കൊറോണ ഭയത്തില്‍ വംശീയതയും;’ഏഷ്യക്കാര്‍ സഞ്ചരിക്കുന്ന രോഗവാഹകര്‍’, ഒറ്റപ്പെടുത്തുന്നു!

വുഹാനില്‍ നിന്നും കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ അമേരിക്കയിലും, യൂറോപ്യന്‍ രാജ്യങ്ങളിലും വംശീയ വിദ്വേഷവും പ്രചരിക്കുന്നു. ഏഷ്യക്കാര്‍ക്കെതിരെ വംശീയമായി ഉപയോഗിക്കുന്ന വാക്കുകള്‍ തലക്കെട്ട് എഴുതാനായി പോലും ഉപയോഗിച്ചതോടെ ഒരു ഫ്രഞ്ച് പത്രം മാപ്പ് പറയുന്ന സാഹചര്യം പോലും ഉടലെടുത്തു.

ഏഷ്യയിലെ ഒരു രാജ്യത്ത് നിന്നും ഉയരുന്ന രോഗത്തെക്കുറിച്ച് വംശീയമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കയായി മാറുകയാണ്. ചൈനീസ് വിരുദ്ധ വികാരം ഉയര്‍ത്തുന്ന വാര്‍ത്തകള്‍ക്ക് അപ്പുറം ഒരു രാജ്യത്ത് ഇരുനൂറിലേറെ പേരുടെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ലോകത്താകമാനം പതിനായിരം പേര്‍ക്ക് രോഗം ബാധിച്ചുകഴിഞ്ഞു. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ പിടിച്ചുനിര്‍ത്താന്‍ വിവിധ രാജ്യങ്ങള്‍ നെട്ടോട്ടത്തിലാണ്.

ഏഷ്യക്കാരുടെ ഭക്ഷണരീതി, ആചാരങ്ങള്‍ എന്നിവ സുരക്ഷിതമല്ലെന്നും, സ്വീകരിക്കാന്‍ പാടില്ലെന്നുമുള്ള തരത്തിലേക്കാണ് ആശങ്ക വഴിമാറുന്നത്. വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന ഏഷ്യന്‍ വംശജര്‍ രോഗം പരത്തുന്നവര്‍ എന്ന തരത്തിലേക്കാണ് നിലപാട് മാറുന്നതെന്നാണ് പരാതി ഉയരുന്നത്. ലണ്ടനില്‍ ബസിലും മറ്റും സഞ്ചരിക്കുമ്പോള്‍ ആളുകള്‍ അടുത്ത് നിന്നും മാറിയിരിക്കുന്ന അനുഭവങ്ങള്‍ പല ഏഷ്യന്‍ മാധ്യമപ്രവര്‍ത്തരും പങ്കുവെച്ച് കഴിഞ്ഞു.

കാനഡയില്‍ ചൈനീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പരിഹസിക്കുകയും, ഒറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വൈറസ് റിപ്പോര്‍ട്ട് ചെയ്യാത്ത ന്യൂസിലാന്‍ഡില്‍ ഒരു സിംഗപ്പൂര്‍ വംശജയ്ക്കും അപമാനം നേരിട്ടു. പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമല്ല വിയറ്റ്മാനില്‍ ഉള്‍പ്പെടെ റെസ്റ്റൊറന്റുകള്‍ക്ക് മുന്നില്‍ ‘ചൈനക്കാര്‍ക്ക് പ്രവേശനമില്ലെന്ന്’ എഴുതിവെയ്ക്കുന്ന തരത്തിലേക്കാണ് ഭയം വളര്‍ന്നിരിക്കുന്നത്.

Top