കസ്റ്റഡിയില്‍ ആര്യന്‍ ഖാന്‍ വായിക്കാന്‍ ആവശ്യപ്പെട്ടത് ശാസ്ത്ര പുസ്തകങ്ങള്‍; ഭക്ഷണം റസ്റ്റോറന്റില്‍ നിന്ന്

മുംബൈ: ലഹരിമരുന്ന് കേസില്‍ എന്‍.സി.ബി.യുടെ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്‍ വായിക്കാന്‍ ചോദിച്ചത് ശാസ്ത്ര പുസ്തകങ്ങള്‍. കസ്റ്റഡിയില്‍ കഴിയുന്നതിനിടെ ആര്യന്‍ ഖാന്‍ ശാസ്ത്ര പുസ്തകങ്ങളാണ് വായിക്കാന്‍ ചോദിച്ചതെന്നും ആര്യന്റെ ആവശ്യപ്രകാരം എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ഇത് നല്‍കിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്‍.സി.ബി. കസ്റ്റഡിയില്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കാത്തതിനാല്‍ ആര്യന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഹോട്ടലില്‍ നിന്നാണ് ഭക്ഷണം ഏര്‍പ്പാടാക്കിയിരിക്കുന്നത്. എന്‍.സി.ബി. ആസ്ഥാനത്തിന് സമീപത്തെ നാഷണല്‍ ഹിന്ദു റസ്റ്റോറന്റില്‍ നിന്നാണ് പ്രതികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ, ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെയും മറ്റുള്ളവരെയും എന്‍.സി.ബി. സംഘം ചോദ്യംചെയ്തുവരികയാണ്. വിശദമായ അന്വേഷണത്തിനായി ആര്യന്റെ മൊബൈല്‍ ഫോണ്‍ ഗാന്ധിനഗറിലെ ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയില്‍ ഫോണില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കണ്ടെടുക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

 

Top