Aryadan muhammad statement

നിലമ്പൂര്‍: നിലമ്പൂരില്‍ തനിക്കു ലഭിച്ചതിനേക്കാള്‍ കൂടിയ ഭൂരിപക്ഷം ഷൗക്കത്തിനു ലഭിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുംഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഭാര്യ മറിയുമ്മക്കും മക്കളായ സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, ഡോ. റിയാസലി, അന്‍സാര്‍ബീഗം, ഖദീജ, മരുമക്കളായ മുംതാസ് ഷൗക്കത്ത്, സിമി റിയാസലി, ഡോ. ഹാഷിം ജാവേദ്, ഡോ. ഉമ്മര്‍ കാരക്കല്‍ എന്നിവര്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം വോട്ടു ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആര്യാടന്‍. വീട്ടിക്കുത്ത് എല്‍.പി സ്‌കൂളിലെ 113-ാം നമ്പര്‍ ബൂത്തിലാണ് രാവിലെ ഏഴരയോടെ ആര്യാടന്‍ കുടുംബസമേതം എത്തി വോട്ടു ചെയ്തത്.

നിലമ്പൂരില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന നോട്ടീസ് വരെ അവസാനനിമിഷം പ്രചരിപ്പിച്ചു. ഇതിനെതിരെ സഭയും ക്രിസ്ത്യന്‍പള്ളികളും വിശ്വാസികളും രംഗത്തിറങ്ങി. എന്തുതന്നെ നുണ പ്രചരണങ്ങള്‍ നടത്തിയാലും നിലമ്പൂരില്‍ ഭൂരിപക്ഷം വര്‍ധിക്കും. കേരളത്തില്‍ കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ സീറ്റിന് ഭരണവും ലഭിക്കുമെന്നും ആര്യാടന്‍ പറഞ്ഞു.

മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ശുഭാപ്തി വിശ്വാസമാണുള്ളതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായ തിരഞ്ഞെടുപ്പുകളില്‍ മറ്റു വാര്‍ഡുകളിലായിരുന്നു മത്സരിച്ചത്. ഇത് ആദ്യമായാണ് തനിക്കുതന്നെ വോട്ടുചെയ്യാനുള്ള ഭാഗ്യമുണ്ടായതെന്നും ഷൗക്കത്ത് വ്യക്തമാക്കി. കുടുംബസമേതം വോട്ടു ചെയ്ത ശേഷം മണ്ഡലത്തിലെ ബൂത്തുകള്‍ സന്ദര്‍ശിക്കുന്ന തിരക്കിലേക്ക് ഷൗക്കത്ത് തിരിച്ചു.

Top