Aryadan shoukath’s daughter’s marriage celebrated with Nilambur tribes

നിലമ്പൂര്‍: കാടിറങ്ങിയെത്തിയ ആദിവാസി ഗോത്രസമൂഹവും നാട്ടുകാരുമെല്ലാം ഒന്നിച്ച് ഒഴുകിയെത്തിയപ്പോള്‍ ജനപങ്കാളിത്തംകൊണ്ട് അവിസ്മരണീയ അനുഭവമായി വിവാഹവിരുന്ന്.

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനും മുന്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്തിന്റെ മകള്‍ ഓഷിന്‍ സാഗയുടെ വിവാഹവിരുന്നാണ് നാല്‍പ്പതിനായിരത്തിലേറെപ്പേരുടെ പങ്കാളിത്തം കൊണ്ട് നിലമ്പൂരിന് ഉത്സവമായത്.

ഓഷിന്‍ സാഗയും കോഴിക്കോട് ഫറൂഖ് കല്ലംമ്പാറയിലെ ദാറുല്‍ശിഫ വീട്ടിലെ ഡോ. എ. മുഹമ്മദ് ഹനീഫയുടെയും ആയിഷയുടെയും മകന്‍ മൂസ അര്‍ഷാദും തമ്മിലുള്ള സത്രീധനരഹിത വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.

നിലമ്പൂര്‍ നഗരസഭയിലെ മുഴുവന്‍ വോീടുകളിലും ക്ഷണക്കത്തു നല്‍കി വിളിച്ചാണ് നിലമ്പൂര്‍ പാട്ടുത്സവത്തിന്റെ ഭാഗമായി കലാപരിപാടികള്‍ അരങ്ങേറുന്ന പാട്ടങ്ങാടിയില്‍ വിവാഹ വിരുന്ന് ഒരുക്കിയത്.

ഗ്രീന്‍ ആര്‍ട്ട് ഓഡിറ്റോറിയത്തോട് ചേര്‍ന്ന് പ്രത്യേക പന്തലൊരുക്കിയായിരുന്നു വിരുന്ന്. വലിപ്പ ചെറുപ്പവും കക്ഷി രാഷ്ട്രീയ ഭേദവുമില്ലാതെ നിലമ്പൂര്‍ ജനാവലിമുഴുവന്‍ വിവാഹ വിരുന്നിലേക്ക് ഒഴുകിയെത്തുകയായിരുന്നു. എല്ലാവരെയും സ്വീകരിക്കാന്‍ കാരണവരായി നിലമ്പൂരുകാരുടെ കുഞ്ഞാക്കയായ മന്ത്രി ആര്യാടന്‍ മുഹമ്മദും ബാപ്പുട്ടിയായ ആര്യാടന്‍ ഷൗക്കത്തും.

index

ബാപ്പുട്ടിയുടെ മകളുടെ വിവാഹം സ്വന്തം കുടുംബത്തിലെ കല്യാണമായി കണ്ടാണ് നാട്ടുകാര്‍ ഒഴുകിയെത്തിയത്. മൂപ്പന്‍മാരുടെ നേതൃത്വത്തിലാണ് ആദിവാസി ഗോത്രസമൂഹത്തില്‍ നിന്നുള്ളവര്‍ വിരുന്നിനെത്തി വധൂവരന്‍മാര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞത്. കാടിനുള്ളിലെ പാട്ടക്കരിമ്പ്, അപ്പന്‍കാപ്പ്, മുണ്ടക്കടവ് അടക്കമുള്ള കോളനികളില്‍ നിന്ന് ആദിവാസി കുടുംബങ്ങളും എത്തിയിരുന്നു.

നിലമ്പൂര്‍ പാട്ടുത്സവത്തിനു മാത്രം കാടിറങ്ങുന്ന ഇവരില്‍ പലരും പങ്കെടുത്ത ആദ്യ നാട്ടിലെ വിവാഹ ചടങ്ങുകൂടിയായിരുന്നു ഇത്. പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായി 10 വര്‍ഷം നാട്ടുകാരുടെ വികസനകാര്യങ്ങളുമായി ഓടി നടന്നതിനാല്‍ നിലമ്പൂര്‍ നഗരസഭയിലെ എല്ലാ വീട്ടുകാരെയും നേരിട്ടറിയാം. അതിനാല്‍ മകളുടെ വിവാഹം നടത്തുമ്പോള്‍ ആരെയും ഒഴിവാക്കാന്‍ കഴിയില്ല. നഗരസഭയിലെ 11,000 വീടുകളിലും ക്ഷണക്കത്തെത്തിച്ചു. പരമാവധി പേരെ നേരിട്ടും ഫോണിലൂടെയും ക്ഷണിച്ചെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

സ്ത്രീധന വിപത്തിനെതിരെ സ്ത്രീധനരഹിത ഗ്രാമമെന്ന പദ്ധതി നിലമ്പൂരില്‍ നടപ്പാക്കിയ ആര്യാടന്‍ ഷൗക്കത്ത് മകളുടെ വിവാഹത്തിന്റെ ഭാഗമായി നിലമ്പൂരിലെ പാവപ്പെട്ട കുടുംബങ്ങളിലെ മൂന്നു യുവതീ യുവാക്കളുടെ വിവാഹം കൂടി നടത്തിക്കൊടുക്കുന്നുണ്ട്. ഡിസംബര്‍ 13ന് ഗ്രീന്‍ ആര്‍ട്ട്‌ ഓഡിറ്റോറിയത്തില്‍ വച്ചായിരിക്കും ഈ സ്ത്രീധനരഹിത വിവാഹങ്ങളും നടക്കുക.

Top