ഭൂട്ടാന്‍ പൊതുതെരഞ്ഞെടുപ്പ്; ഇന്ത്യയുമായുള്ള ബന്ധം പ്രധാന ചര്‍ച്ച!

ന്യൂഡല്‍ഹി: ഭൂട്ടാന്റെ പൊതു തെരഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കുന്നു. ധ്രുക്ക് ന്യാംറപ് ഷോക്പാ (ഡിഎന്‍ടി), ധ്രുക്ക് ഫ്യുന്‍സം ഷോക്പാ (ഡിപിറ്റി) എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖ പാര്‍ട്ടികള്‍. സെപ്റ്റംബര്‍ 15 ന് നടന്ന ആദ്യഘട്ടത്തില്‍ ഈ രണ്ട് പാര്‍ട്ടികളാണ് അവസാന ഘട്ടത്തിന് യോഗ്യത നേടുന്നത്. പിഡിപിയ്ക്ക് കനത്ത തിരിച്ചടിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.

2013 തെരഞ്ഞെടുപ്പില്‍ പാചക വാതക വില വര്‍ദ്ധനവും മണ്ണെണ്ണയുടെ വില വര്‍ദ്ധനവുമായിരുന്നു പ്രധാനപ്പെട്ട പ്രചരണ ആയുധം. ഇന്ത്യയുമായുള്ള ബന്ധം ഭൂട്ടാന്‍ തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം തന്നെയാണ്. രാജ്യത്തെ രാഷ്ട്രീയം തീരുമാനിക്കുന്നത് പോലും ഒരു തരത്തില്‍ പറഞ്ഞാല്‍ ഇന്ത്യയാണ്. ദേശീയ സുരക്ഷയാണ് മറ്റൊ രു പ്രധാനപ്പെട്ട പ്രചരണ ആയുധം. ഭരണ കക്ഷിയെ പിന്നോട്ട് വലിച്ചതും ഇത്തരം വിഷയത്തില്‍ പ്രതിപക്ഷ ആരോപണം വളരെ ശക്തമായതിനെത്തുടര്‍ന്നാണ്.

2017ല്‍ ഭൂട്ടാന്‍ അതിര്‍ത്തിയിലാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങളുടെ ഭാഗമായി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇത് വിദേശ നയത്തെയും രാജ്യ സുരക്ഷയെയും വലിയ അളവില്‍ സ്വാധീനിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിവിധ പാര്‍ട്ടി അംഗങ്ങളുടെ ഇടപെടലുകളാണ് വലിയ തലവേദന. ചൈനയുടെ ഏറ്റവും വലിയ മൊബൈല്‍ ചാറ്റ് ആപ്ലിക്കേഷനായ വീ ചാറ്റാണ് ഇതിനായി ഏറ്റവുമധികം ഉപയോഗിക്കുന്നത്. വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിക്കുന്നുണ്ട്. 20 സോഷ്യല്‍ മീഡിയ നിരീക്ഷണ സംവിധാനങ്ങളാണ് കമ്മീഷന്‍ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ വലിയ ശ്രമകരമായ ഉദ്യമമാണ് ഇതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ദിനം പ്രതി സമൂഹമാധ്യമ ഗ്രൂപ്പുകള്‍ ഉണ്ടാകുന്നതായും അധികൃതര്‍ അറിയിച്ചു.

17 കേസുകളാണ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ അഞ്ചെണ്ണവും വിവിധ പാര്‍ട്ടികള്‍ ഇന്ത്യ-ഭൂട്ടാന്‍ ബന്ധത്തെ രാഷ്ട്രീയ ലാഭത്തിനായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ചുള്ളതാണ്. ഡിഎന്‍ടി മത്സരത്തില്‍ വിജിച്ചാല്‍ ഇന്ത്യ-ഭൂട്ടാന്‍ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുള്ളതായിരുന്നു ഒരു ആരോപണം.

ഭൂട്ടാനെ സംബന്ധിച്ച് രാജ്യത്തിന്റെ സാമ്പത്തിക ക്രമം ഇന്ത്യയുമായുള്ള ബന്ധത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതു കൊണ്ട് തന്നെ വിദേശ നയം എല്ലാത്തരത്തിലും തെരഞ്ഞെടുപ്പിനെ ബാധിക്കുന്നു.

വിവിധ പദ്ധതികള്‍ക്ക് ഇന്ത്യ ഭൂട്ടാനെ സഹായിക്കുന്നുണ്ട്. രാജ്യത്തെ ആദ്യ ഹൈഡ്രോ പവര്‍ പദ്ധതി ഇന്ത്യയുടെ സഹായത്തോടെയാണ് ഭൂട്ടാന്‍ ആവിഷ്‌ക്കരിക്കുന്നത്. 600 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. 2014 ജൂലൈയിലാണ് നരേന്ദ്രമോദി പദ്ധതിയ്ക്ക് തറക്കല്ലിടുന്നത്.

2018ല്‍ അവസാനിക്കുന്ന ഇന്ത്യയുടെ പഞ്ചവത്സര പദ്ധതിയില്‍ ഭൂട്ടാന്റെ നാലില്‍ ഒരു ഭാഗം വിദേശ സഹായവും ഇന്ത്യയാണ് നല്‍കുന്നത്. അടുത്ത പദ്ധതിയില്‍ ഇത് പകുതിയോളമാകുമെന്നാണ് പ്രതീക്ഷ.

ഇന്ധന വില വര്‍ധനവ് ഭൂട്ടാനിലെയും പ്രധാനപ്പെട്ട പ്രശ്‌നമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ നിലയിലാണ് ഇപ്പോള്‍ ഇവിടെ വില വര്‍ദ്ധിച്ചിരിക്കുന്നത്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്ഥമല്ലാത്തതിനാല്‍ പരസ്പര ബന്ധത്തെ അത് ബാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

Top