ഓഫീസ് വരാന്തയില്‍ പായ വിരിച്ചുറങ്ങുന്ന ഉമ്മന്‍ചാണ്ടിയെ ഓര്‍ത്ത് ആര്യാടന്‍

മലപ്പുറം: നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടിയുടെ പഴയ ചരിത്രം ഓര്‍ത്തെടുത്ത് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. മലപ്പുറം ഡി.സി.സി ഓഫീസ് വരാന്തയില്‍ പായ വിരിച്ചുറങ്ങുന്ന ഉമ്മന്‍ ചാണ്ടിയെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ആര്യാടന്‍ പറയുന്നു.

പൂര്‍ണ്ണഭാഗം ചുവടെ :-

ഉമ്മന്‍ചാണ്ടിയുമായി 55 വര്‍ഷമായി തുടരുന്ന ആത്മബന്ധമാണ് എനിക്കുള്ളത്. ഇത്ര കഠിനാധ്വാനിയും സ്ഥിരോത്സാഹിയുമായ ഒരു രാഷ്ട്രീയ നേതാവിനെ കേരളത്തില്‍ കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളര്‍ന്ന് രണ്ട് തവണ കേരളത്തില്‍ ജനപ്രിയ ഭരണം നടത്തിയ മുഖ്യമന്ത്രിയായി. ഞങ്ങള്‍ ഇരുവരും ഒന്നിച്ച് പാര്‍ട്ടിയ്ക്കകത്ത് ധാരാളം പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ച് നടത്തിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി പല തവണ ഒന്നിച്ച് യാത്രകളും നടത്തിയിട്ടുണ്ട്. ഏറ്റവും എളിയ ജീവിതമാണ് ഉമ്മന്‍ചാണ്ടി നയിച്ചിരുന്നത്. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസില്‍ ഓടിവരുന്നത് കോഴിക്കോട് ഡി.സി.സി ഓഫീസിലെ വരാന്തയില്‍ പായവിരിച്ചുറങ്ങുന്ന മുഖമാണ്.

ഉമ്മന്‍ചാണ്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോള്‍ ഞാന്‍ കോഴിക്കോട് ഡി.സി.സി ജനറല്‍ സെക്രട്ടറിയാണ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് അന്നത്തെ കോഴിക്കോട് ജില്ല. അക്കാലത്ത് ഞാന്‍ ഡി.സി.സി ഓഫീസില്‍ തന്നെയാണ് താമസം. പുലര്‍ച്ചെ മൂന്നരയോടെ എത്തുന്ന തീവണ്ടിയിലാണ് ഉമ്മന്‍ചാണ്ടി കോഴിക്കോട്ടെത്തുക. ഡി.സി.സി ഓഫീസിലെത്തിയാല്‍ എല്ലാവരും കൂര്‍ക്കം വലിച്ചുറങ്ങുകയായിരിക്കും. ഞാന്‍ ഓഫീസ് മുറിയിലും ജീവനക്കാര്‍ വരാന്തയില്‍ പായവിരിച്ചുമാണ് ഉറങ്ങുക. ആരെയും വിളിക്കാതെ ഓഫീസ് മൂലയിലെ പായ വിരിച്ച് ഉമ്മന്‍ചാണ്ടിയും വരാന്തയില്‍ കിടന്നുറങ്ങും.

ഞാന്‍ രാവിലെ മുറിയില്‍ നിന്നും ഇറങ്ങിവരുമ്പോഴാണ് ഉമ്മന്‍ചാണ്ടി വരാന്തയില്‍ കിടന്നുറങ്ങുന്നത് കണ്ടത്. വന്ന വിവരം അറിയിക്കാത്തതില്‍ പരിഭവം പറഞ്ഞ ഞാന്‍ ഇനി വരുന്ന വിവരം മുന്‍കൂട്ടി അറിയിച്ചാല്‍ താമസിക്കാന്‍ മുറിയൊരുക്കാമെന്ന് പറഞ്ഞെങ്കിലും ഉമ്മന്‍ചാണ്ടി പിന്നീടും അതനുസരിച്ചിരുന്നില്ല. ഉറങ്ങുന്നവരെ ശല്യപ്പെടുത്തേണ്ടെന്നു കരുതിയാണ് വിളിക്കാതിരുന്നത് എന്ന് ചിരിച്ചൊഴിയുകയായിരുന്നു. കോഴിക്കോട്ട് നടന്ന കെ.എസ്.യു സംസ്ഥാന സമ്മേളനത്തില്‍ രണ്ടാം തവണയും ഉമ്മന്‍ചാണ്ടി സംസ്ഥാന പ്രസിഡന്റായി. അന്ന് ഏഷ്യയിലെ തന്നെ വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായിരുന്നു കെ.എസ്.യു. പഴയ കെ.എസ്.യു പ്രസിഡന്റായിരുന്ന കാലത്തെ എളിയ ജീവിതം തന്നെയാണ് മുഖ്യമന്ത്രിയായപ്പോഴും ഇപ്പോഴും ഉമ്മന്‍ചാണ്ടി തുടരുന്നത്. എവിടെപ്പോയാലും ജനങ്ങള്‍ക്കിടയില്‍ അവരില്‍ ഒരാളായി ഉമ്മന്‍ചാണ്ടി മാറും. ജനങ്ങളുടെ പ്രശ്നം സ്വന്തം പ്രശ്നമായി കണ്ടാണ് പരിഹാരം കാണുക.

1977ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിയായപ്പോള്‍ ഞാന്‍ എം.എല്‍.എയായിരുന്നു. തൊഴില്‍ വകുപ്പായിരുന്നു ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്. തൊഴില്‍ വകുപ്പിനെ തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വകുപ്പാക്കി മാറ്റുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. അടിയന്തിരാവസ്ഥക്ക് ശേഷമുള്ള കാലമായതിനാല്‍ ഏറ്റവും അധികം തൊഴില്‍ പ്രശ്നങ്ങളുള്ള കാലഘട്ടമായിരുന്നു അത്. രാവും പകലും ഒരു പോലെ കഷ്ടപ്പെട്ട് അദ്ദേഹം തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഓടി നടന്നു. കൂലി വര്‍ധന ഒരു പ്രധാന പ്രശ്നമായി അക്കാലത്ത് ഉയര്‍ന്നു വന്നു. കൂലി വര്‍ധിപ്പിക്കില്ലെന്ന് മുതലാളിമാര്‍ കടുംപിടുത്തം പിടിച്ചു. ഇതിന് പരിഹാരം കാണാന്‍ തൊഴില്‍തര്‍ക്ക നിയമത്തില്‍ 10 എന്ന ഒരു ഉപവകുപ്പ് ഉമ്മന്‍ചാണ്ടി കൊണ്ടുവന്നു. ഈ വകുപ്പനുസരിച്ച് തൊഴിലാളികളുടെ കൂലി നിജപ്പെടുത്തി ഉത്തരവ് പാസാക്കാനുള്ള അധികാരം സര്‍ക്കാരിന് ലഭിച്ചു. ഇത്തരത്തില്‍ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാന്‍ നിയമമുണ്ടാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായിരുന്നു കേരളം.

ചുമട്ടുതൊഴിലാളി മേഖലയില്‍ വളരെയധികം സമരങ്ങളും സംഘര്‍ഷങ്ങളും നിലനിന്നിരുന്നു. ചുമട്ടുതൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാനായി ഹെഡ് ലോഡ് വര്‍ക്കേഴ്സ് ആക്ട് എന്ന ശ്രദ്ധേയമായ നിയമം കൊണ്ട് വന്ന് രാജ്യത്തിന് തന്നെ മാതൃകയായി. ഈ നിയമവും ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത് കേരളത്തിലാണ്. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് തൊഴിലില്ലായ്മ വേതനം നടപ്പാക്കിയത് ഉമ്മന്‍ചാണ്ടി തൊഴില്‍ മന്ത്രിയായിരുന്നപ്പോഴാണ്. നിയമസഭാ സാമാജികന്‍ എന്നുള്ള നിലയില്‍ എതിര്‍പക്ഷത്തെ ഒട്ടും തന്നെ വേദനിപ്പിക്കാതെ കാര്യമാത്ര പ്രസക്തമായ പ്രസംഗങ്ങളാണ് ഉമ്മന്‍ചാണ്ടി നടത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കാര്യമായി എതിര്‍ക്കാന്‍ പോലും എതിര്‍പക്ഷത്തിന് കഴിയുമായിരുന്നില്ല. രണ്ടു തവണ ഉമ്മന്‍ചാണ്ടി കേരള മുഖ്യമന്ത്രിയായപ്പോഴും അദ്ദഹത്തിന്റെ മന്ത്രിസഭയില്‍ ഞാനും അംഗമായിരുന്നു. ‘വികസനവും കരുതലും”, ”അതിവേഗം ബഹുദൂരം” എന്നീ മുദ്രാവാക്യങ്ങള്‍ അദ്ദേഹം ഉയര്‍ത്തി ആ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഭരണമാണ് നടത്തിയത്. കേരളത്തിന്റെ നാനോന്‍മുഖമായ വികസനത്തിനു വേണ്ടി കഠിനമായി അധ്വാനിച്ച മുഖ്യമന്ത്രിയായിരുന്നു.

ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ടാല്‍ ഉടനെ അവിടെ ഓടിയെത്തുകയും അവ പരിഹരിക്കാന്‍ കഠിനമായി അധ്വാനിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു. സുനാമി വന്നപ്പോള്‍ കഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികളുടെ ഇടയിലേക്ക് ആദ്യം ഓടിയെത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. എല്ലാ ജില്ലകളിലേക്കും ചുമതല നല്‍കി ഉടന്‍ മന്ത്രിമാരെ അയച്ചു. തലസ്ഥാനത്തെയും കളക്ടര്‍ അടക്കമുള്ള ജില്ലാതലങ്ങളിലെയും ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട് അപ്പപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സുനാമിയെ കേരളത്തിന് അതിജീവിക്കാന്‍ കഴിഞ്ഞത് ഉമ്മന്‍ചാണ്ടിയുടെ വിശ്രമം വെടിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടുകൂടിയാണ്.

എന്നും പാവങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആവലാതികള്‍ക്കും പ്രശ്നങ്ങള്‍ക്കുമാണ് പരിഹാരം കണ്ടത്. എല്ലാ ജില്ലകളിലും പതിനായിരക്കണക്കിന് ജനങ്ങളുടെ ഇടയിലേക്ക് അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രിയും ഭരണസംവിധാനവും നേരിട്ടെത്തി. ജനങ്ങളുടെ പരാതികള്‍ നേരിട്ടുകേട്ട മുഖ്യമന്ത്രി അവയ്ക്ക് പരിഹാരം കാണാന്‍ ലക്ഷക്കണക്കിന് ഉത്തരവുകളാണ് തല്‍സമയം പുറപ്പെടുവിച്ചത്. ഐക്യരാഷ്ട്ര സഭപോലും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തതാണ് ഉമ്മന്‍ചാണ്ടിയുടെ പൊതുജനപരാതി പരിഹാരത്തിനു വേണ്ടിയുള്ള ജനസമ്പര്‍ക്ക പരിപാടി.

ജനങ്ങളെ ബാധിക്കുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമവും ചട്ടങ്ങളും തടസമായാല്‍ അത് ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയാണ് പല ഭരണാധികാരികളും ചെയ്യുക. എന്നാല്‍ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ നിയമവും ചട്ടവും ഭേദഗതി വരുത്തി ജനങ്ങളുടെ പ്രശ്നം പരഹരിക്കുമായിരുന്നു ഉമ്മന്‍ചാണ്ടി. ഒരാളോടു പോലും ഉമ്മന്‍ചാണ്ടി ദേഷ്യപ്പെടുന്നത് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ടുപോകുമായിരുന്ന പലഘട്ടങ്ങളിലും ഉമ്മന്‍ചാണ്ടിയെ കണ്ടിട്ടുണ്ട് എന്നാല്‍ ആ സന്ദര്‍ഭങ്ങളിലെല്ലാം ‘താനൊരു ബെസ്റ്റ് പാര്‍ട്ടിയാണ്’ എന്നു മാത്രമേ ഉമ്മന്‍ചാണ്ടി പറയാറുള്ളൂ. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടിയല്ലാതെ ഒരു മറുപടിയില്ല. സഹോദര തുല്യമായ ആത്മബന്ധമാണ് എനിക്ക് ഉമ്മന്‍ചാണ്ടിയുമായുള്ളത്. പഴയ കെ.എസ്.യു നേതാവായ കാലം മുതല്‍ തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നു.

Top