ചൈനാ കടൽ വളഞ്ഞ് അമേരിക്ക, സൈനികാഭ്യാസം ഭയന്ന് ചൈന . . .

ക്ഷിണ ചൈന കടലിന്റെ നടുക്ക് യുഎസിന്റെ പടപ്പുറപ്പാട്. രണ്ട് വിമാനവാഹിനി കപ്പലുകളെയാണ് യു.എസ് ചൈന കടലിടുക്കിലേക്ക് അയയ്ക്കുന്നത്. ദക്ഷിണ ചൈനാ കടല്‍ ആരുടേതാണെന്ന തര്‍ക്കം മൂക്കുകയും ചൈന നാവികാഭ്യാസം നടത്തുകയും ചെയ്യുന്ന അതേനേരത്തുതന്നെയാണ് യുഎസിന്റെയും ഈ പടനീക്കം.

24 മണിക്കൂറും യുദ്ധവിമാനങ്ങളെ പറത്താനും ഇറക്കാനും സാധ്യമാകുന്ന സംവിധാനങ്ങള്‍ ഉള്ള യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്നീ വിമാനവാഹിനി കപ്പലുകളാണു ദക്ഷിണ ചൈന കടലില്‍ അണിനിരക്കുക.

ഫിലിപ്പീന്‍സ് കടലിലും ഇവ കര്‍മനിരതമാണ്. ‘മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നു സഖ്യകക്ഷികള്‍ക്കും പങ്കാളികള്‍ക്കും സ്പഷ്ടമായി ബോധ്യപ്പെടുത്തുകയാണ് ഈ സൈനിക പ്രകടനം കൊണ്ടുദ്ദേശിക്കുന്നത്.’ റിയര്‍ അഡ്മിറല്‍ ജോര്‍ജ് എം.വിക്കോഫ് പറഞ്ഞു. ചൈനയുടെ നാവികാഭ്യാസത്തിനുള്ള മറുപടിയല്ല ഇതെന്നും റിയര്‍ അഡ്മിറല്‍ പറഞ്ഞെങ്കിലും അതാണെന്നു പകല്‍ പോലെ വ്യക്തം.

എന്നാല്‍ ദക്ഷിണ ചൈന കടലില്‍ എവിടെയാണ് യു.എസ്. അഭ്യാസപ്രകടനങ്ങള്‍ നടത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് വിമാനവാഹിനി കപ്പലുകള്‍ക്കൊപ്പം നാല് പടക്കപ്പല്‍ കൂടി ഇവയ്‌ക്കൊപ്പം ദക്ഷിണ ചൈന കടലിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

അഞ്ചു ദിവസം നീളുന്ന ശക്തിപ്രകടനത്തിന്റെ ഭാഗമായി ബുധനാഴ്ചയാണു കടലില്‍ ചൈനയുടെ സൈനികാഭ്യാസം തുടങ്ങിയത്. നാവികസേന കപ്പലുകളും കോസ്റ്റ്ഗാര്‍ഡുമാണു പങ്കെടുക്കുന്നത്. ‘ഇവിടെയുള്ള ദ്വീപുകള്‍ നോട്ടമിട്ടവരെയും കൈവശം വച്ചവരെയും സ്വന്തം ശക്തി എത്ര മാത്രമുണ്ടെന്നു തെളിയിക്കുകയാണ് ഇതുകൊണ്ട് ചൈന ഉദ്ദേശിക്കുന്നത്. ഇവിടേക്കു സര്‍വശക്തരായി വരാനാവുമെന്ന മുന്നറിയിപ്പ് ദ്വീപുകളുടെ അധികാരം കയ്യാളുന്ന തെക്കുകിഴക്കനേഷ്യയിലെ മറ്റു രാജ്യങ്ങള്‍ക്കു നല്‍കുകയും ലക്ഷ്യമിടുന്നു’ നാവിക വിദഗ്ധനും വാഷിങ്ടന്‍ കേന്ദ്രമായ ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെല്ലോയുമായ ബ്രയന്‍ ക്ലര്‍ക് പറഞ്ഞു.

‘ഇന്തോപസിഫിക് മേഖലയില്‍ അഭിവൃദ്ധിയും സുരക്ഷയും സ്ഥിരതയും കൊണ്ടുവരികയാണു പടക്കപ്പലുകളുടെ സാന്നിധ്യം കൊണ്ട് യുഎസ് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയപരമോ ലോകത്തിലെ ഇപ്പോഴത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ടതോ ആയ പ്രതികരണമല്ല ഇത്. നമ്മുടെ സേനയ്ക്ക് അത്യാധുനിക പരിശീലന അവസരങ്ങള്‍ ഒരുക്കുക, യുദ്ധമുന്നണിയിലെ പോരാളികള്‍ക്ക് ഏതവസ്ഥയിലും പൊരുതാനുള്ള വഴക്കം സൃഷ്ടിക്കുക, മേഖലയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക തുടങ്ങിയ കാര്യങ്ങളാണു ഉന്നം വയ്ക്കുന്നത്’ യുഎസ് നാവികസേനയുടെ സെവന്‍ത് ഫ്‌ലീറ്റ് വക്താവ് ലഫ്. ജോ ജെയ്‌ലി അഭിപ്രായപ്പെട്ടു.

നാവികസേനയുടെ പ്രകടനം ഏറെക്കാലം മുമ്പേ തീരുമാനിച്ചതാണെന്നും ഇതേസമയത്തുതന്നെയാണു ചൈന പാരാസെല്‍ ദ്വീപില്‍ സൈനികാഭ്യാസം നടത്താന്‍ ഒരുങ്ങിയതെന്നുമാണു യുഎസിന്റെ വിശദീകരണം. ചൈനയുടെ പ്രകടനത്തോടു യുഎസ് ശക്തമായ രീതിയിലാണു പ്രതികരിച്ചത്. ‘തര്‍ക്കപ്രദേശമായ ദക്ഷിണ ചൈന കടലില്‍ സൈനിക പരിശീലനം നടത്താനുള്ള പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) തീരുമാനത്തോടു ഞങ്ങളുടെ തെക്കുകിഴക്കനേഷ്യന്‍ സുഹൃത്തുക്കള്‍ക്കുള്ള എതിര്‍പ്പിനെ യുഎസ് അംഗീകരിക്കുന്നു. അതീവ പ്രകോപനം സൃഷ്ടിക്കുന്നതാണു ചൈനയുടെ നടപടി. ബെയ്ജിങ്ങിന്റെ നിയമവിരുദ്ധമായ അവകാശവാദങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നു.’ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു.

കഴിഞ്ഞു പോയ ആഴ്ചകളില്‍ ചൈനയ്ക്കു കനത്ത വെല്ലുവിളി ഉയര്‍ത്തി പസഫിക് സമുദ്രത്തിലും യുഎസ് പടയൊരുക്കം നടത്തിയിരുന്നു. മൂന്നു വന്‍ വിമാനവാഹിനി കപ്പലുകളുമായി അണിനിരന്ന യുഎസിന്റേത് അസാധാരണ സേനാവിന്യാസമായി വിലയിരുത്തപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ചൈനയ്‌ക്കെതിരെ ഒരേ സമയം മൂന്നു വിമാനവാഹിനിക്കപ്പല്‍ യുഎസ് നാവികസേന വിന്യസിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണു ദക്ഷിണ ചൈന കടലിലെ നാവിക പരിശീലനവും.

ഓരോ കപ്പലിലും അറുപതിലേറെ പോര്‍വിമാനങ്ങളാണുള്ളത്. 2017ല്‍ ഉത്തര കൊറിയയുടെ ആണവായുധ ഭീഷണികളെ തുടര്‍ന്നുള്ള വിന്യാസത്തിനു ശേഷം പസിഫിക് സമുദ്രത്തില്‍ ഇത്രയും യുഎസ് സേനാസാന്നിധ്യം ആദ്യമായിട്ടായിരുന്നു. ഇതില്‍ ചൈന ഏറെ അസ്വസ്ഥപ്പെടുകയും ചെയ്തു. മേഖലയിലെ ബലതന്ത്രത്തില്‍ പിന്തള്ളപ്പെടുമോയെന്ന ഭയത്തിലാണ് അതിവേഗം ചൈനീസ് നാവികപ്പട ദക്ഷിണ ചൈന കടലില്‍ അഭ്യാസങ്ങളുമായി പ്രത്യക്ഷപ്പെട്ടത്. നേരത്തെ വ്യാപാരത്തര്‍ക്കത്തില്‍ രണ്ടു പക്ഷത്തായ യുഎസും ചൈനയും കോവിഡ് മഹാമാരിയുടെ ഉദ്ഭവത്തെച്ചൊല്ലിയും കടുത്ത വാക്‌പോരിലാണ്.

കൊറോണവൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ വിവരം പുറംലോകത്തെ അറിയിക്കാതെ ബെയ്ജിങ് മറ്റുരാജ്യങ്ങളെ ചതിച്ചുവെന്നും നടപടിയെടുക്കണമെന്നും നിരന്തരമായി യുഎസും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ആവശ്യപ്പെടുന്നതിനിടെയാണ് സൈനിക നീക്കം. തര്‍ക്കത്തിലുള്ള ദക്ഷിണ ചൈനാ കടലിലെ സൈനികരെ ഭയപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നു ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസും ചൂണ്ടിക്കാട്ടി.

‘വിമാനവാഹിനി കപ്പലുകളുടെ വിന്യാസത്തിലൂടെ യുഎസ് പസിഫിക് മേഖലയിലെയും ലോകത്തിലെ ആകെത്തന്നെയും ഏറ്റവും കരുത്തരായ നാവിക ശക്തിയാണ് എന്ന് തെളിയിക്കുകയാണ്.

വിമാനവാഹി കപ്പലുകളും യുദ്ധക്കപ്പലുകളും പോര്‍ വിമാനങ്ങളും പസിഫിക്കിലും യുഎസ് വിന്യസിച്ചിട്ടുണ്ട്. കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുമ്പോഴും അടിയന്തര സാഹചര്യം കണക്കിലെടുത്താണു ഗുവാമില്‍ പട്രോളിങ് നടത്തുന്നതിനിടെ തിയോഡോര്‍ റൂസ്‌വെല്‍റ്റ് ഇവിടെ എത്തിയത്. കോവിഡ് ഭീതി മുതലെടുത്തു ദക്ഷിണ ചൈന കടലില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ചൈന പിടിച്ചടക്കുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്നായിരുന്നു യുഎസ് നീക്കം. മേയിലും ചൈനയ്‌ക്കെതിരെ അമേരിക്കയുടെ അപ്രതീക്ഷിത നടപടിയുണ്ടായി. ദക്ഷിണ ചൈനാക്കടലിലെ തര്‍ക്ക പ്രദേശത്തിന് സമീപം നാല് ബി-1 ബി ഹെവി ബോംബറുകളെയും നൂറുകണക്കിനു സൈനികരെയുമാണു യുഎസ് വ്യോമസേന വിന്യസിച്ചത്.

മാവോ സെ ദൂങ്ങിന്റെ കാലം മുതല്‍ ദക്ഷിണ ചൈന കടല്‍ ആരുടേതാണെന്ന തര്‍ക്കം സജീവമാണ്. ദക്ഷിണ ചൈനാക്കടലിലുള്ള അവകാശത്തിനു രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ടെന്നാണു ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. 1948 ല്‍ കടലിന്റെ ഭൂപടത്തില്‍ 9 വരകളിട്ട് ചൈന അടയാളപ്പെടുത്തിയ മേഖലകളെല്ലാം അവരുടേതാണെന്നാണു വാദം. ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, മലേഷ്യ, തയ്വാന്‍, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങളും മേഖലയില്‍ അവകാശവാദമുന്നയിക്കുന്നു. വന്‍ എണ്ണനിക്ഷേപമുള്ള മേഖലയില്‍ സമ്പൂര്‍ണാധിപത്യമാണ് ചൈനയുടെ ലക്ഷ്യം.

ഇന്ത്യ ഉള്‍പ്പെടെ പ്രമുഖ രാജ്യങ്ങള്‍ക്കൊന്നും അവഗണിക്കാനാവാത്ത അതിപ്രധാന സമുദ്ര മേഖലയാണിതെന്നു ചുരുക്കം. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഖനിയായ ദക്ഷിണ ചൈനാക്കടലിനു മേല്‍ നിയന്ത്രണം സ്ഥാപിക്കാനാണു ചൈന വിയറ്റ്‌നാമിനെ ആക്രമിച്ചത്. കടലിലെ ചൈനീസ് പ്രകോപനങ്ങള്‍ക്കെതിരായ ആസിയാന്‍ കൂട്ടായ്മയുടെ വികാരം ഇന്ത്യയും ഏറ്റെടുത്തു. 2015 ല്‍ വൈറ്റ് ഹൗസിന് മുന്നില്‍ നിന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് പറഞ്ഞു, ദക്ഷിണ ചൈനാക്കടലില്‍ സൈനിക വിന്യാസം ഞങ്ങളുടെ ലക്ഷ്യമല്ല. പക്ഷേ തൊട്ടുത്ത ദിവസം മുതല്‍ തര്‍ക്കത്തിലുള്ള പലദ്വീപുകളും സ്വന്തമാണെന്നു ചൈന പ്രഖ്യാപിച്ചു.

ലോക രാജ്യങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ കടലില്‍ അത്യാധുനിക കപ്പല്‍വേധ മിസൈലുകള്‍ വിന്യസിച്ചു. ഇതോടെ ചെറുരാജ്യങ്ങള്‍ക്ക് പിന്തുണയുമായി യുഎസ് രംഗപ്രവേശം ചെയ്തു. അയല്‍ രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചു കടലില്‍ ചൈനീസ് പട്ടാളം കൃത്രിമദ്വീപും വിമാനത്താവളവും പണിതു.

ആക്രമിക്കാനല്ല, ഇന്ത്യപസിഫിക് മേഖലയിലെ ചൈനയുടെ സ്വേച്ഛാപരമായ നടപടികള്‍ക്കും കടന്നുകയറ്റത്തിനും എതിരായാണ് ഇന്ത്യയുഎസ്ജപ്പാന്‍ഓസ്‌ട്രേലിയ സഖ്യരൂപീകരണമുണ്ടായത്. കോവിഡ് കാലത്തും ദക്ഷിണ ചൈനക്കടല്‍ സംഘര്‍ഷ മേഖലയായി. തര്‍ക്ക മേഖലയില്‍ വിയറ്റ്‌നാമിന്റെ മത്സ്യബന്ധന ബോട്ട് ചൈനീസ് കോസ്റ്റ്ഗാര്‍ഡ് മുക്കിയതു വന്‍വിവാദമായിരുന്നു.

ചൈനീസ് നാവികസേനയുടെ കരുത്ത് ലോകത്തിനു മുന്നില്‍ തെളിയിച്ച് 2018ല്‍ ദക്ഷിണ ചൈനാ കടലില്‍ അവര്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തി. ഷി ചിന്‍പിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാവികക്കരുത്തു തെളിയിക്കലായിരുന്നു അത്. 10,000 നാവികരും 48 യുദ്ധകപ്പലുകളും 76 യുദ്ധവിമാനങ്ങളും അഭ്യാസപ്രകടനങ്ങളില്‍ പങ്കാളികളായി. യുഎസിന്റേതുള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിടാനാവും എന്ന മുന്‍കൂര്‍ മറുപടി കൂടിയായിരുന്നു ഈ അഭ്യാസം.

പല രാജ്യങ്ങള്‍ അവകാശമുന്നയിക്കുന്ന മണ്ണിനായാണു ചൈനയും യുഎസും പോരടിക്കുന്നത്. പരിശീലനം കഴിഞ്ഞ് ആയുധങ്ങള്‍ ആവനാഴിയിലിട്ടു ചീനപ്പട്ടാളം മടങ്ങുമ്പോള്‍ സര്‍വസന്നാഹങ്ങളുമായാണു യുഎസ് യുദ്ധപ്പടയുടെ വരവ്. മികച്ച സുഹൃത്തായ ഇന്ത്യയുമായും അതിര്‍ത്തിയില്‍ കൊമ്പുകോര്‍ക്കുന്ന ചൈനയെ വിറപ്പിക്കാന്‍ തന്നെയാണു യുഎസിന്റെ പടനീക്കങ്ങളെന്നതു പകല്‍പോലെ വ്യക്തം. ആണവായുധം വഹിക്കാവുന്ന പോര്‍വിമാനങ്ങള്‍ സദാസജ്ജമായ നിമിറ്റ്‌സും റൊണാള്‍ഡ് റീഗനും ഉള്‍പ്പെടുന്ന കപ്പല്‍പ്പട സൈനികാഭ്യാസങ്ങളുമായി റോന്തു ചുറ്റുമ്പോള്‍ അതിന്റെ പ്രകമ്പനം 2500 കിലോമീറ്ററോളം അകലെയുള്ള ബെയ്ജിങ്ങിലും മുഴങ്ങുമെന്നു യുഎസിനു നിശ്ചയമാണ്.

വിയറ്റ്‌നാമും ചൈനയും അവകശവാദം ഉന്നയിക്കുന്ന പാരസെല്‍ ദ്വീപുകള്‍ക്ക് സമീപം ജൂലായ് ഒന്നു മുതല്‍ അഞ്ച് ദിവസത്തെ അഭ്യാസപ്രകടനങ്ങളാണ് ചൈന ആരംഭിച്ചിട്ടുള്ളത്. ചൈനയുടെ ഈ നീക്കത്തിനെതിരെ വിയറ്റ്‌നാമും ഫിലിപ്പിന്‍സും കടുത്ത വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു.

Top