മോദി പ്രസംഗം കള്ളമാണെന്ന് ആഞ്ഞടിച്ച് ആര്യാടൻ മുഹമ്മദ്, ദി ലാസ്റ്റ് ഫേസ് തെളിവ്

aryadan_modi

മലപ്പുറം: കോണ്‍ഗ്രസ്സിനെ പിരിച്ചുവിടാന്‍ മഹാത്മാഗാന്ധി പറഞ്ഞെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ലമെന്റ് പ്രസംഗം കല്ലുവെച്ച നുണയെന്ന വെളിപ്പെടുത്തലുമായി, തെളിവുസഹിതം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്.

കോണ്‍ഗ്രസ്സിനെ പിരിച്ചുവിടാന്‍ ഗാന്ധിജി പറഞ്ഞുവെന്നത് തീര്‍ത്തും അവാസ്തവമായ കാര്യമാണ് ഗാന്ധി ഘാതകരുടെ പ്രത്യയശാസ്ത്രം പിന്തുടരുന്ന നരേന്ദ്രമോദി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിയതെന്ന് ആര്യാടന്‍ മുഹമ്മദ് Express Kerala യോട് പറഞ്ഞു.

കോണ്‍ഗ്രസിനെ പിരിച്ചുവിടാനല്ല, കോണ്‍ഗ്രസ്സിന്റെ മരണം രാജ്യത്തോടൊപ്പമാണെന്നാണ് നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയുണ്ടയേറ്റ് കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് 1948-ല്‍ ജനുവരി അവസാനവാരത്തില്‍ മഹാത്മാഗാന്ധി ഹരിജനില്‍ എഴുതിയത്.

ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്യാരേലാല്‍ ‘മഹാത്മാഗാന്ധി ദി ലാസ്റ്റ് ഫേസ് ‘ എന്ന പുസ്തകത്തില്‍ 678-ാം പേജില്‍ ഗാന്ധിയുടെ വാക്കുകള്‍ കുറിച്ചിട്ടുണ്ടെന്നും ആര്യാടന്‍ വ്യക്തമാക്കി.

”സ്വാതന്ത്ര്യത്തിലേക്ക് നിരവധി അക്രമരഹിത പോരാട്ടങ്ങള്‍ നടത്തിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ മരിക്കാന്‍ അനുവദിക്കരുത്. കോണ്‍ഗ്രസ്സിന്റെ മരണം രാജ്യത്തോടൊപ്പമായിരിക്കും. വളരുന്ന പ്രതിഭാസം മരണം വരെ തുടരും. രാജ്യത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം നേടിത്തന്നത് കോൺഗ്രസ്സാണ്. സാമ്പത്തിക, സാമൂഹിക, ധാര്‍മിക സ്വാതന്ത്ര്യം കൂടി ഇനി നേടാനുണ്ട്’ ഇതായിരുന്നു ഗാന്ധിജിയുടെ വാക്കുകള്‍.

(”Indian National Congress …… which has after many battles fought her non-violent way to freedom cannot be allowed to die. It can only die with the Nation. A living organisam ever grows or it dies. The congress has won political freedom”) പേജ് നമ്പര്‍ 678 മഹാത്മാഗാന്ധി ദി ലാസ്റ്റ് ഫേസ് – പ്യാരേലാല്‍

റിപ്പോര്‍ട്ട്: എം. വിനോദ്Related posts

Back to top