അസദുദ്ദീൻ ഒവൈസിയെ ‘തടഞ്ഞത് ‘ ലീഗ് നേതൃത്വം, ബീഹാർ ‘പാഠം’ ഭയം ! !

ടുവില്‍, ആ വിവരവും ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. കേരളത്തിലേക്കുള്ള അസദുദ്ദീന്‍ ഒവൈസിയുടെ കടന്നു വരവ് തടസ്സപ്പെടുത്തിയിരിക്കുന്നത് മുസ്ലീം ലീഗാണ്. ലീഗിലെ ഉന്നത നേതാവ് പ്രമുഖ സമുദായ നേതാവ് മുഖാന്തരം നടത്തിയ ഇടപെടലാണ് ഒടുവില്‍ ഫലം കണ്ടിരിക്കുന്നത്. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിനു ശേഷം പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, സംസ്ഥാനങ്ങളില്‍ മത്സരിക്കുമെന്നാണ് ഒവൈസി മുന്‍പ് പ്രഖ്യാപിച്ചിരുന്നത്. ഇതിനിടെ കേരളത്തില്‍ നിന്നും ഒരു സംഘം ഒവൈസിയെ നേരിട്ടു കണ്ട് ചര്‍ച്ച നടത്തിയതോടെയാണ് കേരളത്തിലും മത്സരിക്കാമെന്ന നിലപാടിലേക്ക് ഒവൈസി മാറിയിരുന്നത്.

മലപ്പുറം ജില്ലയിലടക്കം ഒവൈസി അനുകൂലികള്‍ തലപൊക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മുസ്ലീം ലീഗ് നേതൃത്വവും ശക്തമായ ഇടപെടല്‍ നടത്തുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ പിന്തുണയും ഈ നീക്കത്തിനുണ്ടായിരുന്നു. അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള മജ്‌ലിസ് പാര്‍ട്ടി മത്സരരംഗത്തു വന്നാല്‍ കേരളത്തിലെ ചില മുസ്ലീം സംഘടനകള്‍ പിന്തുണയ്ക്കാന്‍ സാധ്യത ഉണ്ടെന്നാണ് ലീഗ് വിലയിരുത്തിയിരുന്നത്. ഈ സഖ്യം പ്രത്യക്ഷത്തില്‍ ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക എന്നതിനാല്‍ ‘മുളയിലേ’ ഈ നീക്കത്തെ നുള്ളിക്കളയാന്‍ തന്നെയായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായാണ് ഒവൈസിയുമായി ചര്‍ച്ച നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ശരിക്കും ഒരു അപേക്ഷ തന്നെയായിരുന്നു ഒവൈസിക്കു മുന്നില്‍ ലീഗ് നേതാവ് മുന്നോട്ട് വച്ചിരുന്നത്.

ഈ ചര്‍ച്ചകള്‍ക്കു ശേഷമാണ് താന്‍ കേരളത്തിലേക്ക് വരുന്നില്ലന്ന് ഒവൈസി പരസ്യമായി പ്രതികരിച്ചിരുന്നത്. മുസ്ലീംലീഗിന്റെ ആശങ്ക ഒഴിഞ്ഞതും അതോടെയാണ്. ഒവൈസി കേരളത്തില്‍ കാലു കുത്തിയാല്‍ തങ്ങളുടെ ശക്തി കേന്ദ്രമായ മലപ്പുറത്തു പോലും അടിതെറ്റുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുമെന്നാണ് ലീഗ് നേതൃത്വം ഭയപ്പെട്ടിരുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതൃത്വത്തെയും ഒവൈസി ഭയം ശരിക്കും അലട്ടിയിരുന്നു. ബീഹാറില്‍ ഏറ്റ തിരിച്ചടിയുടെ ഷോക്കില്‍ നിന്നും കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വവും ഇതുവരെ മുക്തരായിട്ടില്ല.

ശൂന്യതയില്‍ നിന്നും നേട്ടമുണ്ടാക്കിയ ചരിത്രമാണ് ഒവൈസിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുള്ളത്. ഹൈദരാബാദില്‍ പിറവി കൊണ്ട ഒവൈസിയുടെ ‘ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍’ എന്ന പാര്‍ട്ടി, കഴിഞ്ഞ ബീഹാര്‍ തിരഞ്ഞെടുപ്പിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഒവൈസിയുടെ കടന്നുകയറ്റമാണ് ബീഹാറില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമായിരുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സീമാഞ്ചല്‍ മേഖലയിലാണ് ഇതു ഏറെ പ്രകടമായിരുന്നത്. ഈ മേഖലയിലെ മുസ്ലിം ഭൂരിപക്ഷം പരമ്പരാഗതമായി ആര്‍.ജെ.ഡി.ക്കൊപ്പമാണ് നിലയുറപ്പിച്ചിരുന്നത്. 24 മണ്ഡലങ്ങളില്‍ നേരിട്ടും ഇരുപതോളം മണ്ഡലങ്ങളില്‍ പരോക്ഷമായും മുസ്ലിം-യാദവ സമവാക്യം ആര്‍.ജെ.ഡി.യെ പിന്തുണച്ചിരുന്നു.

എന്നാല്‍, അസദുദ്ദീന്‍ ഒവൈസിയും ആര്‍.എല്‍.എസ്.പി. നേതാവ് ഉപേന്ദ്ര കുശ്വാഹയും ബി.എസ്.പി.യും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയുമടങ്ങുന്ന വിശാല ജനാധിപത്യ മതേതര സഖ്യം ഇക്കുറി ഇവിടെ ശരിക്കും ഇറങ്ങി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് ദൃശ്യമായിരുന്നത്. പ്രചാരണ വേളകളിലുടനീളം എന്‍.ഡി.എ. സഖ്യത്തെ കാര്യമായി തൊടാതെ മഹാസഖ്യത്തെയാണ് ഒവൈസി കടന്നാക്രമിച്ചിരുന്നത്. 5 സീറ്റുകളില്‍ വിജയിച്ച ഒവൈസിയുടെ പാര്‍ട്ടി നിരവധി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിനാണ് കാരണമായിരിക്കുന്നത്. ഒവൈസിയുടെ സാന്നിധ്യം ഇല്ലായിരുന്നെങ്കില്‍ മഹാ സഖ്യത്തിന് ബീഹാര്‍ ഭരിക്കാമായിരുന്നു എന്നതാണ് പിന്നീട് പുറത്തു വന്ന കണക്കുകളും വ്യക്തമാക്കുന്നത്.

ഈ കണക്കുകള്‍ തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് – ലീഗ് നേതാക്കളുടെയും ഉറക്കം കെടുത്തിയിരുന്നത്. ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിലും ഒവൈസിയുടെ മജ് ലിസ് പാര്‍ട്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ബി.ജെ.പിയുടെ ‘ബി’ ടീമെന്ന ആരോപണമുണ്ടെങ്കിലും ലീഗിനേക്കാള്‍ മുസ്ലീം സമുദായത്തില്‍ ആധിപത്യമുറപ്പിക്കാന്‍ മജ്‌ലിസ് പാര്‍ട്ടിക്ക് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട്. മലപ്പുറം വിട്ടൊരു വളര്‍ച്ച ലീഗിനു പോലും എടുത്ത് പറയാന്‍ കഴിയുകയില്ല. തമിഴകത്ത് ഡി.എം.കെയുടെ കരുണ കൊണ്ടു മാത്രമാണ് ഒരു ലോകസഭ സീറ്റില്‍ അവര്‍ വിജയിച്ചിരിക്കുന്നത്. എന്നാല്‍, ഒവൈസിയുടെ പാര്‍ട്ടിയുടെ സ്ഥിതി അതല്ല മിക്ക സംസ്ഥാനങ്ങളിലേക്കും മജ്‌ലിസ് പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബീഹാറിനു പുറമെ, മോദിയുടെ സ്വന്തം ഗുജറാത്തിലും അവരിപ്പോള്‍ സാന്നിധ്യം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. തമിഴകത്തും ബംഗാളിലും ഒവൈസിയുടെ പാര്‍ട്ടിക്ക് ശക്തമായ ഘടകങ്ങളുമുണ്ട്. ബംഗാളില്‍ ഒവൈസിയുടെ സഖ്യ നീക്കം പൊളിച്ചത് തന്നെ ഇടതുപക്ഷമാണ്.

മുസ്ലിം സമുദായത്തില്‍ വന്‍ സ്വാധീനമുള്ള, ഹൂഗ്ലിയില്‍ പിര്‍സാദ അബ്ബാസ് സിദ്ദിഖി രൂപീകരിച്ച ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് പാര്‍ട്ടിയുമായി ഇടതുപക്ഷം സഖ്യമുണ്ടാക്കിയതാണ് ഒവൈസിക്ക് വംഗനാട്ടില്‍ തിരിച്ചടിയായിരിക്കുന്നത്. അതേസമയം, കേരളത്തില്‍ ഒവൈസി എത്തിയാലും ഇല്ലെങ്കിലും മുസ്ലീം വോട്ടുകള്‍ എങ്ങോട്ട് പോകുമെന്നത് ഏറെ നിര്‍ണ്ണായകമാണ്. മുസ്ലീംലീഗ് ഉള്ളതു കൊണ്ടു മാത്രം മുസ്ലീം വോട്ടുകളില്‍ യു.ഡി.എഫിനു മേധാവിത്വം കിട്ടില്ലന്നതാണ് പുറത്തു വന്ന സര്‍വ്വേഫലവും വ്യക്തമാക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ ഇടതുപക്ഷം നടത്തിയ പ്രക്ഷോഭമാണ് മുസ്ലീം ന്യൂനപക്ഷത്തെ ഏറെ ആകര്‍ഷിച്ചിരിക്കുന്നത്. നഷ്ടമായ ന്യൂനപക്ഷ പിന്തുണ എങ്ങനെ തിരിച്ചു പിടിക്കാന്‍ പറ്റും എന്നതിനെ ആശ്രയിച്ചായിരിക്കും ഇനി കേരളത്തിലെയും യു.ഡി.എഫിന്റെ ഭാവി, അക്കാര്യവും വ്യക്തമാണ്.

Top