്‍ അവരും സംസ്ഥാനവും തമ്മില്‍ വ്യത്യാസമുണ്ടാകില്ലെന്നും ഉവൈസി പറഞ്ഞു.

Top