As US Backs India For NSG, Chinese Media Fights For Pak

ന്യൂഡല്‍ഹി: ആണവവിതരണ ഗ്രൂപ്പിലെ ഇന്ത്യയുടെ പ്രവേശനത്തില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് എന്‍എസ്ജിയിലെ മുഴുവന്‍ രാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടു. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തില്‍ ചൈന നിലപാട് മയപ്പെടുത്താത്ത സാഹചര്യത്തിലാണ് പിന്തുണ തേടി അമേരിക്ക രംഗത്തെത്തിയത്.

ന്യൂക്ലിയര്‍ സപ്ലേയ്‌ഴ്‌സ് ഗ്രൂപ്പില്‍ ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും അപേക്ഷ ചര്‍ച്ച ചെയതുള്ള എന്‍എസ്ജി പ്ലീനറി യോഗം ഈ വെള്ളിയാഴ്ച്ച ദക്ഷിണ കൊറിയയില്‍ നടക്കാനിരിക്കേയാണ് ഇന്ത്യയുടെ പ്രവേശനത്തിന് പിന്തുണ തേടി അമേരിക്ക രംഗത്തെത്തിയത്.

എന്‍എസ്ജിയിലെ 48 രാജ്യങ്ങളും പിന്തുണച്ചാല്‍ മാത്രമേ പുതിയ രാജ്യത്തിന് ന്യൂക്ലീയര്‍ സപ്ലെയ്‌ഴ്‌സ് ഗ്രൂപ്പില്‍ അംഗത്വം ലഭിക്കുകയുള്ളൂ. ഇന്ത്യക്ക് പുറമേ പാക്കിസ്താനും നമീബിയയുമാണ് രംഗത്തുള്ളത്. പാക്കിസ്താന് അംഗത്വം നല്‍കുന്നതിന് ഭൂരിപക്ഷം രാജ്യങ്ങളും എതിരാണ്. ഇന്ത്യക്ക് ഭൂരിപക്ഷ രാജ്യങ്ങളുടെ പിന്തുണ ഉണ്ടെങ്കിലും ചൈനയുടെ എതിര്‍പ്പ് തുടരുകയാണ്.

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വയക്കാത്ത ഇന്ത്യക്ക് പ്രവേശനം നല്‍കുന്നത് അനുകൂലിക്കില്ലെന്നും അങ്ങനെയെങ്കില്‍ പാക്കിസ്താനും പ്രവേശനം നല്‍കണമെന്നും ചൈന ചൂണ്ടികാട്ടുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രവേശനത്തെ അനുകൂലിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക രംഗത്തെത്തിയത്. സ്വിറ്റ്‌സര്‍ലന്റും മെക്‌സിക്കോയും ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ ആദ്യം എതിര്‍ത്തിരുന്നെങ്കിലും പിന്നീട് അനുകൂലിച്ചു.

Top