ജാര്‍ഖണ്ഡും പോയി; ഒറ്റക്കെട്ടായ പ്രതിപക്ഷത്തിന് എതിരെ ബിജെപിക്ക് പുതിയ തന്ത്രം വേണമെന്ന് ഫഡ്‌നാവിസ്

ജാര്‍ഖണ്ഡിലെ ഭരണം ജെഎംഎംകോണ്‍ഗ്രസ്ആര്‍ജെഡി സഖ്യത്തിന് മുന്നില്‍ ബിജെപിക്ക് നഷ്ടമായതിന് പിന്നാലെ പ്രതികരണവുമായി മഹാരാഷ്ട്ര ബിജെപി നേതാവും, മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കുന്നത് വെല്ലുവിളിയായി മാറുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ ബിജെപി പുതിയ തന്ത്രം മെനയണമെന്നാണ് ഫഡ്‌നാവിസ് ചൂണ്ടിക്കാണിക്കുന്നത്.

‘വിവിധ രാഷ്ട്രീയ കക്ഷികളുള്ള ഇടങ്ങളില്‍ 40 ശതമാനം വോട്ട് വിഹിതം നേടാന്‍ കഴിയുന്ന തരത്തിലാകണം നമ്മുടെ രാഷ്ട്രീയം, രണ്ട് പാര്‍ട്ടികള്‍ ഉള്ള ഇടങ്ങളില്‍ 50 ശതമാനം വോട്ട് വിഹിതം നേടാനാണ് ശ്രദ്ധിക്കേണ്ടത്. രാഷ്ട്രീയ കണക്കുകള്‍ മനസ്സിലാക്കി വേണം ശക്തി വര്‍ദ്ധിപ്പിക്കാന്‍’, ദേവേന്ദ്ര ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്രയില്‍ ക്യാബിനറ്റ് വികസനം സാധ്യമാകാത്തത് ഗുരുതര സ്ഥിതിയാണ് സൃഷ്ടിക്കുന്നതെന്ന് ഫഡ്‌നാവിസ് ആരോപിച്ചു. പഴയ കാലത്തേക്ക് നോക്കിയാല്‍ ഇത്തരം സര്‍ക്കാരുകളൊന്നും അധികം ആയുസ്സിലാത്തവയാണ്. ഈ കേസിലും ഇത് തന്നെ സംഭവിക്കുമെന്നാണ് തോന്നുന്നത്, ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക കടങ്ങള്‍ സമ്പൂര്‍ണ്ണമായി എഴുതിത്തള്ളുമെന്നാണ് ഉദ്ധവ് താക്കറെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളല്‍ ഈ വിധത്തിലുള്ളതല്ലെന്നും ഫഡ്‌നാവിസ് പ്രതികരിച്ചു. എന്‍ആര്‍സി, സിഎഎ വിഷയങ്ങള്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത് കൊണ്ടാണ് ഇത് വിവാദമായി മാറിയത്. ഒരു ഇന്ത്യന്‍ പൗരന്റെയും പൗരത്വം സിഎഎ തള്ളുന്നില്ലെന്നും ഫഡ്‌നാവിസ് ചൂണ്ടിക്കാണിച്ചു.

Top