എല്‍ കെ അദ്വാനിയ്ക്ക് ഭാരതരത്ന നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: ബിജെപി നേതാവ് എല്‍ കെ അദ്വാനിയ്ക്ക് ഭാരതരത്ന നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി. രാമരഥയാത്രയിലെ അക്രമങ്ങള്‍ ഭാരതരത്ന ലഭിക്കുന്നതിനുള്ള ചവിട്ടുപടികളല്ലാതെ മറ്റൊന്നുമല്ലെന്ന് ഒവൈസി വിമര്‍ശിച്ചു.

1992ല്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനിയുടെ പേര് പ്രതിപട്ടികയിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും അദ്വാനിയുടെ പേരുണ്ടായിരുന്നു. എന്നാല്‍ 2020ല്‍ പ്രത്യേക സിബിഐ കോടതി അദ്വാനിയെ കുറ്റവിമുക്തമാക്കുകയായിരുന്നു. അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം ഉയര്‍ന്നതിന് പിന്നാലെയാണ് അദ്വാനിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്.1986ല്‍ ബിജെപിയുടെ ദേശീയ അധ്യക്ഷനായി അദ്വാനി നിയോഗിതനായി. ഏറ്റവും കൂടുതല്‍കാലം ബിജെപിയുടെ ദേശീയ അദ്ധ്യക്ഷ പദവി വഹിച്ച ബഹുമതിയും അദ്വാനിക്കാണ്. 1990കളില്‍ രാമജന്മഭൂമി വിഷയത്തെ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയവിഷയമായി മാറ്റിയെടുക്കുന്നതില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ നേതാവാണ് അദ്വാനി. രാമജന്മഭൂമി വിഷയവുമായി ബന്ധപ്പെട്ട് അദ്വാനി നടത്തിയ രഥയാത്ര ഹിന്ദിഹൃദയ ഭൂമിയില്‍ ബിജെപിയുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഗതിവേഗം പകര്‍ന്നിരുന്നു. 1998ലും 1999ലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതില്‍ അദ്വാനിയുടെ ഹിന്ദുത്വ നിലപാടുകള്‍ ഏറെ നിര്‍ണ്ണായകമായിരുന്നു. 1998ലും 1999ലും വാജ്‌പെയ് മന്ത്രിസഭയില്‍ അഭ്യന്തരവകുപ്പ് മന്ത്രിയായിരുന്നു. 2002 മുതല്‍ 2004വരെയുള്ള കാലയളവില്‍ വാജ്‌പെയ് മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായിരുന്നു.

രാജ്യത്തിന്റെ വികസനത്തിന് എല്‍ കെ അദ്വാനി നല്‍കിയത് മഹത്തായ സംഭാവനയാണെന്ന് അറിയിച്ചു കൊണ്ടാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഭാരതരത്‌ന പ്രഖ്യാപിച്ചത്. എല്‍ കെ അദ്വാനിക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കുന്ന വിവരം പങ്കുവയ്ക്കുന്നതില്‍ സന്തോഷിക്കുന്നു. പുരസ്‌കാരം ലഭിച്ച അദ്ദേഹത്തെ നേരില്‍ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം എക്‌സില്‍ കുറിച്ചു.അദ്വാനിയുടെ രഥ യാത്രയിലെ അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയ ഇന്ത്യയുടെ മാപ്പും എക്സ് പ്ലാറ്റ്ഫോമില്‍ ഒവൈസി പങ്കുവെച്ചു. 1990 സെപ്റ്റംബര്‍ 23 മുതല്‍ നവംബര്‍ 5 വരെ നടന്ന അക്രമങ്ങള്‍ മാപ്പില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അദ്വാനിക്ക് ഭാരതരത്‌നക്കുള്ള അര്‍ഹതയുണ്ട്. അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ ശവക്കുഴികള്‍ അതിലേക്കുള്ള ചവിട്ടുപടികളല്ലാതെ മറ്റൊന്നുമല്ല, ഒവൈസി കുറിച്ചു.

Top