കേന്ദ്രത്തിൽ പുതിയ കരു നീക്കങ്ങൾ, കെജ്‌രിവാളിന്‌ വേണ്ടി സി.പി.എമ്മും . . . ?

കാവിയെ കേന്ദ്രത്തില്‍ നിന്നും തുരത്താന്‍ തന്ത്രപരമായ നീക്കവുമായി കോണ്‍ഗ്രസ്സ് രംഗത്ത്. യു.പി.എക്ക് മറ്റു പ്രതിപക്ഷ പാര്‍ട്ടികളക്കാള്‍ സീറ്റ് ലഭിച്ചില്ലങ്കില്‍ വിട്ടുവീഴ്ച ചെയ്യാനാണ് തീരുമാനം. അത്തരം ഒരു സാഹചര്യത്തില്‍ പ്രതിപക്ഷ കൂട്ടായ്മയിലായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക.

യു.പി.എക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാല്‍ രാഹുല്‍ ഗാന്ധി തന്നെയായിരിക്കും പ്രധാനമന്ത്രി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പ് തന്നെ ഇത്തരം ഒരു ധാരണ ഉണ്ടാക്കിയാല്‍ ബി.ജെ.പിയുടെ റാഞ്ചലില്‍ നിന്നും രക്ഷപ്പെടാമെന്നാണ് കോണ്‍ഗ്രസ്സ് കണക്കുകൂട്ടുന്നത്.

യു.പി.എക്ക് പുറത്തുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ എസ്.പി, ബി.എസ്.പി, ബിജു ജനതാദള്‍, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, ടി.ആര്‍.എസ്, തെലങ്കുദേശം, ഇടതുപക്ഷ പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്സ്,ആംആദ്മി പാര്‍ട്ടി എന്നിവയാണ്. യു.പി.എയിലെ പ്രധാന ഘടകക്ഷികള്‍ ഡി.എം.കെ, ആര്‍.ജെ.ഡി, എന്‍.സി.പി, നാഷണല്‍ കോണ്‍ഫറന്‍സ്, ജെ.ഡി.എസ് എന്നിവയാണ്. ഭരണപക്ഷമായ എന്‍.ഡി.എയിലാകട്ടെ ശിവസേന, ജെ.ഡി.യു, അണ്ണാ ഡി.എം.കെ എന്നിവരാണ് പ്രധാന ഘടകകക്ഷികള്‍.

അവസാന ഘട്ട വോട്ടെടുപ്പിന് മുന്‍പ് തന്നെ കണക്കുകള്‍ നിരത്തിയുള്ള കൂട്ടലും കിഴിക്കലും രാജ്യ തലസ്ഥാനത്ത് സജീവമാണ്.

ഏറ്റവും വലിയ ഒറ്റകക്ഷി ബി.ജെ.പി ആയാല്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നരേന്ദ്ര മോദിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുമെന്ന് കോണ്‍ഗ്രസ്സ് ഭയക്കുന്നു. ഈ ഭയം ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും ഉണ്ട്.

മുന്നണി എന്ന രൂപത്തില്‍ എന്‍.ഡി.എക്ക് സീറ്റുകള്‍ കൂടുതല്‍ കിട്ടിയാലും ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്നാണ് അവര്‍ കരുതുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളെ റാഞ്ചാന്‍ ബി.ജെ.പിക്ക് എളുപ്പമാണ്.

ഇടതുപക്ഷമൊഴികെ മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്ക് കാവിയോട് വലിയ അയിത്തമൊന്നും ഇല്ല. ഇതു തന്നെയാണ് വിട്ടു വീഴ്ചക്ക് കോണ്‍ഗ്രസ്സിനെ ഇപ്പോള്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

പ്രതിപക്ഷ ചേരിയില്‍ നിന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാനാണ് ഇടതുപക്ഷത്തിന് താല്‍പ്പര്യം. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് സി.പി.എമ്മും കേരളത്തില്‍ സി.പി.എമ്മിന് ആം ആദ്മി പാര്‍ട്ടിയും പിന്തുണ നല്‍കിയിരുന്നു.

ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഇത്തവണ ആം ആദ്മി പാര്‍ട്ടി നേട്ടമുണ്ടാക്കുമെന്നാണ് സി.പി.എം കരുതുന്നത്.ഇടതു പക്ഷവും ആം ആദ്മി പാര്‍ട്ടിയും കെജരിവാളിനെ മുന്നോട്ട് വച്ചാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പോലും എതിരായ നിലപാട് സ്വീകരിക്കാന്‍ പ്രയാസകരമാകും. ഇത്തരമൊരു സാഹചര്യത്തില്‍ യു.പി.എ വിരുദ്ധ പ്രതിപക്ഷ ചേരിയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള വിഭാഗം മുന്നോട്ട് വയ്ക്കുന്ന വ്യക്തിക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ്സും നിര്‍ബന്ധിക്കപ്പെടും. കെജ്‌രിവാളിന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.

രണ്ട് ഘട്ടം വോട്ടെടുപ്പുമാത്രം ബാക്കി നില്‍ക്കെയാണ് ബി.ജെ.പിക്ക് ബദല്‍ സര്‍ക്കാര്‍ നീക്കവുമായി പ്രതിപക്ഷം ഒരു പടി മുന്നില്‍ കുതിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഏറ്റവും വലിയ ഒറ്റകക്ഷിയായി എന്നതുകൊണ്ടുമാത്രം സര്‍ക്കാരുണ്ടാക്കാന്‍ ഒരു കക്ഷിയെയും ക്ഷണിക്കരുതെന്ന നിവേദനവുമായി 21 കക്ഷികള്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് ഉടന്‍ കൈമാറും.

ബി.ജെ.പി വലിയ ഒറ്റകക്ഷിയായാല്‍ കുതിരക്കച്ചവടത്തിലൂടെ അധികാരം ഉറപ്പിക്കുന്നത് തടയിടാനാണ് ഈ നീക്കം. തെരഞ്ഞെടുപ്പിന്റെ അഞ്ചു ഘട്ടം പൂര്‍ത്തിയായതോടെ ബി.ജെ.പിക്ക് ഭരണത്തിനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന കണക്ക് കൂട്ടലാണ് കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമുള്ളത്. 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 272 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.

1998ല്‍ ബി.ജെ.പി 178 സീറ്റുമായി വലിയ ഒറ്റകക്ഷിയാവുകയും എന്‍.ഡി.എ സഖ്യം 252 സീറ്റ് നേടുകയും ചെയ്തിരുന്നു. എന്നാല്‍ വിശ്വാസവോട്ടെടുപ്പിന് മുമ്പ് പിന്തുണക്കുന്ന കക്ഷികളുടെ കത്തുവേണമെന്ന നിലപാടാണ് രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ സ്വീകരിച്ചിരുന്നത്.

എന്നാല്‍ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ പിന്തുണ പിന്‍വലിച്ചതോടെ 13 മാസത്തിനു ശേഷം കേവലം ഒരു വോട്ടിന് വാജ്‌പേയി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.

1999തിലെ പൊതു തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം 303 സീറ്റുനേടിയാണ് വാജ്‌പേയിയെ വീണ്ടും പ്രധാനമന്ത്രിയാക്കിയത്. 2014ല്‍ ബി.ജെ.പിക്ക് തനിച്ച് 282 സീറ്റാണ് ലഭിച്ചിരുന്നത്. എന്‍.ഡി.എക്ക് മൊത്തത്തില്‍ 336 സീറ്റുകള്‍ ലഭിച്ചതാണ് മോഡിയെ പ്രധാനമന്ത്രി പദത്തില്‍ സുരക്ഷിതനാക്കിയിരുന്നത്.

സമീപകാലത്ത് മണിപ്പൂര്‍, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയല്ല സര്‍ക്കാരുണ്ടാക്കിയത്. ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ചെറുകക്ഷികളുടെ പിന്തുണയോടെ ബി.ജെ.പിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഇതിനു ബദലായി കര്‍ണാടകയില്‍ വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ മറികടന്ന് കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് ഇപ്പോഴത്തെ പ്രതിപക്ഷ കരുനീക്കം.

യു.പി.എക്ക് പുറത്തുള്ള എസ്.പി, ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുമായി കോണ്‍ഗ്രസ് നേതൃത്വം അനൗപചാരിക ചര്‍ച്ച നടത്തിക്കഴിഞ്ഞു. പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന നേതാക്കളായ ശരത്പവാര്‍, എച്ച്.ഡി ദേവഗൗഡ, ഫാറൂഖ് അബ്ദുള്ള എന്നിവരും മതേതരകക്ഷികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇടതുപക്ഷം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും താഴെഇറക്കാന്‍ എന്ത് സഹായവും ചെയ്യാമെന്ന നിലപാടിലാണ്. മോദിക്ക് ഒത്ത എതിരാളി ഇപ്പോഴത്തെ സാഹചര്യത്തില്‍ കെജ്‌രിവാള്‍ തന്നെയാണെന്നതാണ് സിപിഎം നിലപാട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമെ സീതാറാം യെച്ചൂരി കളത്തിലിറങ്ങുകയുള്ളു.

എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി, ടി.ആര്‍.എസ് എന്നീ കക്ഷികളെ അവര്‍ കൂട്ടുപിടിച്ചേക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ടി.ആര്‍.എസ് നേതാവ് ചന്ദ്രശേഖരറാവു ഫെഡറല്‍ മുന്നണിയുമായി രംഗത്തെത്തിയത് ബി.ജെ.പിയെ സഹായിക്കാനാണെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി എന്നിവരെ ഒപ്പം നിര്‍ത്താന്‍ പ്രതിപക്ഷ നേതാക്കളും ഇതിനകം നീക്കം ആരംഭിച്ചിട്ടുണ്ട്.

ഫലപ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പെ 21ന് ഡല്‍ഹിയില്‍ 21 പ്രതിപക്ഷ കക്ഷിനേതാക്കളും കോണ്‍ഗ്രസ് നേതാക്കളും യോഗം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകള്‍ക്ക് അന്തിമരൂപം നല്‍കും. കുതിരക്കച്ചവടം നടത്തി പ്രതിപക്ഷത്തെ പാര്‍ട്ടികളെ അടര്‍ത്തിയെടുക്കാനുള്ള മോദി, അമിത്ഷാ കൂട്ടുകെട്ടിന്റെ തന്ത്രം പൊളിക്കലാണ് പ്രധാന ലക്ഷ്യം.


ബി.ജെ.പിയിലെ മോദി -അമിത്ഷാ കൂട്ടുകെട്ടിനെ നേരിടാനുള്ള കരുത്തേടെയാണ് ഇത്തവണ പ്രതിക്ഷകക്ഷികള്‍ രംഗത്തുള്ളത്. തെരഞ്ഞെടുപ്പില്‍ തമ്മിലടിച്ച് മത്സരിച്ചെങ്കിലും ഫലം വന്നാല്‍ ഒന്നിക്കാനുള്ള പ്രതിപക്ഷ തീരുമാനം ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

Express Kerala View

Top