പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമൊരുങ്ങുന്നു; ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി എംവിഡി

തിരുവനന്തപുരം: പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമൊരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശംനല്‍കി മോട്ടോര്‍വാഹനവകുപ്പ്. ആര്‍.ടി.ഒ.മാരും ജോ. ആര്‍.ടി.ഒ.മാരും 15-നുള്ളില്‍ സ്ഥലം കണ്ടെത്തി മേലുദ്യോഗസ്ഥരെ അറിയിക്കണം. 13.07 സെന്റാണ് ടെസ്റ്റിങ് ട്രാക്കിനു വേണ്ടത്. ട്രാക്ക് ഒരുക്കേണ്ടതും ശുചിമുറികള്‍, കുടിവെള്ളം, വാഹനപാര്‍ക്കിങ് എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും ഉദ്യോഗസ്ഥരുടെ ചുമതലയാണ്. കുറഞ്ഞത് 50 സെന്റെങ്കിലും വേണ്ടിവരും. ഇതിന് ചെലവാകുന്ന തുക എങ്ങനെ കണ്ടെത്തണമെന്നത് സംബന്ധിച്ചുള്ള വിശദീകരണം നല്‍കിയിട്ടില്ല.

പുതിയതായി സ്ഥലംകണ്ടെത്തേണ്ടിവരുന്ന സാഹചര്യത്തില്‍ റവന്യുവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സഹായം തേടാന്‍ നിര്‍ദേശമുണ്ട്. മറ്റുമാര്‍ഗമില്ലെങ്കില്‍ സ്വകാര്യ ഭൂമിയും പരിഗണിക്കാം. ഒമ്പതിടത്തുമാത്രമാണ് മോട്ടോര്‍വാഹനവകുപ്പിന് സ്വന്തം ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങളുള്ളത്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തണമെങ്കില്‍ ഇതിലും മാറ്റംവരുത്തേണ്ടിവരും. ശേഷിക്കുന്ന 77 സ്ഥലങ്ങളില്‍ റവന്യു പുറമ്പോക്കിലും റോഡ് വക്കിലുമൊക്കെയാണ് പരിശോധനനടക്കുന്നത്. മേയ് ഒന്നുമുതല്‍ പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് സ്ഥലംകണ്ടെത്താന്‍ നേരത്തേ മോട്ടോര്‍വാഹനവകുപ്പ് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഡ്രൈവിങ് സ്‌കൂളുകാരോട് ടെസ്റ്റിങ് ഗ്രൗണ്ട് ഒരുക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അവര്‍ എതിര്‍ത്ത പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.

Top