കെ-റെയില്‍ പദ്ധതിയുമായി മുമ്പോട്ടുപോകാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല

കോട്ടയം: നവകേരള സദസ്സിന് ബദലായി കോട്ടയത്ത് കേരള സംരക്ഷണ ജനകീയ സദസ് നടത്തി. ജനകീയ സദസ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നവ കേരള സദസ്സില്‍ പണമുള്ളവരുടെയും പൗരപ്രമുഖരുടെയും മാത്രം ആവശ്യങ്ങള്‍ കേള്‍ക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്ന് ആവശ്യം ഉന്നയിച്ചാണ് ജനകീയ സദസ്സ്.

കോട്ടയം കളക്ടറേറ്റ് മുന്‍പില്‍ നടന്ന ജനകീയ സദസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്, ജോസഫ് പുതുശ്ശേരി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും കെ-റെയില്‍ സമരസമിതി തകര്‍ത്തുവരും പങ്കെടുത്തു. പാവപ്പെട്ടവരെ വഞ്ചിക്കുന്ന കെ-റെയില്‍ പദ്ധതിയുമായി മുമ്പോട്ടുപോകാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വന്ദേഭാരത് എക്സ്പ്രസ് വന്നതോടുകൂടി തന്നെ കെ-റെയില്‍ അനാവശ്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. റെയില്‍വെട്രാക്കിലൂടെയുള്ള സിഗ്‌നലിങ് സംവിധാനം ശരിയാക്കാനും വളവുകള്‍ നിവര്‍ത്താനും ഞങ്ങള്‍ അന്ന് പറഞ്ഞതാണ്. യാതൊരുവിധ പഠനങ്ങളും നടത്താതെ ജനങ്ങളെ കുരുതി കൊടുക്കുന്ന, അനാഥമാക്കുന്ന, പാവപ്പെട്ടവനെ വഞ്ചിക്കുന്ന ഈ നടപടിയുമായി മുന്നോട്ട് പോവാന്‍ അനുവദിക്കില്ല. അതുകൊണ്ട് കൂറ്റനാട് നിന്ന് അപ്പമുണ്ടാക്കി വൈകുന്നേരം കൊച്ചിയില്‍ കൊണ്ടുവന്ന് വിറ്റ് തിരിച്ചു കൂറ്റനാട് വരാന്‍ ആഗ്രഹിക്കുന്നവരോട് പറയുന്നു, അത് വന്ദേഭാരതില്‍ പോയി വിറ്റാല്‍ മതി. അതിനു വേണ്ടി ഗോവിന്ദന്‍ വെച്ച വെള്ളം വാങ്ങിയാല്‍ മതി. അത് കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല, രമേശ് ചെന്നിത്തല പറഞ്ഞു.

Top