അവശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളുടെ സമയക്രമമായി

മുംബൈ: ഈ സീസണ്‍ ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സങ്ങള്‍ സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കും. മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെയാണ് രണ്ടാം ഘട്ടത്തിന് തുടക്കമാവുന്നത്. 31 മത്സരങ്ങാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത്. ഒക്ടോബര്‍ 15നാണ് ഫൈനല്‍.

13 മത്സരങ്ങള്‍ക്ക് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയം വേദിയാകും. ഷാര്‍ജയില്‍ എലിമിനേറ്ററും രണ്ടാം ക്വാളിഫയറും ഉള്‍പ്പെടെ പത്ത് മത്സരങ്ങള്‍ നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം.

എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹി കാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 12 പോയിന്റാണ് അവര്‍ക്കുള്ളത്. 10 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് നാലാം സ്ഥാനത്ത്. ആറ് പോയിന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാമതും രണ്ട് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടാമതുമാണ്.

Top