ആര്യന്‍ ഖാന് സമന്‍സ്; ഇന്ന് രാത്രി തന്നെ വീണ്ടും ചോദ്യം ചെയ്‌തേക്കും

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ വീണ്ടും ചോദ്യംചെയ്യും. ഡല്‍ഹിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ആര്യന്‍ ഖാന് സമന്‍സ് അയച്ചു. ആര്യന്റെ ചോദ്യംചെയ്യല്‍ ഇന്ന് രാത്രിയോടെ ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്.

അന്വേഷണവുമായി ബന്ധപ്പെട്ട് എപ്പോള്‍ വിളിച്ചാലും ചോദ്യംചെയ്യലിന് ഹാജരാകണം എന്നത് ആര്യന്റെ ജാമ്യവ്യവസ്ഥകളില്‍ ഒന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ, കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും സമീര്‍ വാങ്കഡെയെ മാറ്റിയിരുന്നു. കേസ് എന്‍സിബി ഉദ്യോഗസ്ഥന്‍ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കേസ് അന്വേഷണത്തിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നീക്കം.

മുംബൈ ആഡംബര കപ്പല്‍ ലഹരി വിരുന്ന് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ തന്നെ വിവാദത്തില്‍ അകപ്പെട്ടതോടെയാണ് അന്വേഷണ ചുമതലയില്‍ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റാനുള്ള തീരുമാനം.

Top