As U.S. Modernizes Nuclear Weapons, ‘Smaller’ Leaves Some Uneasy

വാഷിംഗ്ടണ്‍: ആണവനിരായുധീകരണത്തെ കുറിച്ച് നിരന്തരം സംസാരിയ്ക്കുകയും ഉത്തരകൊറിയ അടക്കമുള്ള രാജ്യങ്ങളുടെ ആണവപരീക്ഷണത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന അമേരിക്ക അണുബോംബ് നിര്‍മ്മാണത്തില്‍ സജീവമാകുന്നു.

നവാദ മരുഭൂമിയിലാണ് അമേരിക്കയുടെ ആണവായുധ പരീക്ഷണങ്ങള്‍ നടക്കുന്നത്. 66 ലക്ഷം കോടി രൂപയാണ് മുപ്പത് കൊല്ലത്തേയ്ക്ക് ആണവായുധ പദ്ധതികള്‍ക്കായി അമേരിക്ക ചിലവിടുന്നത്.

ആണവായുധ ശേഖരത്തിന്റെ ആധുനികവത്കരണമാണ് ലക്ഷ്യമിടുന്നതെന്നാണ് അമേരിക്ക പറയുന്നത്. അണുബോംബുകള്‍, ആണവവാഹക മിസൈലുകള്‍, ആണവവാഹിനി മുങ്ങിക്കപ്പലുകള്‍, ബോംബര്‍ വിമാനങ്ങള്‍, പുതിയ ആണവായുധ ഫാക്ടറികളും ലബോറട്ടറികളും തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ചെറു ബോംബുകളാണ് അമേരിക്ക നിലവില്‍ പരീക്ഷിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പ്രസിഡന്റ് ബറാക് ഒബാമ ആണവനിരായുധീകരണത്തെ കുറിച്ച് നിരന്തരം പ്രസംഗിയ്ക്കുന്നതിനിടയിലാണിത്. ഹിരോഷിമയിലെ ആദ്യ അണുബോംബ് ആക്രമണത്തിന്റെ മാതൃകയില്‍ കഴിഞ്ഞ വര്‍ഷം വിമാനത്തില്‍ നിന്ന് പരീക്ഷണം നടത്തിയിരുന്നു.

ബി 61 ശ്രേണിയിലുള്ള ബോംബുകളാണ് അവസാനം പരീക്ഷിച്ചത്. അമേരിക്കന്‍ നടപടി പ്രകോപനപരവും നിരുത്തരവാദപരവുമാണെന്ന് റഷ്യ കുറ്റപ്പെടുത്തി. ആണവായുധ ക്രൂയിസ് മിസൈല്‍ പരീക്ഷിയ്ക്കാനുള്ള അമേരിക്കന്‍ നീക്കത്തില്‍ ചൈനയ്ക്കും പ്രതിഷേധമുണ്ട്. അമേരിക്കയില്‍ നിന്നുള്ള അണുവായുധ ഭീഷണി നേരിടാനാണ് തങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മ്മിയ്ക്കുന്നതെന്നാണ് ഉത്തരകൊറിയയുടെ വാദം. ഹൈഡ്രജന്‍ ബോംബ് നിര്‍മ്മിച്ചതായുള്ള ഉത്തരകൊറിയന്‍ അവകാശവാദം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ടാക്കിയിരുന്നു.

പുതിയ അണുബോംബ് നിര്‍മ്മാണപദ്ധതി അനാവശ്യവും അമിത ചെലവുള്ളതുമാണെന്ന് യു.എസ് മുന്‍ പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറിയും മുന്‍ ന്യൂക്ലിയര്‍ വെപണ്‍സ് കൗണ്‍സില്‍ ചെയര്‍മാനുമായ ആന്‍ഡ്ര്യു.സി.വെബ്ബര്‍ പറഞ്ഞു. ആണവയുദ്ധ സാദ്ധ്യതകള്‍ ഇല്ലാതാക്കാന്‍ ശ്രമിയ്ക്കുകയാണ് വേണ്ടത്. ആണവ ക്രൂയിസ് മിസൈലുകള്‍ക്ക് ആഗോള നിരോധനമേര്‍പ്പെടുത്തതിലേയ്ക്ക് നയിക്കുന്ന സാഹചര്യമൊരുക്കാന്‍ പ്രസിഡന്റിന് അവസരമുണ്ടെന്നും വെബ്ബര്‍ അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ ദേശീയ സുരക്ഷയില്‍ ആണവായുധങ്ങളുടെ പങ്ക് പരമാവധി കുറയ്ക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചിരുന്നു. ആണവനിരായുധീകരണം ആദ്യമായി അമേരിക്കന്‍ പ്രതിരോധനയത്തിന്റെ ഭാഗമാക്കിയ പ്രസിഡന്റും ഒബാമ തന്നെയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ നീക്കം പുതിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ്.

Top