ആര്യാടൻ ഷൗക്കത്ത് വിഭാഗം കോൺഗ്രസ്സ് വിട്ടാൽ , മലപ്പുറത്തെ യു.ഡി.എഫ് കുത്തക തകരും, ആശങ്കയോടെ ലീഗും

ലപ്പുറത്തെ കോണ്‍ഗ്രസ്സ് എന്നു പറഞ്ഞാല്‍, അത് ആര്യാടന്‍ കോണ്‍ഗ്രസ്സാണ്. അതാകട്ടെ ഇപ്പോള്‍ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഖദര്‍ ചുളിയുന്നതു പോലും ഇഷ്ടപ്പെടാത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ , കോരിചൊരിയുന്ന മഴയത്താണ് , പതിനായിരങ്ങള്‍, ആര്യാടന്‍ ഷൗക്കത്തിനൊപ്പം തെരുവില്‍ വിസ്മയം തീര്‍ത്തിരിക്കുന്നത്. മലപ്പുറത്തെ ഈ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി , കേരളത്തില്‍ സമീപകാലത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ശ്രദ്ധേയമായ റാലിയായാണ് മാറിയിരിക്കുന്നത്.പിതാവ് ആര്യാടന്‍ മുഹമ്മദിനെ പോലെ തന്നെ, മകന്‍ ആര്യാടന്‍ ഷൗക്കത്തും, നേതൃത്വത്തെ വെല്ലുവിളിച്ചു തന്നെയാണ് ഇപ്പോള്‍ മലപ്പുറത്ത് മുന്നോട്ടു പോകുന്നത്. കെ.പി.സി.സി നേതൃത്വം വിലക്കിയിട്ടും അച്ചടക്കനടപടിയുണ്ടാകുമെന്ന് ഡി.സി.സി നേതൃത്വം ഭീഷണി മുഴക്കിയിട്ടും, നടപടി നേരിടാനുറച്ചാണ് ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളും പ്രവര്‍ത്തകരുമടക്കം പതിനായിരത്തിലേറെപേര്‍ റാലിക്കെത്തിയിരുന്നത്.

മലപ്പുറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ മൃഗീയഭൂരിപക്ഷവും ആര്യാടന്‍ പക്ഷത്താണ് എന്ന് തെളിയിക്കുന്നതായിരുന്നു ഈ റാലി. കെ.പി.സി.സിയെ ധിക്കരിച്ചതിന് ആര്യാടന്‍ ഷൗക്കത്തിനും, ഒപ്പമുള്ളവര്‍ക്കും എതിരെ നടപടി സ്വീകരിച്ചാല്‍, അതിന്റെ പ്രത്യാഘാതവും ഗുരുതരമായിരിക്കും. ആര്യാടന്‍ വിഭാഗം കൈവിട്ടാല്‍, മലപ്പുറത്ത് കോണ്‍ഗ്രസ് സംപൂജ്യരാകും എന്നു മാത്രമല്ല, മുസ്ലീംലീഗ് 2 സീറ്റില്‍ ഒതുങ്ങാനും,സാധ്യത ഏറെയാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ മുസ്ലീം ലീഗ് നേതാക്കള്‍, സമവായത്തിനായി ശക്തമായ ഇടപെടലാണ് നിലവില്‍ നടത്തി വരുന്നത്.

മുസ്ലീംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ നടപടി ഒഴിവാക്കി ആര്യാടന്‍ ഷൗക്കത്ത് പക്ഷത്തെ ഒപ്പംകൂട്ടി മുന്നോട്ട് പോകണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവരെ ഇരു നേതാക്കളും നിരന്തരം ബന്ധപ്പെട്ടു വരികയാണ്. ലീഗ് പറഞ്ഞിട്ടും കോണ്‍ഗ്രസ് നേതൃത്വം നടപടിയുമായി മുന്നോട്ട്പോയാല്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ മത്സരിക്കാനാണ് ലീഗ് നീക്കം.

വയനാട്, കോഴിക്കോട് മണ്ഡലങ്ങളില്‍ ഒന്ന് അധികമായി ആവശ്യപ്പെടാനാണ് ആലോചന. ആര്യാടന്‍ ഷൗക്കത്ത് പൊന്നാനി ലോകസഭ സീറ്റില്‍ മത്സരിച്ചാല്‍ , ആ സീറ്റ് കൈവിട്ടു പോകുമെന്ന നല്ല ഭയം ലീഗിനുണ്ട്. നിലവില്‍ , നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുവച്ച് പരിശോധിച്ചാല്‍, കേവലം 10,000 ത്തിന് താഴെ മാത്രമാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷം. ആര്യാടന്‍ ഷൗക്കത്ത് ഇടതുപാളയത്തില്‍ എത്തിയില്‍, വലിയ ഭൂരിപക്ഷത്തിലുള്ള അട്ടിമറി തന്നെ പൊന്നാനിയില്‍ സംഭവിക്കും. പൊന്നാനി കൈവിട്ടാലും, രണ്ടു സീറ്റ് നിലനിര്‍ത്താനാണ് മൂന്നാമതൊരു സീറ്റിനായി ലീഗ് ശ്രമം നടത്തുന്നത്. ആര്യാടന്‍ ഷൗക്കത്ത് ഇടതു പാളയത്തില്‍ എത്തിയാലും ഇല്ലങ്കിലും, ഇത്തവണ പൊന്നാനി കടുപ്പമാകുമെന്ന തിരിച്ചറിവ് ലീഗിനുണ്ട്. അതു കൊണ്ട് കൂടിയാണ്,സിറ്റിംഗ് എം.പിയായ ഇടി മുഹമ്മദ് ബഷീര്‍ ഇപ്പോള്‍ മലപ്പുറം മണ്ഡലത്തിലേക്ക് മാറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയുമായും, മുന്‍ മന്ത്രി എ.പി അനില്‍കുമാറുമായും പോരടിക്കുന്ന, കോണ്‍ഗ്രസ്സിലെ ‘എ’ വിഭാഗം, ജില്ലയിലെ 109 പഞ്ചായത്തുകളിലും 32 ബ്ലോക്കുകളിലും, ഇതിനകം തന്നെ ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ കമ്മിറ്റികളുണ്ടാക്കിയിട്ടുണ്ട്. മുസ്ലിം ലീഗ്പോലും നടത്താത്ത തരത്തില്‍ ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ ജനസദസ് നടത്തിയ ശേഷമാണ് ആര്യാടന്‍ ഫൗണ്ടേഷന്‍ മലപ്പുറത്ത് വന്റാലി നടത്തിയിരിക്കുന്നത്. പ്രാദേശികതലങ്ങളില്‍ ജനസ്വാധീനമുള്ള കോണ്‍ഗ്രസ്സ് നേതാക്കളാണ്, ആര്യാടന്‍ ഫൗണ്ടേഷനില്‍ അണിനിരന്നിരിക്കുന്നത്.

മുന്‍ മന്ത്രിയും വണ്ടൂര്‍ എം.എല്‍.എയുമാണെങ്കിലും ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ കാര്യമായ സ്വാധീനമില്ലാത്ത നേതാവാണ് എ.പി അനില്‍കുമാര്‍. വി.എസ് ജോയി പ്രായം കുറഞ്ഞ ഡി.സി.സി പ്രസിഡന്റാണെങ്കിലും യൂത്ത് കോണ്‍ഗ്രസില്‍പോലും പ്രവര്‍ത്തനപരിചയമില്ലാത്ത വ്യക്തിയാണ്. കാര്യമായ സംഘടനാ പ്രവര്‍ത്തന പാരമ്പര്യമോ പക്വതയോ ഇല്ലാത്തതും, ജോയിയുടെ പ്രധാന പോരായ്മയാണ്. ആര്യാടന്റെ മരണശേഷം… ആര്യാടന്‍ ഷൗക്കത്തിനൊപ്പം എ ഗ്രൂപ്പില്ലെന്നും, തങ്ങള്‍ക്കൊപ്പമാണ് എ ഗ്രൂപ്പ് പ്രവര്‍ത്തകരെന്നുമാണ് ,അനില്‍കുമാറും വി.എസ് ജോയിയും അവകാശപ്പെട്ടിരുന്നത്. അതവര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെയും ധരിപ്പിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയിലെ എതിരാളികളുടെ ഈ വാദമാണ് മലപ്പുറത്തെ റാലിയിലൂടെ ആര്യാടന്‍ ഷൗക്കത്ത് പൊളിച്ചടുക്കിയിരിക്കുന്നത്. ഇതോടെ,അനിലും ജോയിയും പറഞ്ഞത് കളവാണെന്ന് നേതാക്കള്‍ക്കും ബോധ്യമായി കഴിഞ്ഞു.

ഒരേ സമയം മുസ്ലീം ലീഗിനോടും സി.പി.എമ്മിനോടും പടപൊരുതിയാണ് ആര്യാടന്‍ മുഹമ്മദ് മലപ്പുറത്ത് കോണ്‍ഗ്രസിനെ വളര്‍ത്തിയിരുന്നത്. ഇടതുപക്ഷ മന്ത്രിസഭയില്‍ അംഗമായ ചരിത്രവും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ, ആര്യാടന്‍ ഷൗക്കത്തിനും, ഇടതുപക്ഷത്തേക്കുള്ള ദൂരം കുറവുമാണ്. ലീഗ് വിരുദ്ധരായ കാന്തപുരം എം.പി സുന്നികളുടെ പിന്തുണയും, ആര്യാടന്‍മാര്‍ക്കുണ്ട്.. ആര്യാടന്‍ മുഹമ്മദിന്റെ മരണശേഷം, ആര്യാടന്‍ വിഭാഗത്തെ ഒതുക്കുന്നു എന്ന വികാരം ജില്ലയിലെ കോണ്‍ഗ്രസില്‍ മാത്രമല്ല എ.പി സുന്നികളിലും ശക്തമാണ്.ആര്യാടന്‍ പക്ഷം ഇടഞ്ഞാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി ലീഗിന് നഷ്ടമാകുമെന്നു തന്നെയാണ് കണക്കുകള്‍ നിരത്തി രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

2019 -ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പി.വി അന്‍വറിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ രണ്ട് ലക്ഷത്തോളം വോട്ടുകള്‍ക്ക് വിജയിച്ചെങ്കിലും ഇത്തവണ അത്ര പന്തിയല്ല. അന്‍വറിനെതിരെ കോണ്‍ഗ്രസ് വോട്ടുകള്‍ ഒന്നടങ്കം ഇ.ടിക്ക് വീണതാണ് പൊന്നാനിയില്‍ കഴിഞ്ഞ തവണത്തെ വലിയ വിജയത്തിന് കാരണം. 2014ല്‍ വി. അബ്ദുറഹിമാന്‍ മത്സരിച്ചപ്പോള്‍, ഇ.ടിയുടെ ഭൂരിപക്ഷം 25,410 വോട്ടായി കുറഞ്ഞിരുന്നു. പഴയ കോണ്‍ഗ്രസുകാരനായ അബ്ദുറഹിമാന് കോണ്‍ഗ്രസ് വോട്ടുകള്‍ സമാഹരിക്കാനായതാണ്, ലീഗിന്റെ ഭൂരിപക്ഷം കുത്തനെകുറച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം പതിനായിരത്തില്‍ താഴെ മാത്രം ഭൂരിപക്ഷം ഉള്ളതു കൂടി പരിഗണിക്കുമ്പോള്‍ പൊന്നാനി എന്നത് യു.ഡി.എഫിന്റെ ചങ്കിടിപ്പിക്കുക തന്നെ ചെയ്യും. അക്കാര്യത്തില്‍, കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു പോലും സംശയം ഉണ്ടാകുമെന്നു തോന്നുന്നില്ല.

16 നിയോജകമണ്ഡലങ്ങളുള്ള മലപ്പുറം ജില്ലയില്‍ നിന്നാണ്, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എം.എല്‍.എമാര്‍ നിയമസഭയിലെത്തുന്നത്. മുസ്ലീം ലീഗിന് 11ഉം, കോണ്‍ഗ്രസിന്റെ ഒന്നുമടക്കം… 12പേരും യു.ഡി.എഫില്‍ നിന്നാണുള്ളത്. സി.പി.എമ്മിന് 4 സീറ്റുകള്‍ മാത്രമാണ്, നിലവില്‍ മലപ്പുറം ജില്ലയില്‍ ഉള്ളത്. എന്നാല്‍, ആര്യാടന്‍ ഷൗക്കത്ത് വിഭാഗം കോണ്‍ഗ്രസ്സ് വിട്ടാല്‍ കളി മാറും. അത്തരമൊരു സാഹചര്യത്തില്‍, ജില്ലയില്‍ മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുള്ള … മലപ്പുറം, വേങ്ങര മണ്ഡലങ്ങളില്‍ മാത്രമാണ്, മുസ്ലിം ലീഗിന് തനിച്ച് വിജയിക്കാന്‍ കഴിയുക. മറ്റിടങ്ങളില്‍ കോണ്‍ഗ്രസ് പിന്തുണയില്ലെങ്കില്‍, ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിയുകയില്ല.

പെരിന്തല്‍മണ്ണയില്‍ കേവലം 38 വോട്ടിനാണ്, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗ് ജയിച്ചിരിക്കുന്നത്. മങ്കടയില്‍ 6,246, തിരൂരില്‍ 7,214, തിരൂരങ്ങാടിയില്‍ 9578, എന്നിങ്ങനെയാണ് കുറഞ്ഞ ഭൂരിപക്ഷം. മഞ്ചേരിയിലും വള്ളിക്കുന്നിലും പതിനയ്യായിരത്തില്‍ താഴെയാണ് ഭൂരിപക്ഷമുള്ളത്. കോട്ടക്കല്‍, കൊണ്ടോട്ടി അടക്കമുള്ളി മണ്ഡലങ്ങളിലും ആര്യാടന്‍ പക്ഷത്തിന്റെ പിന്തുണയില്ലെങ്കില്‍, അത് ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക്, വന്‍ തിരിച്ചടിയുണ്ടാകും. മാത്രമല്ല, ജില്ലയിലെ കോണ്‍ഗ്രസിന്റെ ഏക എം.എല്‍.എയായ അനില്‍കുമാറിന്, വണ്ടൂരും അതോടെ നഷ്ടമാകും. പഴയ നിലമ്പൂര്‍ നിയോജകമണ്ഡലത്തിലുണ്ടായിരുന്ന കാളികാവും ചോക്കാടുമെല്ലാം, എക്കാലത്തും ആര്യാടനൊപ്പം നിന്ന പഞ്ചായത്തുകളാണ്. വണ്ടൂരും പോരൂരും അടക്കമുള്ള പഞ്ചായത്തുകളും ‘എ’ വിഭാഗത്തിന്റെ ശക്തികേന്ദ്രങ്ങളാണ്.

പഴയ കോണ്‍ഗ്രസുകാരെ ഒപ്പം കൂട്ടിയും, കോണ്‍ഗ്രസ് വോട്ടുകള്‍ വലിയ രൂപത്തില്‍ സമാഹരിച്ചുമാണ് സി.പി.എം മലപ്പുറത്തെ ലീഗ് കോട്ടകളില്‍ എക്കാലത്തും വിള്ളല്‍ വീഴ്ത്തിയിരുന്നത്. 1980-ല്‍ ‘ആന്റണികോണ്‍ഗ്രസിനെ ‘ ഇടതുപക്ഷം ഒപ്പം കൂട്ടിയപ്പോള്‍, പൊന്നാനിയില്‍ ബനാത്ത്വാലക്കെതിരെ മത്സരിപ്പിച്ചത് ആര്യാടന്‍ മുഹമ്മദിനെയായിരുന്നു. ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചിരുന്ന ബനാത്ത്വാലയുടെ ഭൂരിപക്ഷം 50,863 വോട്ടായി കുറക്കാന്‍ അന്ന് ആര്യാടന് കഴിഞ്ഞിരുന്നു. 1977-ല്‍ ബനാത്ത്വാല 117546 വോട്ടുകള്‍ക്ക് വിജയിച്ചപ്പോഴായിരുന്നു 80-ല്‍…ആര്യാടന്‍ എതിരാളിയായെത്തിയപ്പോള്‍, ഭൂരിപക്ഷം പാതിയില്‍ താഴെയായി കുറഞ്ഞിരുന്നത്.

പിന്നീട് , മുന്‍ കോണ്‍ഗ്രസുകാരനായിരുന്ന ടി.കെ ഹംസയെ ഇറക്കിയാണ് സി.പി.എം 2004-ല്‍ മഞ്ചേരി ലോക്സഭാ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടിയിരുന്നത്. ആര്യാടനുമായി പലപ്പോഴും കൊമ്പുകോര്‍ത്തിരുന്ന ലീഗ് നേതാവ് കെ.പി.എ മജീദായിരുന്നു, അന്നത്തെ ലീഗ് സ്ഥാനാര്‍ത്ഥിയെന്നതും നാം ഓര്‍ക്കേണ്ടതുണ്ട്. ലീഗ് കോട്ടയായ താനൂര്‍ നിയോജകമണ്ഡലം, മുന്‍ കെ.പി.സി.സി അംഗവും, തിരൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായിരുന്ന വി. അബ്ദുറഹിമാനെ ഇറക്കിയാണ് ഇടതുപക്ഷം പിടിച്ചെടുത്തിരുന്നത്.

മുന്‍ യൂത്ത്ലീഗ് നേതാവായ കെ.ടി ജലീലിനെ ഇറക്കിയാണ്, സാക്ഷാല്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച് കുറ്റിപ്പുറം മണ്ഡലം ചുവപ്പണിയിച്ചിരുന്നത്. പിന്നീട് കുറ്റിപ്പുറം തവനൂര്‍ മണ്ഡലമായി മാറിയെങ്കിലും, ഇടതുപക്ഷ പിന്തുണയോടെ ജലീല്‍ ഇപ്പോഴും വിജയം ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ലീഗിന്റെ ശക്തമായ വോട്ടുബാങ്കായ സമസ്ത സുന്നി വിഭാഗം, പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും അനുകൂല നിലപാടെടുക്കുന്ന പ്രതിസന്ധിയിലും, ലീഗ് യു.ഡി.എഫില്‍ തുടരുന്ന രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഇതിനിടെയില്‍ മലപ്പുറത്തെ കോണ്‍ഗ്രസിലെ വിഭാഗീയത കൂടി താങ്ങാനുള്ള കരുത്തൊന്നും, ലീഗിനുമില്ല. ആര്യാടന്‍ പക്ഷത്തിനെതിരായ നടപടി തങ്ങളുടെ വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയാണ്, മുസ്ലീംലീഗില്‍ ഇപ്പോള്‍ ശക്തമായിരിക്കുന്നത്. നേതാക്കളുടെ ഈ വികാരം മാനിച്ചാണ്, കുഞ്ഞാലിക്കുട്ടിയും കളത്തിലിറങ്ങിയിരിക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടി എടുക്കരുതെന്ന ശക്തമായ ആവശ്യം,കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പ് സംസ്ഥാന നേതൃത്വവും, ഉയര്‍ത്തിയിട്ടുണ്ട്. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, ബെന്നി ബെഹ്നാന്‍ എം.പി, കെ.സി ജോസഫ് എന്നിവരാണ് ഇക്കാര്യത്തില്‍ ഗ്രൂപ്പിന്റെ ശക്തമായ നിലപാട് , കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

ആര്യാടന്‍ ഷൗക്കത്ത് വിഭാഗവും കട്ട കലിപ്പില്‍ തന്നെയാണുള്ളത്. നടപടി വന്നാലും ഇല്ലങ്കിലും, പാഠം പഠിപ്പിക്കാന്‍ തന്നെയാണ് തീരുമാനം. എ.പി അനില്‍കുമാര്‍ , ഇനി നിയമസഭ കാണില്ലന്ന് , എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ശപഥം ചെയ്തു കഴിഞ്ഞിട്ടുണ്ട്. വി.എസ് ജോയി എവിടെ മത്സരിച്ചാലും , തോല്‍പ്പിക്കാന്‍ തന്നെയാണ് തീരുമാനം. കോണ്‍ഗ്രസ്സില്‍ തുടര്‍ന്നാലും , ഇല്ലങ്കിലും , ഈ രണ്ടു കാര്യത്തിലും , ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലന്നാണ് , ആര്യാടന്‍ വിഭാഗം വ്യക്തമാക്കിയിരിക്കുനത്. കാലുവാരല്‍ രാഷ്ട്രീയത്തിനു പേരുകേട്ട കോണ്‍ഗ്രസ്സില്‍ , മലപ്പുറത്തും , ചരിത്രം ആവര്‍ത്തിച്ചാല്‍ , അതും… ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ നേട്ടമായി മാറാനാണ് സാധ്യത.(വീഡിയോ കാണുക)

EXPRESS KERALA VIEW

 

 

Top