ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: കെട്ടിടനമ്പർ നൽകുന്നതിലെ ക്രമക്കേടിൽ ആരോപണവിധേയനായ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാപിച്ച ബോർഡുകൾ ബിജെപി കൗൺസിലർമാർ അടിച്ചു തകർത്തതിനെ വിമർശിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആര്യ രാജേന്ദ്രന്റെ വിമർശനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നഗരസഭാ ഓഫീസിന് മുന്നിൽ ഇന്ന് നടന്നത് ജനാധിപത്യത്തിനും സാമാന്യമര്യാദയ്ക്കും നിരക്കാത്തത്.

കെട്ടിടനമ്പർ നൽകുന്നതിലെ ക്രമക്കേടിൽ ആരോപണവിധേയനായ ആളിനെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാപിച്ച ബോർഡുകൾ ബിജെപി കൗൺസിലമാരുടെ നേതൃത്വത്തിൽ അടിച്ച്തകർത്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അസഹിഷ്ണുത അന്ധരാക്കിയ ബിജെപി നേതൃത്വം സാമാന്യ മര്യാദയുടെ എല്ലാ അതിരും ലംഘിക്കുകയാണ്. ജനാധിപത്യത്തിൽ പാലിക്കേണ്ട മര്യാദകൾ ബിജെപിയ്ക്ക് ബാധകമല്ല എന്ന ധാരണയാണ് അവരെ നയിക്കുന്നത്. എന്നാൽ നാട് അത് അംഗീകരിക്കില്ല.

കെട്ടിടനമ്പർ നൽകുന്നതിൽ സംസ്ഥാനത്ത് പല നഗരസഭകളിലും ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ നമ്മുടെ നഗരസഭയിലും കർശനമായ പരിശോധന നടത്തിയിരുന്നു. അതിന്റെ വിശദാംശങ്ങൾ നേരത്തെ പറഞ്ഞതാണ്. അതിൽ പ്രതിയാക്കപ്പെട്ട ആളിന്റെ ഭർത്താവ് നഗരസഭയിലെ സ്ഥിരം ജീവനക്കാരനാണ്. അദ്ദേഹത്തിന്റെ അറിവോടെയാണ് ഈ ക്രമക്കേട് പ്രസ്തുത സോണലിൽ നടന്നത് എന്ന എൽഡിഎഫ് ആരോപണം ന്യായവുമാണ്. അതേകുറിച്ച് അന്വഷണവും നടക്കുന്നുണ്ട്. ഇതിൽ ബിജെപിയ്ക്ക് എന്തിനാണ് പ്രകോപനം ഉണ്ടാകുന്നത് എന്ന് ജനങ്ങൾക്ക് സ്വാഭാവികമായി സംശയമുണ്ടായേക്കാം. ആ ജീവനക്കാരൻ ബിജെപി അനുകൂല യൂണിയന്റെ നേതാവാണ് എന്നതാണ് കാര്യം.
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഈ ക്രമക്കേട് ഉന്നയിച്ച് പതിവ് ബഹളത്തിന് മുതിർന്ന ബിജെപി അംഗങ്ങൾ ഈ ജീവനക്കാരന്റെ പങ്കിനെ സംബന്ധിച്ച് എൽഡിഎഫ് അംഗങ്ങൾ സംശയം ഉന്നയിച്ചപ്പോൾ പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. അതിന്റെ ജാള്യത മറച്ച് വയ്ക്കാൻ ബോധപൂർവം പ്രകോപനം സൃഷ്ടിച്ച് നഗരത്തിലെ സമാധാനജീവിതം തകർക്കാനും, നഗരത്തിന്റെ വികസനപ്രവർത്തങ്ങൾക്ക് തുരങ്കം വയ്ക്കാനുമാണ് ഇന്ന് ഒരു കാര്യവുമില്ലാതെ ഈ ബോർഡുകൾ അടിച്ച് തകർത്തത്.

കേരളത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ളതും ഓരോദിവസവും ആയിരക്കണക്കിന് ജനങ്ങൾ അവരുടെ പലവിധ ആവശ്യങ്ങൾക്കായി വന്ന് പോവുകയും ചെയ്യുന്ന ഒരു ഓഫീസാണ് തിരുവനന്തപുരം നഗരസഭയുടെ മെയിൻ ഓഫീസ്. അവിടെ നിരന്തരം സംഘർഷങ്ങൾ ഉണ്ടാക്കി അവിടെയെത്തുന്ന സാധാരണക്കാരായ മനുഷ്യരെ ഭയപെടുത്തുക എന്നതും ഭരണസമിതിയെ ഒരു ദിവസം പോലും പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന വാശിയാണ് ബിജെപി പ്രകടിപ്പിക്കുന്നത്. അത്തരം ഒരു ഭീഷണിക്കും മുൻപിൽ ഈ ഭരണസമിതി മുട്ട്മടക്കില്ല എന്ന് പലതവണ തെളിയിച്ചിട്ടുള്ളതാണ്. നഗരവികസനം മുഖ്യ അജണ്ടയാക്കി നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകുന്ന എൽഡിഎഫ് ഭരണസമിതിയ്ക്ക് ജനങ്ങളുടെ നല്ല പിന്തുണയുണ്ട്. ബിജെപിയുടെ ഈ രാഷ്ട്രീയ നാടകം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടി വികസനവും സമാധാനവും എന്ന നിലപാട് ഉയർത്തിപ്പിടിച്ച് നഗരസഭാ മുന്നോട്ട് പോകും.

Top