ജനപ്രിയ പദ്ധതികൾ എല്ലാം നടപ്പിലാക്കി ഭരണകൂടങ്ങളെ അമ്പരപ്പിച്ച് കെജരിവാൾ

രു ജനകീയ സര്‍ക്കാര്‍ എങ്ങനെ ആയിരിക്കണം എന്നതിന് ഒന്നാന്തരം ഒരു ഉദാഹരണമാണ് ഡല്‍ഹി സര്‍ക്കാര്‍. അരവിന്ദ് കെജരിവാള്‍ നേതൃത്വം നല്‍കുന്ന ആം ആദ്മി സര്‍ക്കാറിനെ ഇനി ബൂര്‍ഷ്വ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കണ്ടുപഠിക്കണം. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതല്ലന്ന ഇത്തരക്കാരുടെ പരമ്പരാഗതമായ കാഴ്ചപ്പാടാണ് കെജരിവാള്‍ സര്‍ക്കാര്‍ പൊളിച്ചടുക്കിയിരിക്കുന്നത്.

നരേന്ദ്ര മോദിയുടെ മൂക്കിന് താഴെ വീണ്ടും കെജരിവാള്‍ അധികാരം പിടിച്ചാലും ഇനി അത്ഭുതപ്പെടേണ്ടതില്ല.കാരണം അത്രയ്ക്കും ജനോപകാര പ്രദമായ നടപടികള്‍ കെജരിവാള്‍ സര്‍ക്കാര്‍ ചെയ്തു കഴിഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ വരിഞ്ഞ് മുറുക്കിയിട്ടും മാറ്റം ഡല്‍ഹിക്ക് സാധ്യമാക്കിയത് കെജരിവാളിന്റെ ചങ്കുറപ്പ് ഒന്നു കൊണ്ട് മാത്രമാണ്. പാര്‍ട്ടി എം.എല്‍.എമാരെ അടക്കം ബി.ജെ.പി അടര്‍ത്തിമാറ്റിയിട്ടും കുലുങ്ങാതെയായിരുന്നു കെജരിവാള്‍ മാജിക്ക്.

ഏറ്റവും ഒടുവിലായി കെജരിവാള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത് ബസില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയാണ്. മെട്രോയിലെ സൗജന്യ യാത്രക്ക് പിന്നാലെ സര്‍ക്കാര്‍ ബസുകളിലും ഈ നയം നടപ്പാക്കിയത് കേന്ദ്ര സര്‍ക്കാറിനെ പോലും അമ്പരപ്പിച്ചിട്ടുണ്ട്.

ഈ പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും.ഈ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് ഡല്‍ഹി സര്‍ക്കാറാണ് ട്രാന്‍സ്പോര്‍ട്ടേഴ്സിന് പിന്നീട് പണം നല്‍കുക.

3700 ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും 1800 മറ്റു ബസുകളും ചേര്‍ന്നതാണ് ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം.

ബസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി ബസ് മാര്‍ഷലുകളെയും കെജരിവാള്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. 13,000 പേരെയാണ് ഇതിനായി മാത്രം നിയോഗിച്ചിരിക്കുന്നത്.

സൗജന്യ വൈദ്യതി, സൗജന്യ ആരോഗ്യ പദ്ധതി, കുടിവെള്ള പദ്ധതി എന്നിവ നടപ്പാക്കിയും ഇതിനകം തന്നെ കെജരിവാള്‍ സര്‍ക്കാര്‍ കയ്യടി നേടിയിട്ടുണ്ട്.

വൈദ്യതി സൗജന്യമാക്കിയ ഡല്‍ഹി സര്‍ക്കാരിന്റെ നടപടിയും പൊതു സമൂഹത്തില്‍ വലിയ ചലനം ഉണ്ടാക്കിയ സംഭവമാണ്. പദ്ധതി പ്രകാരം ഓരോ മാസവും 200 യൂണിറ്റു വരെയാണ് വൈദ്യതി സൗജന്യമായി നല്‍കുന്നത്.201 മുതല്‍ 400 വരെ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കാകട്ടെ പകുതിനിരക്ക് മാത്രം നല്‍കിയാല്‍ മതി. ബാക്കിയുള്ള അമ്പത് ശതമാനവും സബ്സിഡിയാണ്.

ഓഗസ്റ്റ് ഒന്നുമുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. വേനല്‍ക്കാലത്ത് 35 ശതമാനം ഉപഭോക്താക്കള്‍ക്കും ശൈത്യകാലത്ത് 70 ശതമാനം ആളുകള്‍ക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

ഡല്‍ഹിയില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പോലും സൗജന്യ വൈദ്യുതിയാണ് കെജരിവാള്‍ സര്‍ക്കാര്‍ നല്‍കുന്നത്. ‘മുഖ്യമന്ത്രി കിരായേദാര്‍ ബിജ്‌ലി മീറ്റര്‍ യോജന’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍, വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുതിയാണ് സൗജന്യമായി നല്‍കി വരുന്നത്.

വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് ഇലക്ട്രിസിറ്റി മീറ്റര്‍ നല്‍കുന്നതാണ് പുതിയ ഈ പദ്ധതി. വാടക കരാറിന്റെ കോപ്പി മാത്രമാണ് പ്രീപെയ്ഡ് ഇലക്ട്രിസിറ്റി മീറ്റര്‍ ലഭിക്കാന്‍ ആവശ്യമായി വരുന്ന രേഖ. മൂവായിരം രൂപ മുന്‍കൂര്‍ അടച്ച് ഏത് വാടകക്കാര്‍ക്കും പ്രീപെയ്ഡ് മീറ്റര്‍ സ്ഥാപിക്കാവുന്നതാണ്.

200 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കിയതിന് പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ നടപടി. വൈദ്യുതി ചാര്‍ജ് സബ്‌സിഡി പദ്ധതിയുടെ പ്രയോജനം വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് കൂടി ലഭ്യമാകണം എന്ന ഉദ്ദേശത്തെ തുടര്‍ന്നാണിത്.

സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന കെജരിവാള്‍ സര്‍ക്കാരിന്റെ പദ്ധതിയും നിലവില്‍ സൂപ്പര്‍ഹിറ്റാണ്. ആദ്യഘട്ടത്തില്‍ 40 തരം സേവനങ്ങളാണ് പൗരന്‍മാര്‍ക്ക് വീട്ടുപടിക്കല്‍ ലഭ്യമാക്കിയിരിക്കുന്നത്. ഭരണനിര്‍വഹണത്തിലെ വിപ്ലവകരമായ ചുവട് വെപ്പുകൂടിയാണിത്.

ലോകത്ത് തന്നെ ഇത് ആദ്യമായാണ് സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാന്‍ ഒരു സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.
റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വാട്ടര്‍ കണക്ഷന്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ 40 തരം സേവനങ്ങള്‍ ലഭ്യമാകാന്‍ ഡല്‍ഹിയില്‍ ആര്‍ക്കും ഇനി ഓഫീസില്‍ കയറി ഇറങ്ങേണ്ട ആവശ്യമേയില്ല.

ഡ്രൈവിങ് ലൈസന്‍സ് എടുക്കേണ്ടവര്‍ക്ക് മാത്രം ടെസ്റ്റിനായി ഒരിക്കല്‍ മോട്ടോര്‍ ലൈസന്‍സ് ഓഫീസില്‍ എത്തേണ്ടി വരുമെന്നത് ഒഴിച്ചാല്‍ ബാക്കിയെല്ലാം വീട്ടുപടിക്കല്‍ ലഭ്യമാണ്.

സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി ഇല്ലാതാക്കാനും ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങുന്നത് ഒഴിവാക്കാനുമടക്കമുള്ള കാര്യങ്ങളാണ് പദ്ധതിയുടെ ഗുണഫലമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ എതിര്‍ത്തിരുന്ന പദ്ധതി പിന്നീട് സുപ്രീകോടതി ഭരണഘടനാബെഞ്ച് അനുമതി നല്‍കിയതോടെയാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

കെജരിവാള്‍ സര്‍ക്കാര്‍ അഭിമാന പദ്ധതിയായി തുടങ്ങിയ മൊഹല്ല ക്ലിനിക്കുകളും ഇന്ന് പാവങ്ങളുടെ ആശ്രയ കേന്ദ്രങ്ങളാണ്. ആദ്യഘട്ടത്തില്‍ നഗരത്തിലെ 21 സ്ഥലങ്ങളില്‍ തുടങ്ങിയ പദ്ധതി ഇന്ന് ഓരോ മുക്കിലും മൂലയിലേക്കും വ്യാപിച്ചു കഴിഞ്ഞു. പരിസരവാസികളുടെ പെട്ടെന്നുള്ള ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ലക്ഷ്യമിട്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ ക്ലിനിക്കുകള്‍ ഇപ്പോള്‍ ഒരു സംഭവം തന്നെയാണ്. ചികിത്സയും പരിശോധനകളും മരുന്നുമെല്ലാം സൗജന്യമാണെന്നതാണ് മൊഹല്ല ക്ലിനിക്കുകളുടെ വലിയ പ്രത്യേകത. നേരത്തെ ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജിലേക്കായിരുന്നു സ്ഥിരം പരിശോധനകള്‍ക്കുപോലും ജനങ്ങള്‍ പോയിരുന്നത്. ചെറിയ അസുഖങ്ങള്‍ക്കുപോലും കിലോമീറ്ററുകള്‍ സഞ്ചരിച്ച് ആസ്പത്രിയിലെത്തേണ്ട സാഹചര്യമാണ് ‘മൊഹല്ല’യുടെ വരവോടെ ഇല്ലാതായിരിക്കുന്നത്.

രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മൊഹല്ല ക്ലിനിക്കുകളില്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കുന്നത്. വന്‍ തുകയാണ് ആരോഗ്യ മേഖലയ്ക്ക് മാത്രമായി കെജരിവാള്‍ സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്.

ആദ്യമായി അധികാരം ഏറ്റയുടനെ കെജരിവാള്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിശ്ചിത അളവില്‍ നല്‍കുന്ന സൗജന്യ കുടിവെള്ള പദ്ധതിയും ഇപ്പോഴും വിജയകരമായി തന്നെയാണ് മുന്നോട്ട് പോകുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പറഞ്ഞ വാഗ്ദാനങ്ങള്‍ എല്ലാം പാലിച്ച നേട്ടവുമായാണ് ആം ആദ്മി പാര്‍ട്ടി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്.കോണ്‍ഗ്രസ്സിനെയും ബി.ജെ.പിയെയും സംബന്ധിച്ച് ചങ്കിടിപ്പിക്കുന്നതും ഈ യാഥാര്‍ത്ഥ്യമാണ്.

രാജ്യ തലസ്ഥാനത്തെ വിധിയെഴുത്തിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രാധാന്യം ലഭിക്കുമെന്നതാണ് ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നത്. കരുത്തനായ മോദിയുടെ മൂക്കിന് താഴെ കെജരിവാളിന്റെ വിജയം അവര്‍ ഒട്ടും ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

political reporter

Top