ആര്യൻഖാൻ കുറ്റവിമുക്തനായാൽ, ഷാരൂഖ് ഖാൻ കളത്തിൽ ഇറങ്ങും ?

യക്കുമരുന്ന് കേസില്‍ തുറങ്കിലടക്കപ്പെട്ട ആര്യന്‍ ഖാന്‍ കേസ് മറാത്ത രാഷ്ട്രീയത്തെയും ഇപ്പോള്‍ ആകെ ഇളക്കി മറച്ചിരിക്കുകയാണ്. ആര്യന്റെ പിതാവും ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായ ഷാരൂഖ് ഖാന്റെ പ്രീതിപിടിച്ചു പറ്റുവാനാണ് അണിയറയില്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നത്. എന്‍.സി.പി, ശിവസേന തുടങ്ങിയ പ്രമുഖ പാര്‍ട്ടികള്‍ ആര്യന്‍ഖാനെതിരായ കേസിനെ സംശയത്തോടെയാണ് നോക്കി കാണുന്നത്. കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള എന്‍.സി.ബിയാണ് ആഢംബര കപ്പലില്‍ നിന്നും ആര്യന്‍ഖാനെ പിടികൂടിയിരുന്നത്. ഇതൊരു ‘ട്രാപ്പ് ‘ ആയിരുന്നു എന്ന പ്രചരണമാണ് പുതിയ വെളിപ്പെടുത്തലിലൂടെ ശക്തമായിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കാണ്. എന്‍.സി.പി നേതാവ് കൂടിയായ മാലിക്ക് ശരദ് പവാറിന്റെ അനുമതിയില്ലാതെ ഇത്തരം ഒരു പ്രതികരണം നടത്താനുള്ള സാധ്യതയും വളരെ കുറവാണ്. ബോളിവുഡ് താരങ്ങള്‍ പ്രതികളായ കേസുകളില്‍ സമീര്‍ വാങ്കഡെ നിയമവിരുദ്ധമായി ഇടപെട്ടതിന് തെളിവായി എന്‍.സി.ബി ഉദ്യോഗസ്ഥന്‍ അയച്ച കത്താണ് നവാബ് മാലിക് പുറത്തുവിട്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡെ പണം തട്ടിയെന്നാണ് ഈ കത്തില്‍ ആരോപിച്ചിരിക്കുന്നത്.

ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയതായ ഗുരുതര ആരോപണവും കത്തിലുണ്ട്. അഭിഭാഷകനായ അയാസ് ഖാന്‍ വഴിയാണ് പണം കൈപ്പറ്റിയതെന്നാണ് വാദം. തട്ടിപ്പിനായി കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയതാണെന്നും കത്തില്‍ എടുത്ത് പറയുന്നുണ്ട്. ലഹരി മരുന്ന് ഇടപാടുകാരുമായി വാങ്കഡെയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കത്തില്‍ 26 കേസുകളുടെ വിവരങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കത്ത് ഇതിനകം തന്നെ എന്‍.സി.ബി തലവനും കൈമാറിയിട്ടുണ്ട്. ഇതിന്റെ കോപ്പി മഹാരാഷ്ട്ര പൊലീസിന്റെ പക്കലും നിലവിലുണ്ട്. ഇത് ആര്യന്‍ഖാന്‍ കേസിനെ മറ്റൊരു തലത്തിലാണ് എത്തിച്ചിരിക്കുന്നത്.

‘അപ്രസക്തമായ പഴയ ഒരു വാട്‌സ്ആപ്പ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് ആര്യനെതിരായ കേസെന്നും ആഡംബര കപ്പലിലെ മയക്കുമരുന്ന് ഇടപാടുമായി ഇതിന് ഒരു ബന്ധവുമില്ലെന്നുമാണ്’ ആര്യന്‍ ഖാനായി ഹാജരായ പ്രമുഖ അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചിരിക്കുന്നത്. ഈ കേസില്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചാലും ഇല്ലങ്കിലും രാഷ്ട്രീയമായി അത് അനുകൂലമാക്കാനാണ് മഹാരാഷ്ട്രയിലെ ഭരണകൂടവും ശ്രമിക്കുന്നത്. മഹാരാഷ്ട്ര മന്ത്രിയുടെ വെളിപ്പെടുത്തല്‍ നല്‍കുന്ന സൂചനയും അതു തന്നെയാണ്. അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡേയ്ക്ക് എതിരായ ആരോപണം അന്വേഷിക്കാന്‍ അഞ്ചംഗ സംഘത്തെയാണ് എന്‍.സി.ബി ആസ്ഥാനം നിയോഗിച്ചിരിക്കുന്നത്. എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും ചീഫ് വിജിലന്‍സ് ഓഫീസറുമായ ജ്ഞാനേശ്വര്‍ സിങ്ങിനാണ് മേല്‍നോട്ടം ചുമതല നല്‍കിയിരിക്കുന്നത്.

കേസിലെ പ്രധാന സാക്ഷിയായ കിരണ്‍ ഗോസാവിയും വാംഖഡേയും 25 കോടി രൂപയുടെ പണമിടപാട് നടത്തിയെന്ന ഗുരുതര ആരോപണമാണ് കേസിലെ മറ്റൊരു സാക്ഷിയായ പ്രഭാകര്‍ സെയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിന് തന്റെ കൈവശം വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സമീര്‍ വാഖഡെക്കെതിരെ തെളിവുകള്‍ ലഭിച്ചാല്‍ അദ്ദേഹം കേസില്‍ പ്രതിയാകാനുള്ള സാധ്യതയും നിലവിലുണ്ട്. ആര്യന്‍ ഖാന്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കിയതിന് മഹാരാഷ്ട്ര പൊലീസില്‍ തന്നെ പരാതി നല്‍കാനും ആര്യന്‍ഖാന് കഴിയും. അത്തരമൊരു സാഹചര്യം കേന്ദ്ര ഏജന്‍സികളെയാണ് ഏറെ പ്രതിരോധത്തിലാക്കുക.

സമീര്‍ വാംഖഡെയുടെ ഭാര്യ നടിയായ ക്രാന്തി രേദ്കര്‍ ആയതിനാല്‍ സിനിമാരംഗത്തെ കുടിപ്പക ആര്യനെതിരായ കേസിന് പിന്നിലുണ്ടെന്ന വാദവും ഇപ്പോള്‍ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. കാര്യങ്ങള്‍ എന്തായാലും പുറത്ത് വരുന്ന വിവാദങ്ങള്‍ വാദിയെ പ്രതിയാക്കുന്ന തരത്തിലാണിപ്പോള്‍ മാറിയിരിക്കുന്നത്. എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ തെറ്റു ചെയ്‌തെന്ന് തെളിഞ്ഞാല്‍ അത് ഈ കേസിന്റെ നിലനില്‍പ്പിനെ തന്നെയാണ് ബാധിക്കാന്‍ പോകുന്നത്. രാജ്യം ചര്‍ച്ച ചെയ്യുന്ന സെന്‍സിറ്റീവ് വിഷയം ആയതിനാല്‍ കേന്ദ്ര സര്‍ക്കാറും ഗൗരവമായാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെ നോക്കി കാണുന്നത്.

ഷാരൂഖിനെ പോലെയുള്ള വലിയ ഒരു താരത്തെ ശത്രു പാളയത്തിലേക്ക് എറിഞ്ഞു കൊടുക്കാന്‍ ബി.ജെ.പി നേതൃത്വം ഒരുക്കമല്ല. അതുകൊണ്ടു കൂടിയാണ് സമീര്‍ വാംഖഡെക്കെതിരായ അന്വേഷണവും ദ്രുതഗതിയിലാക്കിയിരിക്കുന്നത്. മഹാരാഷ്ട്ര പൊലീസിനു മുതലെടുക്കാനുള്ള ചെയ്യാനുള്ള ഒരവസരം നല്‍കരുതെന്ന അഭിപ്രായം ഇക്കാര്യത്തില്‍ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ക്കുമുണ്ട്.

മകനെ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചതിലെ പക ഷാരൂഖ് ഖാന്‍ തീര്‍ക്കാന്‍ ശ്രമിച്ചാല്‍ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ മാത്രമല്ല വരുന്ന ലോകസഭ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അത് വലിയ വെല്ലുവിളിയായി മാറും. പ്രത്യേകിച്ച് ആര്യന്‍ഖാന്‍ നിരപരാധിയാണെന്ന് കൂടി തെളിഞ്ഞാല്‍ പ്രതിരോധിക്കുക എന്നത് ബി.ജെ.പിയെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടാകാനാണ് സാധ്യത. അടുത്ത അഞ്ചുവര്‍ഷം കൂടി മഹാരാഷ്ട്ര ഭരിക്കണമെന്നതാണ് ശിവസേനയും എന്‍.സി.പിയും അടങ്ങുന്ന മഹാവികാസ് അഘാഡി സഖ്യം ആഗ്രഹിക്കുന്നത്. ആര്യന്‍ഖാന്‍ നിരപരാധിയെന്ന് തെളിഞ്ഞാല്‍ രാജ്യവ്യാപകമായി വിഷയം ഉയര്‍ത്തി കൊണ്ടുവരാനാണ് കോണ്‍ഗ്രസ്സിന്റെയും തീരുമാനം. ആത്യന്തികമായി കോണ്‍ഗ്രസ്സും ആഗ്രഹിക്കുന്നത് ഷാരൂഖ് ഖാന്റെ പിന്തുണ തന്നെയാണ് ….

EXPRESS KERALA VIEW

Top