aryadan muhammad says about umra and munnar land encroachment

ജിദ്ദ: ഉംറയും നമസ്‌കാരവും പത്രത്തില്‍ വന്നാല്‍ അതിന്റെ കൂലി നഷ്ടമാകില്ലേയെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. മക്കയില്‍ പോകുന്നുണ്ടെന്നും പക്ഷേ നമസ്‌കാരവും ഉംറയും ഒക്കെ നിര്‍വഹിക്കുന്നത് പത്രത്തില്‍ വന്നാല്‍ അതിന്റെ കൂലി നഷ്ടപ്പെടില്ലേ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉംറക്കു പോകുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പല പുണ്യകേന്ദ്രങ്ങളിലും താന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മദീനയില്‍ പോകുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല.

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കുരിശ് പൊളിച്ചു മാറ്റിയ രീതി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും മതവികാരം ഇളക്കാന്‍ കഴിയാത്ത രീതിയില്‍ അത് കൈകാര്യം ചെയ്യേണ്ടതായിരുന്നു. അതുമായി ബന്ധപ്പെട്ട ആളുകളെ വിളിച്ച് പൊളിച്ചു നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു വേണ്ടത്. എപ്പോള്‍ സ്ഥാപിച്ച കുരിശാണെങ്കിലും പ്രായോഗികമായ രീതിയിലല്ല നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തെയും പരാജയത്തെയും മതനേതാക്കള്‍ സ്വാധീനിക്കുന്ന പ്രവണത ശരിയല്ല. നിലമ്പൂര്‍ മണ്ഡലം കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ പ്രധാനപ്പെട്ട ഒരു കാരണം കാന്തപുരം സുന്നി വിഭാഗം യുഡിഎഫ് സ്ഥാനാര്‍ഥികളെ മൊത്തത്തില്‍ തോല്‍പിക്കാന്‍ തീരുമാനിച്ചതാണെന്നും ആര്യാടന്‍ വ്യക്തമാക്കി.

Top