രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും കശ്മീര്‍ ജനതയെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്ന സന്ദര്‍ഭത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രീനഗര്‍ സന്ദര്‍ശിക്കരുതെന്ന് കശ്മീര്‍ പൊതുഭരണ വകുപ്പ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം ഒന്‍പത് തേതാക്കള്‍ ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് ശ്രീനഗറിലേക്ക് രാഷ്ട്രീയ നേതാക്കള്‍ വരരുതെന്ന് ജമ്മു കശ്മീര്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആളുകള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നത് തടസ്സപ്പെടുത്താന്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കരുത്. ശ്രീനഗര്‍ സന്ദര്‍ശിക്കുന്നത് മറ്റു ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അത് കൊണ്ട് രാഷ്ട്രീയ നേതാക്കള്‍ സഹകരിക്കണമെന്നും അധികൃതര്‍ ട്വിറ്റിറിലൂടെ അറിയിച്ചു.

ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് പ്രതിപക്ഷ നിരയിലെ ഒന്‍പത് നേതാക്കളോടൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കള്‍ രാഹുലിനോടൊപ്പമുണ്ടാകും.

സംസ്ഥാനത്തിന്റെ സ്ഥിതി നേരിട്ട് എത്തി വിലയിരുത്താന്‍ ഗവര്‍ണര്‍ സത്യപാലിക് മാലിക്ക് നേരത്തെ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഈ നിര്‍ദ്ദേശം ഗവര്‍ണര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം എംഎല്‍എ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാനായി കശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരിക്കും ഡി രാജയ്ക്കും അദ്ദേഹത്തിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല.

കശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശങ്ക നീക്കുന്നതിന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ഗാന്ധിയടക്കമുള്ളവര്‍ അനുമതി തേടിയിരുന്നു. തുടര്‍ന്നാണ് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രാഹുല്‍ഗാന്ധിയെ കശ്മീര്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചിരിക്കുന്നത്.

Top