എംജിആറിന്റെ ചരമവാർഷികത്തിൽ ലുക്ക് പുറത്തുവിട്ട് അരവിന്ദ് സ്വാമി

മിഴ്നാട് മുൻ മുഖ്യമന്ത്രി എംജിആറിന്റെ ചരമവാർഷികത്തിൽ ‘തലൈവി’ ചിത്രത്തിലെ തന്റെ ലുക്ക് പുറത്തുവിട്ട് നടൻ അരവിന്ദ് സ്വാമി. മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. പുരട്ച്ചി തലൈവർ എം‌ജി‌ആറിന്റെ വേഷം ചെയ്യുന്നത് ഒരു ബഹുമതി മാത്രമല്ല, വലിയ ഉത്തരവാദിത്തമാണെന്ന് കുറിച്ചു കൊണ്ടാണ് താരം ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. ചിത്രത്തില്‍ ജയലളിതയായി അഭിയനയിക്കുന്നത് കങ്കണ റണൗത്ത് ആണ്. “സംവിധായകൻ എ എൽ.വിജയ്‌ക്കും നിർമ്മാതാക്കൾക്കും ഞാൻ നന്ദി പറയുന്നു. താഴ്‌മയോടെ ഈ ചിത്രങ്ങൾ‌ തലൈവറിന്റെ ഓർമ്മയ്ക്ക് മുന്നിൽ പങ്കുവയ്ക്കുന്നു” അരവിന്ദ് സ്വാമി കുറിച്ചു.

നേരത്തെ ജയലളിതയുടെ ചരമവാർഷിക ദിനത്തിലും സിനിമയിൽ നിന്നുള്ള ചിത്രങ്ങൾ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. ബാഹുബലി, മണികർണിക, ഭജ്‌രംഗി ഭായിജാന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് തലൈവിയുടെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജിവി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്.

Top