ആര്യന്‍ ലഹരിക്ക് അടിമയെന്ന് എന്‍സിബി; ജാമ്യാപേക്ഷയില്‍ വിധി 20ന്

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്നിനിടെ അറസ്റ്റിലായ ബോളിവുഡ് നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). മുംബൈ സെഷന്‍സ് കോടതിയില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് എന്‍സിബി ഇക്കാര്യം വ്യക്തമാക്കിയത്.

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വാദം പൂര്‍ത്തിയായി. ഒക്ടോബര്‍ 20ന് വിധി പറയും. അടുത്ത അഞ്ചു ദിവസത്തേക്ക് കോടതി അവധിയായയതിനാലാണ് വിധി ഒക്ടോബര്‍ 20ലേക്ക് മാറ്റിയത്.

ആര്യന്‍ ഖാന്‍ ഒരിക്കല്‍ മാത്രമല്ല ലഹരി ഉപയോഗിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്നു. ആര്യന്‍ ഖാന്റെ സുഹൃത്ത് അര്‍ബാസിന്റെ പക്കല്‍നിന്ന് ആറു ഗ്രാം ചരസ് പിടിച്ചെടുത്തു. കൈവശം ലഹരിമരുന്നുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോള്‍, തന്റെ ഷൂസില്‍ ലഹരിമരുന്ന് ഉണ്ടെന്ന് അര്‍ബാസ് പറഞ്ഞു. ക്രൂസില്‍ ആര്യനൊപ്പം ലഹരി ഉപയോഗിക്കാന്‍ പോയതാണെന്ന് അര്‍ബാസ് സമ്മതിച്ചെന്ന് എന്‍സിബിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിസ്റ്റര്‍ ജനറല്‍ അനില്‍ സിങ് പറഞ്ഞു.

ആര്യന്‍ ഖാന് ജാമ്യം നല്‍കുന്നതിനെതിരെ വാദിച്ച അദ്ദേഹം, ഇത് മഹാത്മാഗാന്ധിയുടെ നാടാണെന്നും ലഹരി ഉപയോഗം ചെറുപ്പക്കാരെ ബാധിക്കുന്നുവെന്നും കോടതിയെ അറിയിച്ചു. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ മനസ്സില്‍ ഇതൊന്നുമില്ല. ഇത് മഹാത്മാ ഗാന്ധിയുടെയും ബുദ്ധന്റെയും മണ്ണാണ്. അന്വേഷണം ഇപ്പോള്‍ പ്രാഥമിക ഘട്ടത്തിലാണ്. ഇപ്പോള്‍ ജാമ്യം നല്‍കുന്നതിനുള്ള ഘട്ടമല്ലെന്നും അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗം കുട്ടികളെ ബാധിക്കുന്നു. അവര്‍ കോളജില്‍ പോകുന്ന കുട്ടികളാണ്. പക്ഷേ അതു ജാമ്യത്തിനായി പരിഗണിക്കേണ്ടതില്ല. നമ്മുടെ രാജ്യത്തിന്റെ ഭാവി ഈ തലമുറയെ ആശ്രയിച്ചിരിക്കുന്നു.’ – അനില്‍ സിങ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആര്യനെതിരായ അനധികൃത ലഹരി കടത്ത് ആരോപണം അസംബന്ധമാണെന്നും ആര്യന്‍ കപ്പലില്‍ പോലും ഉണ്ടായിരുന്നില്ലെന്നും ആര്യന്റെ അഭിഭാഷകന്‍ അമിത് ദേശായി പറഞ്ഞു.

Top