തോൽവിയിലും വാക്ക് പാലിച്ച് യുവനേതാവ്; പാവപ്പെട്ട കുടുംബത്തിന് വീട് പണിത് നൽകി

നിലമ്പൂര്‍: കാറ്റും മഴയും പേടിക്കാതെ ഗീതക്കും മകള്‍ക്കും ഇനി ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ അന്തിയുറങ്ങാം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുതേടിയെത്തിയപ്പോഴാണ് എടക്കര പള്ളിക്കുത്ത് കരിങ്കോറമണ്ണയിലെ അമ്പലക്കോട് ഗീത വൈകല്യം തളര്‍ത്തിയ മകളുമൊത്ത് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ഷെഡിനുള്ളില്‍ കഴിയുന്ന ദുരിതം കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നേരിട്ടു കാണുന്നത്.

ഗീതയുടെ 29 വയസുള്ള മകള്‍ ബേബിക്ക് പരസഹായമില്ലാതെ ഒന്നിനും കഴിയില്ല. എല്ലാത്തിനും അമ്മ എടുത്തുകൊണ്ടുപോകണം. ശാരീരിക അവശതകാരണം പണ്ടെത്തെ പോലെ മകളെ എടുത്തുകൊണ്ടുപോകാന്‍ ഗീതക്കു കഴിയാതെയായി.

കാറ്റും മഴയും വന്നാല്‍ ഷെഡ് ചോര്‍ന്നൊലിക്കും. പിന്നെ മകളെ എടുത്ത് അടുത്തുള്ള വീടുകളിലേക്കോടണം. മകന്‍ ജയചന്ദ്രനും ഭാര്യയും രണ്ടു മക്കളും ഗീതക്കൊപ്പം ഈ ഷെഡിലാണ് താമസം.

ഇവരുടെ ദുരിത ജീവിതം നേരിട്ടറിഞ്ഞ ആര്യാടന്‍ ഷൗക്കത്ത് വീടു നിര്‍മ്മിച്ചു നല്‍കാന്‍ ആവശ്യമായ സഹായം നല്‍കുമെന്ന ഉറപ്പും നല്‍കിയിരുന്നു. തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെട്ടെങ്കിലും ഗീതക്കും കുടുംബത്തിനും നല്‍കിയ വാക്കു മറന്നില്ല.

പള്ളിക്കുത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി, ഒ.ഐ.സി.സി, ഖത്തര്‍, റിയാദ് കമ്മിറ്റികളും സഹായത്തിനെത്തിയതോടെ മഴക്കാലം എത്തും മുമ്പെ ആറു ലക്ഷം രൂപ ചെലവില്‍ നല്ലൊരു കോണ്‍ക്രീറ്റ് വീട് ഇവര്‍ക്കായി പണിതുയര്‍ത്തി.

ശുചിമുറിയോടുകൂടിയ രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും വരാന്തയുമുണ്ട്. 13ന് വൈകീട്ട് മൂന്നിന് പള്ളിക്കുത്ത് അങ്ങാടിയില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിക്കുന്നത്.

Top