മന്ത്രിയും സ്പീക്കറുമായി . . .ഇപ്പോൾ, ഒന്നാംന്തരം കൃഷിക്കാരനും സഖാവ് ! !

മ്യ ഹരിദാസ് എന്ന കോണ്‍ഗ്രസ്സ് എം.പി പോലും, ഏറെ ആശങ്കയോടെ നോക്കി കണ്ട നേതാവാണ് കെ.രാധാകൃഷ്ണന്‍. ആലത്തൂരില്‍ ഈ കമ്മ്യൂണിസ്റ്റായിരുന്നു കളത്തിലെങ്കില്‍, രമ്യയുടെ വിജയ സാധ്യതയെ തന്നെ അത് ബാധിക്കുമായിരുന്നു. ജനപ്രീതിയിലും പ്രതിച്ഛായയിലും അത്രയ്ക്കും മുന്നിലാണ് രാധാകൃഷ്ണന്റെ സ്ഥാനം.

ചെറ്റ കുടിലില്‍ നിന്നും എം.എല്‍.എ ആയും, മന്ത്രിയായും, സ്പീക്കറായും തിളങ്ങിയ രാധാകൃഷ്ണന്‍ ഇന്നും ഒരു സാധാരണക്കാരനാണ്.

സി.പി.എം കേന്ദ്ര കമ്മറ്റി അംഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹത്തിന് കൃഷിയില്‍ തന്നെയാണ് ഇപ്പോഴും താല്‍പ്പര്യം.

ഈ ലോക്ക്ഡൗണ്‍ കാലത്തും അദ്ദേഹത്തിന് വിശ്രമമില്ല.തരിശായി കിടന്ന മണ്ണ് ഇവിടെ പൊന്നാക്കുകയാണ് രാധാകൃഷണന്‍. പതിനഞ്ച് വര്‍ഷം തരിശായിക്കിടന്ന തോന്നൂര്‍ക്കര നരിമട പറമ്പിലെ, എഴുപത് സെന്റ് ഭൂമിയാണ്
ഉഴുതുമറിക്കുന്നത്. ഇവിടെ, കപ്പയും മഞ്ഞളും ചേനയും ഇഞ്ചിയും പടവലവുമാണ് നടുന്നത്. നാടിനെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം. ഈ ഉദ്യമത്തിന് സുഹൃത്തുക്കളും സഖാക്കളുമായ അഞ്ച് പേരും രാധാകൃഷ്ണനൊപ്പമുണ്ട്.

സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ കെ. രാധാകൃഷ്ണന്‍, രണ്ടു വര്‍ഷം തികച്ച ഏപ്രിലിലായിരുന്നു മണ്ണൊരുക്കല്‍ നടന്നിരുന്നത്.

രാധാകൃഷണന്‍ മണ്ണിലിറങ്ങുമ്പോള്‍, മറ്റ് അംഗങ്ങള്‍ക്കും അത് വലിയ ആവേശമാണ് നല്‍കുന്നത്. തോന്നൂര്‍ക്കരയിലെ മോഹനന്റേതാണ് കൃഷി ചെയ്യുന്ന ഈ ഭൂമി. ആഴത്തിലുണ്ടായിരുന്ന മരങ്ങളുടെ വേരുകള്‍ 25 മണിക്കൂര്‍ ജെ.സി.ബി പ്രവര്‍ത്തിപ്പിച്ചാണ് മണ്ണൊരുക്കിയിരുന്നത്. ഇതിനായി സൊസൈറ്റിയില്‍ നിന്ന് 25,000 രൂപ കടമെടുക്കേണ്ടിയും വന്നു. വിത്ത് ഏറിയ പങ്കും ലഭിച്ചിരുന്നത് കൃഷിഭവനില്‍ നിന്നാണ്. ബാക്കിയെല്ലാംപണം കൊടുത്ത് വാങ്ങുകയായിരുന്നു. ഇനിയുള്ളത് കാത്തിരിപ്പാണ്, എല്ലാം വിളഞ്ഞ് പാകമാകുന്നത് കാണാനുള്ള കാത്തിരിപ്പാണത്.

ഇടുക്കി പുള്ളിക്കാനത്തെ, കുന്നും, കാടും, തോട്ടങ്ങളുമെല്ലാമാണ്, രാധാകൃഷ്ണന്റെ മാതാപിതാക്കളായ കൊച്ചുണ്ണിക്കും ചിന്നയ്ക്കും അന്നമായിരുന്നത്.പട്ടിണി കിടന്നും ചോര നീരാക്കിയും മണ്ണില്‍ പണിയെടുത്തവരാണ് ഈ പാവങ്ങള്‍. എട്ടുമക്കളില്‍ രണ്ടാമനായ രാധാകൃഷ്ണന്റെ ബാല്യവും, കൗമാരവും, യൗവനവും കടന്നു പോയത് കല്ല് ചുമന്നും, പാടത്ത് കന്നുപൂട്ടിയും, ചേലക്കരയുടെ മണ്ണില്‍ പണിയെടുത്തുമാണ്. പട്ടികജാതി, വര്‍ഗ മന്ത്രിയായിരുന്നപ്പോഴും ചെറിയ കൂരയിലായിരുന്നു താമസം. പിന്നീടാണ് ചെറിയൊരു വീട് പണിതിരുന്നത്.

എസ്.എഫ്.ഐയിലൂടെയാണ് രാധാകൃഷ്ണന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരുന്നത്.91ല്‍ തൃശൂര്‍ ജില്ലാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.96 -ല്‍ ആയിരുന്നു നിയമസഭയിലേക്കുള്ള പ്രവേശനം.കന്നി തിരഞ്ഞെടുപ്പില്‍ തന്നെ മന്ത്രിയാകാനുള്ള അപൂര്‍വ്വ അവസരവും രാധാകൃഷ്ണന് ലഭിച്ചു. പിന്നീട് 2001ലും 2006ലും 2011ലും വിജയമാവര്‍ത്തിച്ച അദ്ദേഹം, 2006 ലെ തിരഞ്ഞെടുപ്പോടെ നിയമസഭയില്‍ സ്പീക്കറായും മാറുകയുണ്ടായി.രാധാകൃഷ്ണനെ പോലെ ഒരു ചെറുപ്പക്കാരനെ മന്ത്രിയാക്കി ഞെട്ടിച്ച സി.പി.എം,
സ്പീക്കറാക്കിയും രാഷ്ട്രീയ കേന്ദ്രങ്ങളെ വിസ്മയിപ്പിക്കുകയാണുണ്ടായത്.

പാര്‍ലമെന്ററി താല്‍പ്പര്യങ്ങള്‍ തീരെ ഇല്ല എന്നത് മാത്രമല്ല, അഴിമതി തൊട്ടു തീണ്ടിയിട്ടില്ല എന്നതും ഈ കമ്മ്യൂണിസ്റ്റിന്റെ പ്രത്യേകത തന്നെയാണ്.

Express View

Top