ജനങ്ങള്‍ക്ക് വേണ്ടി നല്ലത് ചെയ്യുന്നവര്‍ തീവ്രവാദി ആകുമോ?കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത. അച്ഛന്‍ തങ്ങളെ ഭഗവദ് ഗീത പഠിപ്പിച്ചിട്ടുണ്ടെന്നും അത് അദ്ദേഹം തീവ്രവാദിയായതുകൊണ്ടാണോ എന്നും ഹര്‍ഷിത ചോദിച്ചു.

ജനങ്ങള്‍ക്ക് വേണ്ടി ചികിത്സാ സൗകര്യങ്ങള്‍ സൗജന്യമാക്കിയതാണോ തീവ്രവാദം, വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതാണോ തീവ്രവാദം,വൈദ്യുതി -ജല വിതരണം അഭിവൃദ്ധിപ്പെടുത്തിയതാണോ തീവ്രവാദം? – ഹര്‍ഷിത ചോദിച്ചു.

‘എന്റെ പിതാവ് എല്ലായ്പ്പോഴും സാമൂഹ്യ സേവന രംഗത്തുണ്ടായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട് അദ്ദേഹം എന്നെയും സഹോദരനെയും അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ആറുമണിയാകുമ്പോഴേക്കും ഉണര്‍ത്തിയിരുന്നത്. എന്നിട്ട് ഭഗവത്ഗീത വായിപ്പിക്കുകയും ‘ഇന്‍സാന്‍ സെ ഇന്‍സാന്‍ കാ ഹോ ബായ്ചാര’ എന്ന ഗാനം പാടിക്കുകയും ചെയ്യുമായിരുന്നു. അതേ കുറിച്ച് ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. അപ്രകാരം ചെയ്യുന്നതാണോ തീവ്രവാദം? എന്നും ഹര്‍ഷിത ചോദിച്ചു.

അവര്‍ ആരോപണങ്ങള്‍ ഉന്നയിക്കട്ടെ. 200 എംപിമാരെയും 11 മുഖ്യമന്ത്രിമാരെയും കൊണ്ടുവരട്ടെ. ഞങ്ങള്‍ മാത്രമല്ല, രണ്ടു കോടി സാധാരണക്കാരും ആം ആദ്മി പാര്‍ട്ടിക്കായി പ്രചാരണത്തിലാണ്. ആരോപണങ്ങളുടെയാണോ അതോ പ്രവര്‍ത്തിയുടെ അടിസ്ഥാനത്തിലാണോ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതെന്നു ഫെബ്രുവരി 11ന് അറിയാമെന്നും ഹര്‍ഷിത പറഞ്ഞു.

ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി എംപി പര്‍വേഷ് വര്‍മ, കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവര്‍ കെജ്രിവാളിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചിരുന്നു.

‘ഹിന്ദു സ്ത്രീകളെ മുസ്ലിം പുരുഷന്മാര്‍ തട്ടിയെടുക്കുന്നു. കെജ്രിവാളിനെപ്പോലുള്ള ഭീകരര്‍ എല്ലായിടത്തും ഒളിച്ചിരിക്കുന്നതിനാല്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഞങ്ങള്‍ കശ്മീരിലെ പാകിസ്ഥാന്‍ ഭീകരരുമായിട്ടു വേണോ, കെജ്രിവാളിനെപ്പോലുള്ള ഭീകരരമായിട്ടു വേണോ യുദ്ധം ചെയ്യാന്‍?’ കഴിഞ്ഞ മാസം 25നു തിരഞ്ഞടുപ്പ് പ്രചാരണ റാലിയില്‍ പര്‍വേശ് വര്‍മ ചോദിച്ചു.

കെജ്രിവാള്‍ ഭീകരനാണെന്നതിന് അനേകം തെളിവുകളുണ്ട്. അദ്ദേഹം ഒരു അരാജകവാദിയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. അരാജകവാദിയും ഭീകരനും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന്‌ ജാവഡേക്കര്‍ പറഞ്ഞു.

Top