വേനല്‍ കടുക്കുന്നു,അണക്കെട്ടുകളിലെ ജലനിരപ്പും കുറയുന്നു;സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വേനല്‍ ആരംഭത്തില്‍ തന്നെ സംസ്ഥാനത്ത് കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. ജലസ്രോതസുകള്‍ എല്ലാം തന്നെ വറ്റി വരണ്ട അവസ്ഥയാണുള്ളത്. പുഴകളിലും തോടുകളിലും നീരൊഴുക്ക് കുറഞ്ഞതോടെ അണക്കെട്ടുകളിലെ ജലനിരപ്പും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.

ഇടുക്കി അടക്കമുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് അമ്പത് ശതമാനത്തിന് താഴേയ്‌ക്കെത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 47 ശതമാനമാണ്. പമ്പ അണക്കെട്ടില്‍ 52 ശതമാനം, ഷോലയാറില്‍ 49, ഇടമലയാറില്‍ 49, പൊന്മുടിയില്‍ 37 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്.

അതേസമയം, സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നുവെന്നാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തല്‍. അങ്ങനെയുണ്ടായാല്‍ വലിയ വിലയ്ക്ക് വൈദ്യുതി പുറത്ത് നിന്ന് വാങ്ങേണ്ടിവരും. ഈ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കാനുള്ള വൈദ്യുതി ബില്‍ കുടിശിക തിരിച്ചുപിടിക്കുന്നതിനുള്ള നീക്കവും സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. മൂവായിരം കോടിയോളം രൂപയാണ് കുടിശിക ഇനത്തില്‍ കിട്ടാനുള്ളത്. ഇതില്‍ രണ്ടായിരം കോടി രൂപ വാട്ടര്‍ അതോറിറ്റിയുടെ മാത്രമാണ്. വേനല്‍ മഴ കാര്യമായി പെയ്തില്ലെങ്കില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുകയും ഇതോടെ സംസ്ഥാനത്തെ വൈദ്യുതി ഉല്‍പ്പാദനം വലിയ പ്രതിസന്ധിയിലാവുകയും ചെയ്യും.

Top