ഫാസിസത്തിനെതിരെയുള്ള കൂട്ടായ്മയെ തകര്‍ക്കാന്‍ സി.പി.എം-സംഘപരിവാര്‍ ധാരണ ആര്യാടന്‍ ഷൗക്കത്ത്

കണ്ണൂര്‍ : ഫാസിസത്തിനെതിരായ മതേതര കൂട്ടായ്മയെ തകര്‍ത്ത് സംഘപരിവാറിനെയും ആര്‍.എസ്.എസിനെയും സഹായിക്കുകയാണ് സി.പി.എം നേതൃത്വമെന്ന് സംസ്‌ക്കാരസാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്.

ഫാസിസത്തിനെതിരെ സാംസ്‌ക്കാരിക പ്രതിരോധമെന്ന മുദ്രാവാക്യവുമായി സംസ്‌ക്കാര സാഹിതി നടത്തുന്ന കലാജാഥ ഇടതുപക്ഷ സഹയാത്രികയായ സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മി ഉദ്ഘാടനം ചെയ്തതില്‍ സി.പി.എം നേതൃത്വം അസ്വസ്ഥരാകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

കോണ്‍ഗ്രസിന്റെ സാംസ്‌ക്കാരിക വിഭാഗം നടത്തുന്ന പരിപാടിയെന്നു പറഞ്ഞുതന്നെയാണ് വര്‍ഷങ്ങളായി പരിചയമുള്ള ശബ്‌നം ഹാഷ്മിയെ ക്ഷണിച്ചത്. സന്തോഷപൂര്‍വ്വം അവര്‍ പരിപാടിയില്‍ പങ്കെടുക്കുകയും നരോന്ദ്രമോദിയും അമിത്ഷായും നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ മതേതരകക്ഷികള്‍ ഒന്നിച്ചു പോരാടണമെന്ന നിലപാട് പങ്കുവെക്കുകയും ചെയ്തു.

ഇത്തരത്തില്‍ മോദിക്കും അമിത്ഷാക്കുമെതിരെ മതേതര കൂട്ടായ്മ ഉയരുന്നതിനെയാണോ സി.പി.എം ഭയക്കുന്നതെന്നു വ്യക്തമാക്കണം.

മതേതരകക്ഷികളുടെ പിന്തുണയോടെ സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാതിരുന്നത് സി.പി.എമ്മിന്റെ വലിയതെറ്റാണെന്ന ശബ്‌നം ഹാഷ്മിയുടെ വിമര്‍ശനത്തെ അംഗീകരിക്കാനുള്ള സഹിഷ്ണുതയാണ് സി.പി.എം നേതൃത്വം കാണിക്കേണ്ടത്.

സാംസ്‌ക്കാരിക പ്രവര്‍ത്തകരെ മുദ്രാവാക്യതൊഴിലാളികളായി കാണരുത്. അവരുടെ അഭിപ്രായങ്ങളും നിലപാടുകളും മുഖവിലക്കെടുക്കണം. തങ്ങള്‍ ആര്‍.എസ്.എസിനെതിരാണെന്ന പ്രചരണം നടത്തുകയും അവരെ വഴിവിട്ട് സഹായിക്കുകയുമാണ് സി.പി.എം. ഭോപ്പാലിലും ഡല്‍ഹിയിലും പിണറായി വിജയനെ ആര്‍.എസ്എസുകാര്‍ തടഞ്ഞപ്പോള്‍ കണ്ണൂരില്‍ കുമ്മനം രാജശേഖരന്റെ ജാഥക്കെത്തിയ യു.പി മുഖ്യമന്ത്രി യോഗിആദിത്യനാഥിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിക്കുകയായിരുന്നു ഇടതുസര്‍ക്കാര്‍.

ഫാസിസത്തിനെതിരെ പൊരുതുന്നവരുടെ രാഷ്ട്രീയം നോക്കാതെ പൊതുവേദി ഒരുക്കുമെന്നും ഷൗക്കത്ത് പറഞ്ഞു. സംസ്‌ക്കാരസാഹിതി കലാജാഥ നയിച്ച് കണ്ണൂരില്‍ എത്തിയപ്പോള്‍ Express Keralaയോട് സംസാരിക്കുകയായിരുന്നു ആര്യാടന്‍ ഷൗക്കത്ത്.

Top