അസം പൗരത്വ പട്ടിക: ബി.ജെ.പി പാഠം പഠിക്കണം, ആഞ്ഞടിച്ച് ഒവൈസി

owaisi

ന്യൂഡല്‍ഹി: അസം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതോടെ അനധികൃത കുടിയേറ്റം എന്ന ബി.ജെ.പിയുടെ കെട്ടുകഥയാണ് തകര്‍ന്നതെന്ന് എ.ഐ.എം.ഐ.എം(ആള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ ) അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. അസമില്‍ നിന്ന് ബി.ജെ.പി പഠിക്കണം, ഹിന്ദു-മുസ്‌ലിം കണക്ക് അനുസരിച്ച് രാജ്യത്ത് എല്ലായിടത്തും ദേശീയ പൗരത്വ പട്ടിക വേണമെന്ന ബി.ജെ.പിയുടെ ആവശ്യം അവസാനിപ്പിക്കണമെന്നും ഒവൈസി ചൂണ്ടിക്കാട്ടി.

ഇസ്ലാം മത വിശ്വാസികളല്ലാത്ത എല്ലാ വിഭാഗക്കാര്‍ക്കും പൗരത്വ ഭേദഗതി ബില്ലിലൂടെ പൗരത്വം നല്‍കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. ഇത് തുല്യതാ അവകാശത്തിന്റെ ലംഘനമാണെന്നും ഒവൈസി ആരോപിച്ചു.

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്ത വന്നതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രഖ്യാപനം. ഓണ്‍ലൈന്‍ വഴിയാണ് അസമിലെ പൗരത്വ പട്ടിക കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. 3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടു. 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

40.37 ലക്ഷം പേര്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുറത്തുവിട്ട കരട് പൗരത്വ പട്ടികയില്‍ നിന്നും പുറത്തായിരുന്നു. പട്ടികയില്‍ നിന്ന് പുറത്തായവരെ ഉടന്‍ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇവരുടെ ഭാഗം കേള്‍ക്കുന്നതിന് 1000 ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തിരുന്നു. നിലവില്‍ 100 ട്രൈബ്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Top