രാജിവെക്കില്ല, കോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം : വിവാദ കത്തിന്മേൽ രാജിയില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ. കൗൺസിലർമാരുടെ പിന്തുണ തനിക്കുണ്ടെന്നും അന്വേഷണത്തോട് പൂർണമായും സഹകരിച്ച് മുന്നോട്ട് പോകുമെന്നും ആര്യാ രാജേന്ദ്രൻ വിശദീകരിച്ചു.

ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണം ആ രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നാണ് കരുതുന്നത്. ഹൈക്കോടതിയിൽ നിന്നും നോട്ടീസ് ലഭിച്ചിട്ടില്ല. എഫ്ഐആർ ഇടുന്നതടക്കമുള്ള നടപടികൾ പൊലീസ് തീരുമാനിക്കേണ്ട വിഷയമാണ്. കത്ത് വിവാദത്തിലെ അന്വേഷണത്തോട് പൂർണമായും സഹകരിക്കും. മൊബൈൽ പരിശോധനയോട് അടക്കം സഹകരിക്കുമെന്നും മേയർ.

കോർപ്പറേഷനിലെ പ്രതിപക്ഷ പ്രതിഷേധത്തോടും മേയർ പ്രതികരിച്ചു. സമരങ്ങളിലൂടെയാണ് ഞാനടക്കമുള്ളവർ വളർന്ന് വന്നത്. പ്രതിപക്ഷത്തിന്റെ സമരത്തെയും പ്രതിഷേധത്തെയും അങ്ങനെ തന്നെയാണ് കാണുന്നത്. പക്ഷേ ‘കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ’ എന്ന മഹിളാ കോൺഗ്രസ് നേതാവ് ജെബി മേത്തർ എംപിയുടെ പരാമർശവും പ്ലക്കാഡും വിമർശനാത്മകമാണ്. ഇക്കാര്യത്തിൽ മാനനഷ്ട കേസടക്കമുള്ള നിയമനടപടികൾ ആലോചിച്ച് മുന്നോട്ട് പോകുമെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാകരുത് സമരങ്ങൾ. ഇന്നലെ പൊലീസിനെ ആക്രമിക്കുന്ന നിലയുണ്ടായി. അത് പാടില്ലെന്നും മേയർ പറഞ്ഞു. നോട്ടീസ് അയച്ച കോടതി നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച മേയർ, തന്റെ ഭാഗം കേൾക്കാൻ അവസരം നൽകുന്നതിൽ നന്ദിയറിയിക്കുകയും ചെയ്തു.

Top