ആര്യാടൻ കലിപ്പിലാണ്,മുസ്ലീം ലീഗിന് മുന്നിൽ പാർട്ടിയെ അടിയറവ് വച്ചാൽ വിവരമറിയും !

Aryadan Muhammad

മലപ്പുറം: മുസ്ലീം ലീഗിന്റെ കോട്ടയില്‍ ലീഗിനെ വെല്ലുവിളിച്ച് പോരാടിയ പാരമ്പര്യം മറന്ന് മലപ്പുറത്ത് ലീഗ് ദേശീയ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയോട് മാപ്പു പറഞ്ഞ് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്. കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കെ.എം മാണിക്ക് നേടിക്കൊടുത്ത കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദ്ദ രാഷ്ടീയത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് മലപ്പുറത്ത് ഉയര്‍ന്നത്.

ഡി.സി.സി ഓഫീസിലെ കോണ്‍ഗ്രസ് പതാക താഴ്ത്തി പകരം മുസ്ലീം ലീഗ് പതാക ഉയര്‍ത്തിയാണ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഭാരവാഹിത്വം രാജിവെച്ച് രംഗത്തിറങ്ങി. വെള്ളിയാഴ്ച മലപ്പുറത്ത് കെ.എസ്.യുവിന്റെ പ്രതിഷേധ പ്രകടനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്.

ലീഗിനെതിരെ പ്രതിഷേധിച്ച കെ.എസ്.യുക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഈ സംഭവത്തില്‍ മുസ്ലീം ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമുണ്ടായ വിഷമങ്ങളില്‍ ഡി.സി.സി ഖേദം പ്രകടിപ്പിക്കുമെന്നുമാണ് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് പത്രക്കുറിപ്പിറക്കിയത്.
മലപ്പുറത്ത് ലീഗുമായി പോരടിച്ചുനിന്നാണ് കോണ്‍ഗ്രസിനെ ആര്യാടന്‍ മുഹമ്മദ് വളര്‍ത്തിയത്. ലീഗിന്റെ അപ്രമാദിത്യം വകവെച്ചുകൊടുക്കാന്‍ ആര്യാടന്‍ ഒരിക്കലും തയ്യാറായിരുന്നില്ല.

ലീഗധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലും ആര്യാടന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. പാണക്കാട് തങ്ങള്‍മാരെ ആത്മീയ നേതാക്കളായി ആര്യാടനും മലപ്പുറത്തെ കോണ്‍ഗ്രസും അംഗീകരിച്ചിരുന്നില്ല. തന്റെ നേതാവ് സോണിയാഗാന്ധിയാണെന്നും ശിഹാബ് തങ്ങളല്ലെന്നും രാഷ്ട്രീയ നേതാവായ ശിഹാബ് തങ്ങള്‍ വിമര്‍ശനത്തിന് അതീതനല്ലെന്നുമായിരുന്നു ആര്യാടന്‍ ഉയര്‍ത്തിയ വാദം. കോണ്‍ഗ്രസ് ചിട്ടയോടെ ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ ലീഗ് കോണ്‍ഗ്രസിന്റെ പിന്നാലെവരുമെന്ന് ഡി.സി.സി നേതൃയോഗത്തില്‍ ആര്യാടന്‍ പ്രസംഗിച്ചതും ലീഗ് വിവാദമാക്കിയിരുന്നു. മുന്‍ മന്ത്രിയും മുസ്ലീം ലീഗ് എം.പിയുമായ ഇ.ടി. മുഹമ്മദ്ബഷീര്‍ വര്‍ഗീയവാദിയാണെന്ന് തുറന്നടിക്കാനും ആര്യാടന്‍ മടിച്ചിരുന്നില്ല. ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനും ആര്യാടന്‍ കണക്കിന് കൊടുത്തിരുന്നു.

യു.ഡി.എഫ് നേതൃത്വം ലീഗിനെ പ്രീണിപ്പിക്കുമ്പോഴും മലപ്പുറത്ത് ലീഗിനെതിരെ പോരടിച്ചാണ് കോണ്‍ഗ്രസ് വളര്‍ന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ മുസ്ലീം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കിയപ്പോഴും അതിനെതിരെ ശക്തമായ നിലപാടാണ് ആര്യാടന്‍ മുഹമ്മദും മലപ്പുറത്തെ കോണ്‍ഗ്രസ് നേതൃത്വവും സ്വീകരിച്ചത്.

സി.ഹരിദാസ്, വി.എം കൊളക്കാട്, മംഗലം ഗോപിനാഥ്, യു.കെ ഭാസി, ഇ. മുഹമ്മദ്കുഞ്ഞി, യു. അബൂബക്കര്‍ തുടങ്ങിയ മുന്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റുമാരൊന്നും ലീഗിന്റെ തിട്ടൂരത്തിനു മുന്നില്‍ വഴങ്ങിക്കൊടുത്തിരുന്നില്ല. ഉമ്മന്‍ചാണ്ടിയുെട വിശ്വസ്ഥനായി എ ഗ്രൂപ്പില്‍ നിന്ന ശേഷം വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോള്‍ സുധീരപക്ഷത്തേക്കു ചേക്കേറിയാണ് വി.വി പ്രകാശ് മലപ്പുറം ഡി.സി.സി പ്രസിഡന്റായത്. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ സുധീരന്‍ അതിശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിയോട് മാപ്പ് പറഞ്ഞ് പ്രകാശ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് കൗതുകം പകരുകയാണ്.

കേരളത്തിന്റെ വീരപുത്രന്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ആശയങ്ങളും ആദര്‍ശവും നെഞ്ചേറ്റുന്ന ദേശീയ മുസ്ലീങ്ങളാണ് മലപ്പുറത്ത് കോണ്‍ഗ്രസിന്റെ കരുത്ത്. മുസ്ലീം ലീഗിനെ ആശയപരമായി അംഗീകരിക്കാന്‍ ഇന്നും അവര്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസിന്റെ അപ്രീതിക്ക് പാത്രമായ കെ.പി.എ മജീദ് മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടതും മുന്‍ ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ ഹംസ വിജയിച്ചതുമെല്ലാം കോണ്‍ഗ്രസ് വോട്ടിന്റെ അടിയൊഴുക്കുകളായിരുന്നു.

പി.കെ കുഞ്ഞാലിക്കുട്ടിയും, എം.കെ മുനീറും, ഇ.ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് പരാജയപ്പെട്ടപ്പോഴും കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ മുഹമ്മദും എ.പി അനില്‍ക്കുമാറും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. കുഞ്ഞാലിക്കുട്ടിയോട് ഡി.സി.സി പ്രസിഡന്റിന്റെ മാപ്പപേക്ഷക്കെതിരെ കടുത്ത പ്രതിഷേധമാണ് ജില്ലയില്‍ ഗ്രൂപ്പ് ഭേദമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്Related posts

Back to top